സൈബര്‍ ലോകത്ത് പതിയിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് ഇന്നത്തെത്തലമുറ അജ്ഞരാണെന്ന് പറയാന്‍ സാധിക്കില്ല. വരുംവരായ്കകളെക്കുറിച്ച് ഏറെക്കുറെ അറിവും അവര്‍ക്കുണ്ട്. എന്നിരുന്നാലും സൈബര്‍ കുറ്റകൃതങ്ങളുടെ ഇരകളാകുന്നവരുടെ എണ്ണം ഏറിവരുന്നു. പെണ്‍കുട്ടികളാണ് ഇതിലധികവും. നല്ല വശങ്ങള് ഇന്റര്‍നെറ്റിന് ധാരാളം ഉണ്ടെങ്കിലും ജീവിതം തന്നെ ഇല്ലാതാക്കാനും ഇന്റര്‍നെറ്റിന്റെ ദുരുപയോഗം കൊണ്ടുസാധിക്കും.
ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 60 ശതമാനത്തോളം ആളുകള്‍ അറിഞ്ഞോ അറിയാതെയോ ചതിക്കെണിയില്‍ അകപ്പെടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മറ്റൊരാളുമായി പങ്കുവയ്ക്കുന്ന കാര്യങ്ങള്‍ മൂന്നാമതൊരാള്‍ അറിയില്ലെന്ന വിശ്വാസമാണ് പലര്‍ക്കും വിനയാകുന്നത്. സ്വന്തം അക്കൗണ്ടുകള്‍പോലും സുരക്ഷിതമല്ല എന്നതാണ് മറ്റൊരു വസ്തുത. ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലുടെ അപരിചിതരോട് സൗഹൃദം സ്ഥാപിക്കുന്നതിനാണ് പലരും വ്യഗ്രതകാട്ടുന്നത്. സൗഹൃദം നേടിയെടുത്താല്പ്പിന്നെ ചാറ്റിംഗ് ആയി. അവര്‍ പറയുന്ന മധുരവാക്കുകളില്‍ മയങ്ങി, കേട്ടതെല്ലാം സത്യമെന്ന് വിശ്വസിക്കും. ഇത്തരത്തില്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയബന്ധരായി ഒടുക്കം സ്നേഹിതന്റെ തനിക്കോലം കാണുമ്പോള്‍ നടുക്കം വിട്ടുമാറാതെ ജീവിതം നഷ്ടപ്പെടുത്തിയവരുണ്ട്.
വീണ്ടുവിചാരമില്ലാതെ ഒരാവേശത്തിന്റെ പുറത്ത് ചെയ്യുന്ന കാര്യങ്ങളാവാം പിന്നീട് കുരുക്കായിത്തീരുന്നത്. പെണ്‍കുട്ടികളാണ് ഇക്കാര്യത്തില്‍ അപക്വമായി പെരുമാറുന്നത്. സൗഹൃദം, പ്രണയം ഇവയൊക്കെ നഷ്ടമായാലോ എന്നുകരുതി ആണ്‍സുഹൃത്ത് ആവശ്യപ്പെടുന്നതെന്തും സാധിച്ചുകൊടുക്കാന്‍ തയ്യാറാണ് മിക്കപെണ്‍കുട്ടികളും. ഇതിനെല്ലാം പിന്നില്‍ ആത്മാര്‍ത്ഥമായ സ്നേഹമല്ല എന്ന് തിരിച്ചറിയാന്‍ കഴിയണം. ആ സൗഹൃദങ്ങള്‍ ഉപേക്ഷിക്കാന്‍ സാധിക്കണം. അല്ലാത്തപക്ഷം അവരില്‍ നിന്നും നിരന്തരമായ ഭീഷണിയാവും നാം നേരിടേണ്ടിവരിക. നമ്മെ മറ്റുള്ളവരുടെ മുന്നില്‍ അപമാനിക്കുന്നതിനും അവര്‍ മടിക്കുകയുമില്ല. വിശ്വാസത്തിന്റെ പുറത്ത് രഹസ്യമായി പങ്കുവെച്ചതെല്ലാം ഒരൊറ്റ ക്ലിക്കില്‍ പരസ്യമാകും.
കുറച്ചു കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ സൈബര്‍ ലോകത്തെ ക്രിമിനലുകളുടെ ഇരയാകാതിരിയ്ക്കാന്‍ ഒരു പരിധി വരെ നമുക്കു കഴിയും.
ഫേസ്ബുക്ക്, ട്വിറ്റര്‍, പ്ലസ്സ്, വാട്ട്സ്ആപ്പ് മുതലായ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് മീഡിയകളില്‍ പരിചയമുള്ളവരെ മാത്രം സുഹൃത്തുക്കളാക്കുക. വ്യകതിപരമായ വിവരങ്ങള്‍ അന്യരോട് വെളിപ്പെടുത്താതിരിയ്ക്കുക.
സ്വന്തം പ്രൊഫൈലില്‍ അനാവശ്യമായി മൊബൈല്‍ നമ്പറും മെയില്‍ ഐഡികളും നല്കാതിരിയ്ക്കുക;
അപരിചിതരില്‍ നിന്നു വരുന്ന ഫ്രണ്ട്സ് റിക്വസ്റ്റുകളും മെയിലുകളും പൂര്‍ണ്ണമായും ഒഴിവാക്കുക.
പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നുള്ള മിസ്സ്ഡ് കോളുകളോട് പ്രതികരിക്കാതിരിക്കുക. തുടര്‍ച്ചയായി മെയിലുകള്‍, മെസ്സേജുകള്‍, മിസ്സ്ഡ് കോളുകള്‍ വഴിയായാല്‍ പോലും ശല്യം നേരിടേണ്ടി വന്നാല്‍ സൈബര്‍സെല്ലില്‍ പരാതി നല്കാന് മടിക്കരുത്. ആരും പരാതിപ്പെടില്ല എന്ന ധൈര്യമാണ് സൈബര്‍ മേഖലകളില്‍ കുറ്റകൃത്യം വര്‍ദ്ധിയ്ക്കാന്‍ പ്രധാന കാരണങ്ങളിലൊന്ന്.
ഫേസ്ബുക്ക്/വാട്ട്സ്ആപ്പ് തുടങ്ങിയവയിലേയ്ക്ക് വരുന്ന അനാവശ്യമായ കമന്റുകളും ചിത്രങ്ങളും വീഡിയോകളും ഉടനടി ഡിലീറ്റ് ചെയ്യുക.
സൈബര്‍ കുറ്റകൃത്യങ്ങളുടെ തീവ്രതയനുസരിച്ച് പത്തു വര്‍ഷം വരെ തടവും അഞ്ചു കോടി വരെ പിഴയും ലഭിയ്ക്കാവുന്നതാണ്.
പരാതിപ്പെടേണ്ടതെങ്ങനെ?
കേരള പോലീസിന്റെ www.keralapolice.org എന്ന വെബ് സൈറ്റില്‍ വിശദമായി പരാതിപ്പെടാന്‍ കഴിയുന്ന നമ്പറുകള്‍, മെയില്‍ ഐഡികള്‍ എന്നിവ എല്ലാം നല്‍കിയിട്ടുണ്ട്. രേഖാമൂലം പരാതി എഴുതി അയക്കുന്നതാണ് ഏറെ ഫലപ്രദം. സൈബര്‍ കേസുകളില്‍ പരാതിക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് രഹസ്യമായി സൂക്ഷിക്കും. അതിനാല്‍ ധൈര്യമായിത്തന്നെ പരാതിപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: