ഇരിട്ടി: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് രേഖാമൂലം കൈപ്പറ്റിയ ആനുകൂല്യം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക തൊഴിലാളിയായ വിധവയ്ക്ക് ക്ഷേമനിധി ബോര്‍ഡിന്റെ നോട്ടീസ്. എടക്കാനം കോയിറ്റി വീട്ടില്‍ കെ.വി.ലക്ഷ്മി(65) ക്കാണ് കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കണ്ണൂര്ജില്ലാ ക്ഷേമനിധി ഓഫീസിലെ വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍ ആണ് പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്റ്റര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പായം വില്ലേജിലെ എടക്കാനം സ്വദേശിയായ കര്‍ഷക തൊഴിലാളി കോയിറ്റി വീട്ടില്‍ ലക്ഷ്മി 1993-ലാണ് കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 13.03.18/705 നമ്പറായി രജിസ്റ്റര്‍ ചെയ്ത് അംഗത്വമെടുത്തത്. തുടര്‍ന്ന് 60 വയസ്സ് വരെ അംശാദായം കുടിശികയില്ലാതെ അടച്ച് 60 വയസ്സ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിയമപരമായി അധിവര്‍ഷാനുകൂല്യത്തിന് രേഖാമൂലം അപേക്ഷയും നല്‍കിയിരുന്നു. 2011ല്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ നിന്ന് തപാല്‍ വഴി ലക്ഷ്മിക്ക് ആനുകൂല്യം കൈപ്പറ്റാന്‍ രേഖാമൂലം അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് തപാല്‍ വഴി അയച്ച കത്തിന്റെ ഒറിജിനല്‍ കോപ്പി, ഇലക്ഷന് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, റവന്യു സ്റ്റാമ്പ് എന്നിവ ഹാജരാക്കി ക്ഷേമനിധി അംഗങ്ങള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് അംഗീകരിച്ച് നല്കിയ പാസ്സുബുക്കും തിരിച്ചറിയല്‍ കാര്‍ഡും ഓഫീസ് രേഖകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിനുശേഷം യഥാര്‍ത്ഥ അവകാശി തന്നെയാണ് തുക കൈപ്പറ്റുന്നതെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം 2011 ജനുവരി 4ന് കെ.വി.ലക്ഷ്മി 9375 രൂപ അധിവര്‍ഷാനുകൂല്യം കൈപ്പറ്റുകയും ചെയ്തിരുന്നു. സംഭവം നടന്ന് 4 വര്‍ഷത്തിന് ശേഷമാണ് കെ.വി.ലക്ഷ്മിക്ക് കൈപ്പറ്റിയ ആനുകൂല്യം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേമനിധി ഉദ്യോഗസ്ഥര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ആനുകൂല്യമായി 4 വര്‍ഷം മുമ്പ കൈപ്പറ്റിയ തുക പത്ത് ദിവസത്തിനകം തിരിച്ചടക്കണമെന്നും അല്ലാത്ത പക്ഷം ലക്ഷ്മിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാവശ്യപ്പെട്ടാണ് വിധവ കൂടിയായ ക്ഷേമനിധി അംഗത്തിന് അധികൃതര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ക്ഷേമനിധി ഓഫീസില്‍ നിന്ന് രേഖാമൂലം തപാല്‍ മാര്‍ഗ്ഗം തനിക്ക് ലഭിച്ച അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഓഫീസില്‍ നേരിട്ട് ഹാജരായി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കി ഓഫീസ് ഫയലുകളും രജിസ്റ്ററുകളും സൂക്ഷ്മ പരിശോധന നടത്തി ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടതിന് ശേഷമാണ് താന്‍ പണംകൈപ്പറ്റിയതെന്നും ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും അലംഭാവവും മറച്ചുവെച്ച് ക്ഷേമനിധി അംഗമായിരുന്ന തന്നെ അപമാനിക്കാനാണ് ക്ഷേമനിധി ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ ബന്ധപ്പെട്ട വകുപ്പ് മന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് താന്‍ പരാതി നല്‍കുമെന്നും രേഖാമൂലം അര്‍ഹതപ്പെട്ട ആനുകൂല്യം കൈപറ്റിയ തന്നെ അപമാനിക്കാന്‍ ശ്രമിച്ച ക്ഷേമനിധി ഉദ്യോഗസ്ഥര്‍ക്കെതിരെ മാനനഷ്ടക്കേസുള്പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ലക്ഷ്മിയും ബന്ധുക്കളും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: