അനീഷ് അയിലം
വെഞ്ഞാറമൂട്: ആരതി മത്സരത്തിനിറങ്ങുമ്പോഴെല്ലാം കരയിലിരുന്ന് നെഞ്ചുരുകി പ്രാര്‍ത്ഥിക്കുന്നുണ്ടാകും ഈ വയോവൃദ്ധന്. കൊച്ചുമകള്‍ ഓരോ മത്സരത്തിലും സ്വര്‍ണ്ണമണിയുമ്പോള്‍ അതെല്ലാം തന്റെ മകള്‍ക്ക് നല്കുന്ന സമ്മാനമായി കരുതും. മകള്‍ക്ക് താന്‍ നല്കിയ വാക്ക് പാലിക്കുന്നതിലെ ആത്മസംതൃപ്തിയും.
ഓര്‍മ്മവച്ച കാലംമുതല്‍ ആരതിയും അമ്മ ശ്രീലതയും മുത്തച്ഛന് വിശ്വംഭരന് നായരുടെ തണലിലാണ്. ആരതിക്ക് എട്ടരവയസ്സുള്ളപ്പോള് അമ്മ ശ്രീലത മരണപ്പെട്ടു. അതോടെ പൂര്‍ണ്ണമായും മുത്തച്ഛന്റെയും മുത്തശ്ശിയുടേയും തണലിലായി. അമ്മയുടെ ആഗ്രഹമായിരുന്നു ആരതിയെ ഒരു നീന്തല്‍ താരമാക്കണമെന്നത്. ശ്രീലതയുടെ മരണത്തോടെ മാനസികമായി ഏറെ പ്രയാസത്തിലായ വിശ്വംഭരന്നായര്ക്ക് ഏക ആശ്വാസമായിരുന്നു ആരതിയുടെ നീന്തല്‍ പഠനം. പിന്നീട് നീന്തല്‍ പഠനം മകളുടെ ആഗ്രഹ സഫലീകരണത്തിനുള്ള വേദിയാക്കി മാറ്റി. മുത്തശ്ശി കൂടി മരണപ്പെട്ടതോടെ കൊച്ചുമകള്‍ മാത്രമായി ഈ മുത്തച്ഛന്റെ ആശ്വാസം.
കൊയ്തൂര്‍ക്കോണം മണ്ണറ ശ്രീ ഭവനിലെ ആരതി ഇന്ന് നീന്തലിലെ സ്വര്ണ്ണവേട്ടക്കാരിയാണ്. കൊയ്തൂര്‍ക്കോണം കെഎസിയില് നിന്നും സ്വായത്തമാക്കിയ ബാലപാഠങ്ങള്‍ക്കൊപ്പം പിരപ്പന്‍കോട് ഡോള്‍ഫിനിലെ പരിശീലനം ആരതിയെ മികച്ച നീന്തല്‍ താരമായി മാറ്റി. 50,100,200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്ക് മത്സരങ്ങളില്‍ മിന്നുന്ന പ്രകടനമാണ് ആരതി കാഴ്ച വച്ചത്. കൂടാതെ 200 മീ.വ്യക്തിഗത മെഡ്ലേയിലും റിലേയിലും പുതിയ റെക്കോഡുകള്‍ എഴുതിച്ചേര്‍ത്തു ഈ മിടുക്കി.
ഉയരങ്ങള്‍ കയ്യടക്കുമ്പോഴും വിശ്വംഭരന് നായരുടെ മനസ്സില്‍ തീയാണ്. പോലീസ് കോണ്‍സ്റ്റബിളിന്റെ പെന്ഷന് മാത്രമാണ് ഏക വരുമാനം. ചോര്‍ന്നൊലിച്ച് നിലം പൊത്താറായ വീടുമാത്രമാണ് സ്വന്തം. ചെമ്പഴന്തി കോളേജിലെ ഒന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥിനിയായ ആരതി പിരപ്പന്‍കോട് സ്പോര്‍ട്സ് ഹോസ്റ്റലിലാണെങ്കിലും പഠനച്ചിലവ് പലപ്പോഴും ഈ വൃദ്ധനെ ധര്‍മ്മ സങ്കടത്തിലാക്കും.
ഇതൊക്കെയാണെങ്കിലും ആരതി നീന്തി സ്വര്‍ണ്ണത്തില്‍ മുത്തമിടുന്നത് കാണാന്‍ കരയില്‍ പ്രാര്‍ത്ഥനയുമായി യുടെ മുത്തച്ഛനുണ്ടാകും. തന്റെ മകളുടെ ആഗ്രഹ സഫലീകരണത്തിനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: