തിരുവനന്തപുരം: നഗരം മിനുക്കുവാന് എണ്ണിയാലൊടുങ്ങാത്ത പദ്ധതികളുമായാണ് നാലു മാസം മുന്‍പ് കളക്ടര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.പ്രഖ്യാപനങ്ങള്‍,വാഗ്ദാനങ്ങള്‍,വീമ്പു പറച്ചില് ഒക്കെ തകൃതിയായി നടന്നതു മാത്രം മിച്ചം. ഒരു പദ്ധതി പോലും തലസ്ഥാനത്ത് വെളിച്ചം കണ്ടില്ല.തലസ്ഥാന നഗരിക്ക് പുതിയ മുഖം നല്‍കുമെന്ന് വായ്ത്താരി മുഴക്കിയെത്തിയ കളക്ടര്‍ ബിജു പ്രഭാകരന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.മാധ്യമങ്ങള്‍ കളക്ടറുടെ സ്വപ്ന പദ്ധതികള്‍ക്ക് പ്രചാരവും പിന്തുണയും നല്കി.എന്നാല്‍ മാസങ്ങള്‍ പിന്നിട്ടതോടെ കളക്ടറുടെ വാക്കും മന്ത്രിമാരെ പോലെ പ്രഖ്യാപനം പാഴ് വാക്കാക്കി കബളിപ്പിക്കുകയാണെന്ന് തലസ്ഥാന വാസികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
അനാഥബാല്യങ്ങള്‍ക്ക് അന്നമൂട്ടുന്ന ശ്രീചിത്ര പൂവര്‍ ഹോമിന്റെ ബൈല ഭേദഗതി ചെയ്യുമെന്നും ഇവിടെ ഒരു അത്യാധുനിക സൗകര്യങ്ങളോടു കൂടിയ റസിഡന്‍ഷ്യല്‍ സ്കൂള്‍ തുറക്കുമെന്നും കളക്ടര്‍ കഴിഞ്ഞ മേയില്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി പ്രഖ്യാപിച്ചു. തീര്‍ന്നില്ല,അട്ടകുളങ്ങര ബസ് ടെര്‍മിനല്‍,കിഴക്കേകോട്ടയിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കല്‍, ബസ് നിര്‍ത്തുന്ന സ്ഥാനങ്ങളുടെ നവീകരണം, കിള്ളിപ്പാലം ബൈപാസില്‍ മാലിന്യ സംസ്ക്കരണ കേന്ദ്രം, ചെങ്കല്‍ചൂളയിലെ 636 കുടുംബങ്ങള്‍ക്ക് സമഗ്ര പാര്‍പ്പിട പദ്ധതി, കരമന മേലാറന്നൂരിലെ ഗവണ്മെന്റ് ക്വാര്‍ട്ടേഴ്സിലെ അനധികൃത താമസക്കാരെയും വാടകക്കാരെയും കുടിയൊഴിപ്പിക്കല്‍, തെരുവ് നായശല്യത്തിന് നിയമ പോരാട്ടത്തിലൂടെ ശാശ്വത പരിഹാരം, വിവിധ റോഡുകളുടെ നവീകരണം തുടങ്ങി ഒട്ടനവധി പദ്ധതികളാണു കളക്ടര്‍ പറഞ്ഞുകൂട്ടിയത്.രാത്രിയില്‍ നഗരം ചുറ്റിനടന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ ഉയര്‍ത്തികാണിച്ച് കളക്ടര്‍ നാടു നന്നാക്കുമെന്ന് ആണയിട്ടപ്പോള്‍ പാവം ജനം വിശ്വസിച്ചു.എന്തെങ്കിലുമൊക്കെ നടക്കുമെന്ന് അവര്‍ കണക്കുകൂട്ടി.
കഴിഞ്ഞ ജൂണില്‍ ശ്രീചിത്രാ ഹോം പരിഷ്കരിക്കുവാന്‍ ഇറങ്ങി പുറപ്പെടവെ കളക്ടര്‍ യൂത്ത് കമ്മീഷന് ചെയര്മാന് അഡ്വ.ആര്.വി.രാജേഷുമായി കൊമ്പുകോര്‍ത്തത് ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റൊന്നും തലസ്ഥാനത്ത് നടന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും കേട്ടുകേള്‍വി പോലുമില്ലാത്ത അവസ്ഥയിലാണ് .ചിത്രാഹോമും ചെങ്കല്‍ചൂള കോളനിയുമൊക്കെ തലസ്ഥാനത്താണോ എന്ന സംശയത്തിലാണ് ബിജുപ്രഭാകര്‍.നഗരത്തിന്റെ പ്രശ്നങ്ങള്‍ മുഴുവന്‍ കൈവെള്ളയിലെ രേഖകള്‍ പോലെ കാണാപാഠമെന്ന് പറഞ്ഞ കളക്ടര്‍ കഴിഞ്ഞ രണ്ടു ദിവസമായി കുട്ടികളുമായി ഫോണ്‍ ഇന്‍ പരിപാടി നടത്തി കാര്യങ്ങള്‍ ഗ്രഹിക്കുകയാണ്. കുട്ടികള്‍ പറഞ്ഞിട്ടു വേണം കളക്ടര്‍ക്ക് പട്ടി ശല്യവും യാത്രാ ക്ലേശവുമൊക്കെ മനസിലാക്കാനത്രെ.വീരവാദം മുഴക്കുന്നതിനു മുന്‍പ് തനിക്ക് പറ്റുന്ന പണിയാണോ എന്ന് നോക്കിയിട്ട് പോരായിരുന്നോ എന്നാണ് ഇപ്പോള്‍ നഗരവാസികള്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: