ഇരിട്ടി: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ മുഖാന്തിരം ഇരിട്ടിയില്‍ 5കോടി രൂപ ചിലവില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന വഴിയോര വിശ്രമകേന്ദ്രം പ്രോജക്ടിന്റെ രൂപരേഖ സമര്‍പ്പിച്ചു. ഇരിട്ടി കൂര്ഗ്ഗ്വാലി വഴിയോര വിശ്രമ കേന്ദ്രം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഇരിട്ടി പാലത്തിനു സമീപമുള്ള ജില്ലാ ടൂറിസം പാര്‍ക്ക് മുതല്‍ തന്തോട് പാലത്തിന് സമീപം പണ്ടത്തെ ടോള്‍ ബൂത്ത് വരെയുള്ള സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.
പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന്റെയും ഡിടിപിസി സിക്രട്ടറി സജി വര്‍ഗ്ഗീസിന്റെയും നേതൃത്വത്തിലുള്ള ജില്ലാ കലക്ടര്‍ ഉള്‍പ്പെടുന്ന കമ്മറ്റിയുടെ അംഗീകാരത്തോടെ ടൂറിസം ആസ്ഥാനമായുള്ള കമ്മറ്റിയാണ് ഇതിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
ഈ പ്രദേശത്തെ പുഴയുടെയും പ്രകൃതിയുടെയും സൗന്ദര്യം മുഴുവന്‍ ആസ്വദിക്കത്തക്ക വിധമാണ് ഇതിന്റെ രൂപരേഖ ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്കായി ഒരു പാര്‍ക്കോ മറ്റു വിശ്രമ സങ്കേതങ്ങളോ ഇന്ന് ഇരിട്ടിക്കില്ല. മലയോരത്തിന്റെ റാണി എന്ന് ഇരിട്ടിയെ വിശേഷിപ്പിക്കുമ്പോഴും ടൂറിസ വികസനത്തിനായി ഒട്ടേറെ അടിസ്ഥാനസൗകര്യങ്ങള്‍ ഇരിട്ടിയിലുണ്ടെങ്കിലും ഇവ മുതലെടുത്ത് ഇരിട്ടിയെ വികസിപ്പിക്കുവാനോ ഇരിട്ടിയുടെ സൗന്ദര്യം നുകരുവാനുള്ള എന്തെങ്കിലും ചെയ്യുവാനോ കഴിവുള്ള ഒരു ഭരണാധികാരിയും ഇരിട്ടിക്കുണ്ടായിട്ടില്ല. തീര്‍ത്തും പ്രകൃതി സൗഹൃദ പദ്ധതിയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 19.5 ലക്ഷം രൂപ ചിലവില്‍ ഭക്ഷണശാല, 50ലക്ഷം രൂപ ചിലവില്‍ പവലിയന്, 33ലക്ഷം രൂപ ചിലവില്‍ പ്രദര്‍ശന ശാല എന്നിവ കൂട്ടാതെ നടപ്പാത, ലൈറ്റ് ഹൗസ് എന്നിവ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കണ്ണൂര്‍ വിമാനത്താവളവും ബാരാപ്പോള്‍ പദ്ധതിയും മറ്റും പ്രവര്‍ത്തന ക്ഷമമാകാനിരിക്കെ ഈ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാറിന്റെ അനുമതി ലഭിക്കും എന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: