വളപട്ടണം: ഒരു ഗ്രാമപഞ്ചായത്ത് ലൈബ്രറിക്ക് സമൂഹത്തില്‍ എന്തെല്ലാമാവാം എന്നു കാണിച്ചുകൊടുക്കുകയാണ് വളപട്ടണം പഞ്ചായത്ത് ലൈബ്രറി. ഗ്രാമത്തിനാകെ അറിവിന്റെ വെളിച്ചം പകരുന്നതിനൊപ്പം വൈജ്ഞാനിക സേവനങ്ങളെ ആധുനികതയുമായി കൂട്ടിയിണക്കുകയാണ് ഈ ഗ്രന്ഥശാല. എട്ടുവര്‍ഷമായി ലൈബ്രറിയില്‍ നടന്നുവരുന്ന മത്സരപ്പരീക്ഷാ പരിശീലനത്തിലൂടെ ഇതുവരെ 31 പേര്‍ക്കാണ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത്. ഇപ്പോള്‍ വിവിധ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള അമ്പതിലധികം പേരുമുണ്ട്. പഞ്ചായത്തുകളില്‍ ജനങ്ങള്‍ക്ക് വേണ്ട ഏത് അറിവും പെട്ടന്ന് ലഭ്യമാക്കാനുതകുന്ന വില്ലേജ് നോളജ് കേന്ദ്രങ്ങള്‍ ഒരുക്കണമെന്ന ദേശീയ വിജ്ഞാന കമ്മീഷന് ശുപാര്‍ശയുടെ ചുവടുപിടിച്ച് 2013-14 ല്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ലൈബ്രറിയുടെ ആധുനികവല്‍ക്കരണത്തിന് തുടക്കമിട്ടതോടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി. വളപട്ടണം ടൗണ്‍ സ്പോര്‍ട്സ് ക്ലബിന്റെ സഹകരണത്തോടെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വിദ്യാഭ്യാസം, തൊഴില്‍, സര്‍ക്കാര്‍ സേവനങ്ങള്‍ തുടങ്ങി പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനുള്ള കേന്ദ്രമായി ലൈബ്രറിയെ മാറ്റുകയാണ് ലക്ഷ്യം. ഒമ്പതിനായിരത്തോളം പുസ്തകങ്ങള്‍ ഇവിടെയുണ്ട്. കോഹ എന്ന സ്വതന്ത്ര സോഫ്റ്റ്വെയര് ഉപയോഗിച്ച് മുഴുവന്‍ പുസ്തങ്ങളുടെയും ഡാറ്റാ തയ്യാറാക്കി കഴിഞ്ഞു. ഇതിലെ സേര്‍ച്ച് സൗകര്യം ഉപയോഗിച്ച് ഏതു വിഷയത്തെക്കുറിച്ചും വിവരങ്ങള്‍ ആരായാന്‍ കഴിയും. ഈ സൗകര്യം വെബ്സൈറ്റുമായി ബന്ധിപ്പിച്ച് ലോകത്തെവിടെയും ലൈബ്രറി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ഇന്റഗ്രേറ്റഡ് ലൈബ്രറി മാനേജ്മെന്റ് സിസ്റ്റത്തിന്റെയും ഭാഗമാണ്. ലൈബ്രറി അംഗങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങളും ഇവിടെ നിന്ന് ലഭിക്കുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സഹായത്തിനായി മുന്നൂറോളം പഠന സിഡികളടങ്ങിയ ഡിജിറ്റല്‍ ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ചകളില്‍ ഇവ ഉപയോഗിച്ച് സ്കൂള്‍ കുട്ടികള്‍ക്കായി ക്ലാസുകള്‍ സംഘടിപ്പിക്കും. ലൈബ്രറി സാഹിത്യ സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ എല്ലാ മാസവും അവസാന ഞായറാഴ്ച സാഹിത്യ ചര്‍ച്ചയും എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്ന പരിപാടികളും നടന്നു വരുന്നു. കുടുംബശ്രീയുമായി ചേര്‍ന്നുള്ള വനിതാ പഠനകേന്ദ്രത്തിനും താമസിയാതെ തുടക്കമാകും. അറുപത്തഞ്ചു വര്‍ഷം പിന്നിട്ട ലൈബ്രറി 2010 മുതല്‍ പുതിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുറഹിമാന് പ്രസിഡന്റും ലൈബ്രേറിയന്‍ ബിനോയ് മാത്യു സെക്രട്ടറിയുമായ ഭരണസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: