കാഞ്ഞങ്ങാട്: കൊളവയല്‍ വിവേകാനന്ദ വിദ്യാലയത്തിനെതിരെ പ്രദേശത്തെ സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ അപഹാസ്യമായി. കഴിഞ്ഞ ദിവസം സ്കൂള്‍ സിപിഎം അക്രമിച്ച് പൂര്‍ണമായും തകര്‍ത്തിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്കൂളിനെതിരെ അനാവശ്യവിവാദങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നത്. കൊളവയില്‍ നടന്ന സംഘര്‍ഷം മുതലെടുത്ത് സ്കുളിനെ ഇല്ലാതാക്കാനുള്ള സിപിഎം ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നലെ സായാഹ്നധര്‍ണ നടത്തി ഭീഷണി മുഴക്കിയത്. സ്കൂള്‍ തകര്‍ത്തതിലൂടെ അപഹാസ്യരായ പ്രാദേശിക നേതൃത്വം ഇതില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇല്ലാക്കഥകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുന്നത്. കുട്ടികളുടെ വീട്ടിലെത്തി നാളെ മുതല്‍ സ്കൂളിലേക്ക് വിടരുതെന്നും സ്കൂളിന് ഞങ്ങള്‍ ബോംബ് വെയ്ക്കുമെന്നുമാണ് പ്രചരണം. കുരയ്ക്കും പട്ടി കടിക്കില്ലെന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്നതാണ് ഇന്നലത്തെ ധര്‍ണയും വീമ്പുപറച്ചിലും.
സ്കൂളില്‍ മാരകായുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു രണ്ടുദിവസം മുമ്പ് വരെ സിപിഎം പ്രവര്‍ത്തകരുടെ പ്രചരണം. സംഘര്‍ഷത്തെ തുടര്‍ന്ന് തകര്‍ത്ത സ്കൂള്‍ ഉന്നത പോലീസ് അധികാരികളടക്കം സന്ദര്‍ശിച്ച് പരിശോധന നടത്തിയതാണ്. അന്ന് മാരകായുധങ്ങള്‍ കണ്ടില്ല. സംഘര്‍ഷത്തില്‍ സ്കൂള്‍ തകര്‍ക്കല്‍, വധശ്രമം ഉള്‍പ്പെടെ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട പ്രദേശത്തെ സിപിഎം നേതാവാണ് ധര്‍ണയില്‍ സംസാരിച്ചത്. പ്രദേശത്ത് ബിജെപി പ്രവര്‍ത്തകരുടെ പേരെടുത്ത് പറഞ്ഞാണ് ഇദ്ദേഹത്തിന്റെ വധഭീഷണി. നടത്താന്‍ കഴിയാത്ത കാര്യം പറഞ്ഞ് ഭീതി പരത്തി ബിജെപി പ്രവര്‍ത്തകരെയും അവരുടെ കുടുംബത്തിലുള്ള സ്ത്രീകളെയും പേടിപ്പിക്കാമെന്ന് മിഥ്യാധാരണയാണ് സിപിഎം നേതൃത്വത്തിനുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച സ്കൂളിനെ ഏതുവിധേനയും തകര്‍ക്കാമെന്നുള്ള മൂഢ വിശ്വാസമാണ് ഇതിന് പ്രേരിപ്പിക്കുന്നത്. കാലങ്ങളായി ചിന്തിച്ചിട്ട് നടക്കാത്ത കാര്യമാണെന്ന് നേതൃത്വത്തിന് തന്നെ നല്ല വിശ്വാസമുണ്ട്. പക്ഷേ അവരുടെ സാധാരണ പ്രവര്‍ത്തകര്‍ ഇതിനെതിരാണെന്ന സത്യം അവര്‍ അറിയുന്നില്ല. മാതൃസമിതി പ്രസിഡണ്ടിനെ കൂട്ടുപിടിച്ച് സ്കൂള്‍ ആയുധപ്പുരയാണെന്ന് പറയാന്‍ കഴിഞ്ഞ ദിവസം വിളിച്ച പത്രസമ്മേളനവും പൊളിഞ്ഞിരുന്നു. ശ്രീനാരായണ ഗുരുവിനെയും ശ്രീകൃഷ്ണനെയും അപകീര്‍ത്തിപ്പെടുത്തിയ കപട മതേതര പാര്‍ട്ടിയെ ഹിന്ദുക്കള്‍ ഒന്നടങ്കം തള്ളിപ്പറയുന്ന കാലം വിദൂരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: