തൊഴിലുറപ്പ് ജോലിക്കിടെയാണ് മാലിന്യം കണ്ടെത്തിയത്
തൊടുപുഴ : തൊഴിലുറപ്പുജോലിക്കിടെ തൊഴിലാളികള്‍ കനാലില്‍ കക്കൂസ് മാലിന്യം കണ്ടെത്തി. തൊണ്ടിക്കുഴ കനാല്‍ റോഡില്‍ പട്ടയംകവലയ്ക്ക് സമീപമാണ് മാലിന്യം കണ്ടെത്തിയത്. മലങ്കര എംവിഐപി കനാലിന്റെ ഭാഗമായുള്ള കനാലാണിത്. കനാലിന്റെ ഇരുവശങ്ങളും വൃത്തിയാക്കിക്കൊണ്ടിരിക്കെയാണ് തൊഴിലാളികള്‍ ചിരട്ടയിലും കുട്ടികളുടെ സ്നഗ്ഗിയിലുമായി കക്കൂസ് മാലിന്യം കാണുന്നത്. സമീപവാസികളാണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതെന്ന് നാട്ടുകാരും തൊഴിലാളികളും പറയുന്നു. മാലിന്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ ഇവിടം വൃത്തിയാക്കിയിട്ടില്ല. മൂന്നു വര്‍ഷമായി ഇതേ സ്ഥലത്ത് കക്കൂസ് മാലിന്യം കാണുന്നതായി നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. കൂടുകളിലും അല്ലാതെയും കനാലിന്റെ എല്ലാ ഭാഗത്തും മാലിന്യ നിക്ഷേപം ഉണ്ട്. 2 കിലോമീറ്റര്‍ ഭാഗമാണ് തങ്ങള്‍ വൃത്തിയാക്കിന്നതെന്നും ഇവിടെ മാത്രം മൂന്നിടങ്ങളില്‍ വന്‍തോതില്‍ മാലിന്യ നിക്ഷേപം കണ്ടെത്തിയതായും തൊഴിലാളികള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് തൊഴിലാളികള്‍ ഒപ്പിട്ട പരാതി പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറിയതായും തൊഴിലാളികള്‍ ജന്മഭൂമിയോട് പറഞ്ഞു. നൂറുകണക്കിനാളുകള്‍ കുടിക്കുന്നതിനും കുളിക്കുന്നതിനും ഉപയോഗിക്കുന്ന വെള്ളം ഒഴുകുന്ന കനാലിലേക്കാണ് മാലിന്യം തള്ളുന്നത്. ഇത് സംബന്ധിച്ച് യാതൊരു നടപടികളും അധികൃതര്‍ കൈക്കൊണ്ടിട്ടില്ല. മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: