പാനൂര്‍: കാവി കാണുമ്പോള്‍ വിറളി പിടിക്കുന്ന പാനൂര്‍ പോലീസ് നടപടിക്കെതിരെ താക്കീതായി ബിഎംഎസ് പ്രവര്‍ത്തകരുടെ ഇടപ്പെടല്‍. കഴിഞ്ഞ ദിവസം വിശ്വകര്‍മ്മ ജയന്തിയുടെ ഭാഗമായി പാനൂര്‍ ടൗണില്‍ കെട്ടിയ കൊടികള്‍ എസ്ഐ ഷൈജുവും സംഘവും പ്രകോപനപരമായി അഴിച്ചു മാറ്റിയതോടെ ഇന്നലെ ടൗണില്‍ പ്രതിഷേധ സൂചകമായി ബിഎംഎസ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. ബിഎംഎസ് മേഖലാ കമ്മറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം കഴിഞ്ഞ് സംഘാടകര്‍ കൊടി അഴിക്കും മുന്‍പ് എസ്ഐ കൊടികള്‍ പറിച്ചെടുക്കുകയായിരുന്നു. മറ്റ് രാഷ്ട്രീയമത സംഘടനകള്‍ പരിപാടികള്‍ കഴിഞ്ഞ് ദിവസങ്ങളോളം കൊടികളും, ബോര്‍ഡുകളും ടൗണില്‍ വെയ്ക്കുമ്പോള്‍ കാവി കൊടികള്‍ക്ക് പാനൂര്‍ പോലീസ് അയിത്തം കല്‍പ്പിക്കുക പതിവാണ്. ഇതിനെതിരെ കൂടിയായിരുന്നു ഇന്നലെ പ്രതിഷേധം നടന്നത്. ടൗണില്‍ പൊടുന്നനെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പ്രശ്നത്തില്‍ ഇടപ്പെടുകയായിരുന്നു. പാനൂര്‍ സിഐ അവധിയായതിനാല്‍ കൂത്തുപറമ്പ് സിഐ പ്രേംസദന് ബിഎംഎസ് നേതാക്കളെ പ്രശ്നപരിഹാര ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്നും സംഭവിച്ച വീഴ്ച തുറന്നു കാട്ടപ്പെട്ടതോടെ യോഗത്തില്‍ ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ ധാരണയാവുകയായിരുന്നു. പോലീസ് നടപടിയെ ചര്‍ച്ചയില്‍ പങ്കെടുത്ത വ്യാപാരികളും കുറ്റപ്പെടുത്തി. ടൗണില്‍ നാട്ടിയ മുഴുവന്‍ കൊടികളും, ബോര്‍ഡുകളും അഴിച്ചു മാറ്റാനും, പോലീസ് അഴിച്ചെടുത്ത ബിഎംഎസ് പതാകകള്‍ തിരികെ ഏല്‍പ്പിക്കാനും ധാരണയായി. ബിഎംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി കെപി.സതീശന്, മനോജ് അക്കാനിശേരി, കെപി.ജിഗീഷ്, ഇ.രാജേഷ്, കെ.പ്രസാദ് എന്നിവരും, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളും യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: