തലശ്ശേരി: ഗവ ബ്രണ്ണന്‍ കോളേജിന്റെ അധീനതയിലുള്ള സ്ഥലത്ത് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ലീസ് അടിസ്ഥാനത്തില്‍ നിര്മ്മിക്കാമെന്നേറ്റിരുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് ധര്‍മ്മടം പാലയാട് ചേര്‍ന്ന ആക്ഷന്‍ കമ്മറ്റിയോഗം അധികൃതരോടാവശ്യപ്പെട്ടു. കേരളത്തിന്റെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സായ് ജനറല്‍ ഡയരക്ടര്‍ ആയിരിക്കുമ്പോഴാണ് രണ്ട് വര്‍ഷം മുമ്പ് 10 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന സിന്തറ്റിക് സ്റ്റേഡിയം ബ്രണ്ണന്‍ കോളേജിന്റെ സ്ഥലത്ത് അനുവദിക്കുകയും ആയതിന്റെ നടപടി ക്രമങ്ങളെല്ലാം തീര്‍ത്ത് 2014 ആഗസ്ത് 21 ന് നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ അനിശ്ചതത്വത്തിലായിരിക്കുകയാണ്. ഇന്ന് തലശ്ശേരി സായ് സന്ദര്‍ശിക്കുന്ന സായ് കേരള റീജ്യണല്‍ ഡയരക്ടര്‍ ഡോ.ജി.കിഷോറിനെ കണ്ട് കാര്യങ്ങള്‍ വിലയിരുത്താനും തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള മുഴുവന്‍ എംപിമാര്‍ക്കും മുന്‍ എംപിമാര്‍ക്കും മെമ്മോറാണ്ടം നല്‍കാനും യോഗം തീരുമാനിച്ചു.
ആക്ഷന്‍ കമ്മറ്റി ചെയര്‍മാനും ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.എം.പ്രഭാകരന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.രവീന്ദ്രന്, എം.സമ്പത്ത് കുമാര്‍, കെ.വി.ഗോകുല്‍ദാസ്, കെ.ബാലന് മാസ്റ്റര്‍, കുഞ്ഞിക്കണ്ണന് മാസ്റ്റര്‍, കെ.സുരേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: