രാജപുരം: തുണയാകുമെന്ന് കരുതി ബന്ധുക്കളെ സ്വന്തം വീട്ടില്‍ താമസിപ്പിച്ച ഊമയും ബധിരയുമായ വയോധികയെ മര്‍ദ്ദിച്ചതിനുശേഷം വീട്ടില്‍നിന്നും ഇറക്കിവിട്ടു. കാഞ്ഞിരടുക്കം എരുമക്കുളത്തെ ചോമറു(75) നെയാണ് ഇറക്കിവിട്ടത്.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മര്‍ദനത്തില്‍ പരിക്കേറ്റ് എങ്ങോട്ട് പോകണമെന്നറിയാതെ കരഞ്ഞു കൊണ്ട് റോഡരികില്‍ നില്‍ക്കുകയായിരുന്ന ചോമറുവിനു അയല്‍ വീട്ടുകാര്‍ പെരിയ പിഎച്ച്സിയില്‍ പ്രവേശിപ്പിച്ചു.
പഞ്ചായത്തിന്റെ സഹായത്തോടെ ചോമറുവിനു വീട് ലഭിച്ചിരുന്നു. തനിച്ച് താമസിക്കുന്ന ചോമറുവിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് സഹോദരിയുടെ മകളും ഭര്‍ത്താവും ഇവര്‍ക്കൊപ്പം താമസം തുടങ്ങി. എന്നാല്‍ താമസം തുടങ്ങിയ പ്പോഴും ചോമറുവിനു ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. ഇവര്‍ സ്വന്തമായി ആഹാരം പാകം ചെയ്താണ് കഴിച്ചിരുന്നത്. ചോമറുവിനു സ്വന്തമായി റേഷന്‍ കാര്‍ഡുണ്ട്. ചോമറു കൂലിപ്പണിക്ക് പോയ സമയത്ത് ഇവരുടെ കാര്‍ഡ് ഉപയോഗിച്ച് റേഷന്‍ സാധനങ്ങളും ബന്ധുക്കള്‍ വാങ്ങാറുണ്ട്. ചോമറു റേഷന്‍ വാങ്ങാന്‍ പോകുമ്പോഴാണ് ഇക്കാര്യം അറിയുന്നത്. ഇതു പല തവണ ആവര്‍ത്തിച്ചു. ഇറക്കിവിട്ട സംഭവത്തെത്തുടര്‍ന്ന് നാട്ടുകാര്‍ ഇവരുടെ സഹായത്തിനെത്തിയിട്ടുണ്ട്. മര്‍ദ്ദിച്ച ബന്ധുക്കള്‍ക്കെതിരെ ചോമറു പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: