മണ്ണിന്റെ ധ്യാനനിശബ്ദതയില് നിന്നുണര്‍ന്ന ശ്രാവണകന്യക മലയാണ്മയുടെ അധിദേവതയായി ഹൃദയങ്ങളില്‍ മണിപത്മത്തിലമര്ന്നു. അവള്‍ക്കായി ചന്ദന സുഗന്ധികളായ പിച്ചി, ജമന്തി, ചെണ്ടുമല്ലി എന്നിങ്ങനെ പലനിറം പൂവുകള്‍ വിടരുകയും അഭിജാതകല്പ്പനകളില് കേരളീയതയെ തോറ്റിയുണര്‍ത്തുകയും ചെയ്തു. പൂമാതപ്പെണ്ണിന്റെ മൗലികാലങ്കാരമായി തൂമ്പപ്പൂവിന്റെ സൗമ്യത ചേര്‍ന്നപ്പോള്‍, പുരാവൃത്തങ്ങളുടെ ഭാവസാമ്രാജ്യത്തില് നിന്നൊരു തമ്പുരാന് നാട്ടിടവഴികളിലൂടെ എഴുന്നെള്ളുകയായി. ചിങ്ങമാസമെത്തും മുമ്പേ വയല്‍പെറ്റ നെല്മണികള് പൊലിയളന്നു കയറവേ സ്മൃതിയുടെ ചിറകിലേറി പൂത്തിരുവോണം പൂമുഖമണഞ്ഞു. സഹ്യാദ്രി മലനിരകളും പശ്ചിമസാഗരവും അതിരിട്ടു വിളങ്ങുന്ന ഹരിതാഭമായ ഒരു ദേശത്തിന്റെ ജീവിതസംസ്കാരത്തിന്റെ പ്രകടിതരൂപമായി, സ്വത്വ പ്രകാശനമായി വന്നെത്തുന്ന ആവണി മഹോത്സവത്തെ വരവേല്ക്കുവാന് മലയാളി ഒരുങ്ങി.
കര്‍ക്കടകത്തിന്റെ പെയ്തുതീരാത്ത പരിഭവങ്ങള്‍ ഇടയ്ക്കിടെ ചാഞ്ഞു ചരിഞ്ഞും ലംബമായും ഭൂമിയില്‍ പരിഭവങ്ങള്‍ പതിഞ്ഞുവെന്നാലും അടുക്കളയിലും ഉമ്മറത്തും തൊടിയിലും ഓണം നിറയും. നിയന്ത്രണത്തിന്റെ നേട്ടങ്ങളെ അവഗണിച്ചാനന്ദിക്കുന്ന കുരുന്നുകളുടെ മന്ദഹാസത്തില്‍ അമ്മമാര്‍ ഓണം രുചിക്കും. മനസ്സിലും മിഴിയിലും നിധിപോലെ ചേര്‍ത്തുവയ്ക്കാനുള്ള ഓരോ ഓണവും അമ്മമാര്‍ക്ക് പാരിതോഷികമായി. ഭാഷയും പരിസ്ഥിതിയും കൃഷിയും ആചാരവും സമ്മേളിക്കുന്ന മലയാണ്മയില് ഒരു ദേശം അതിന്റെ കാലുഷ്യങ്ങളെ കഴുകിയകറ്റുകയാണ് ഓണനാളുകളില്‍. ഋതുഭേദ പകര്‍ച്ചകളിലൂടെ ജന്മമെടുക്കുന്ന ഉത്സവങ്ങളും വേലകളും, ധനുമാസക്കാറ്റ്, കുംഭച്ചൂട്, കര്ക്കടപ്പെരുമഴ, ഓണനിലാവ്, മനോഹരമായ ആശയങ്ങളെ ഗര്‍ഭം ധരിക്കുന്ന ഉദാത്ത സങ്കല്‍പ്പങ്ങളും യാഥാര്‍ത്ഥ്യങ്ങളും നമ്മുടെ ഓരോ ആഘോഷങ്ങള്‍ക്കും ചന്തവും തനിമയും പകരുന്നു.
പ്രതീക്ഷയുടെ വര്‍ണരാജി
പ്രതീക്ഷയുടെ ഒരു വര്‍ണരാജി മുഴുവനുമാണ് ഓണനാളുകള്‍. വേദനാജനകമായ അനുഭവതലത്തില്‍ നിന്നും ഒരു ഹൃദയം വാറ്റിയെടുക്കുന്ന മൃതസഞ്ജീവനിയാണ് ഓണം. വറ്റാത്ത പ്രതീക്ഷയുടെ ഛായാപടം നമുക്ക് മുന്നില്‍ വിടര്‍ത്തുകയും ശിഥില ചിന്തയില്‍ നിന്ന് ഭാസുരഭാവിയിലേക്കൊരു സമത്വസുന്ദരസ്വപ്നം നല്‍കുകയും ചെയ്യുന്നത് ഓണമെന്ന കാല്പ്പനികത്വമാണ്.
ഹൃദയം കൊണ്ടളന്ന്, ഹൃദയംകൊണ്ട് കൊടുത്ത്, ഹൃദയത്തിനാല്‍ ചുംബിക്കപ്പെട്ട് പുഞ്ചിരിക്കുന്നവരുടേതാണ് ഓണം. മഞ്ജുകല്പ്പനയുടെ നറുനിലാവ് അതില്‍ ശുഭ്രകംബളമണിയിക്കുകയും മണിമുറ്റങ്ങളില്‍ പ്രകൃതിസന്ദേശമായി ഒളിവീശുകയും ചെയ്യുന്ന ഭാവനാതീത ലോകമാണത്. മാനവിക ദര്‍ശനത്തിന്റെ അടരുകള്‍ ലോകത്തിനു മുന്നില്‍ ഈ കൊച്ചു കേരളം തുറന്നുവയ്ക്കുന്ന കാലമാണിത്. ഒട്ടനവധി സംഗമസമൃദ്ധിയുടെ വ്യാപ്തിയാല്‍ അര്ത്ഥപൂര്ണ്ണമായതാണ് ഓണമെന്നതിനാല്‍ ലോകരിതിനെ വിശുദ്ധമായ ഭാവതലത്തില്‍ വീക്ഷിക്കുന്നു. വിദൂരതകളെ തള്ളിയകറ്റി ഓരോ മലയാളിയും ഗൃഹാതുരത്വത്തിലാഴുകയും ജന്മഗേഹത്തെ ജന്മഭൂമിയെ തേടി തിരികെയെത്താനും ഓണം നിമിത്തമാണ്. പെണ്ണിനേയും മണ്ണിനെയും പൊന്നുപോലെ കരുതണമെന്നുള്ള മഹനീയ സന്ദേശം ഭാരതീയ ആഘോഷങ്ങളുടെ പ്രത്യേകതയാണ്. സാര്വ്വശ്ലേഷിയായ ഈയൊരു ദര്‍ശനം പ്രതിഫലിക്കാത്ത ഒന്നുംതന്നെ നമ്മുടെ നാട്ടില്‍ ഉരുവം കൊണ്ടിട്ടുമില്ല.
മനോഹരമായ ഒരു പുരാവൃത്തത്തിന്റെ ഓര്മ കൈപിടിച്ച് ചിങ്ങത്തിരുവോണമണയുമ്പോള്‍ അതിന്റെ പ്രാചീനതയില്‍, സൗന്ദര്യത്തികവില്‍, സമത്വസങ്കല്‍പ്പത്തില്‍ വിസ്മയാനന്ദിതരായി നാം നില്ക്കുന്നു. വിസ്മയത്തിനപ്പുറം, ആത്യന്തിക നന്മയിലുള്ള മനുഷ്യവംശത്തിന്റെ കെടാത്ത വിശ്വാസത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നത്. ഉദയചക്രവാളത്തോളം ഉയരെ പറക്കുന്ന മാനുഷിക സ്വാതന്ത്ര്യത്തിന്റെ ലിഖിതരൂപമല്ലാത്ത പ്രമാണമാകുന്നു ഇക്കാരണത്താല്‍ ഓണം.
ഹൃദയങ്ങളുടെ സംഗമോത്സവത്തില്‍ നിന്നുളവാകുന്ന ഞാറ്റുപാട്ടും ചക്രപ്പാട്ടും മെതിപ്പാട്ടും ഊഞ്ഞാല്‍പ്പാട്ടും അണിയിച്ച് നമ്മെ ഒരു കവിള് പാടാന്‍ ക്ഷണിക്കുന്നത് ഇക്കാരണത്താലാണ്. പൂതനും തിറയും പുലികളിലും തെയ്യവുമടക്കമുള്ള കേരളീയ കലാരൂപങ്ങളുടെ അനുഷ്ഠാന പ്രദര്‍ശനകാലം കൂടിയാണിത്.
അത്രയ്ക്കും വശ്യമായൊരനുഭൂതി പകരുന്നതാണിതിന്റെ ആന്തരികസത്ത. ഓണക്കളികള്‍, ഓണപ്പാട്ടുകള്‍, ഓണസദ്യ, ആറന്മുള തിരുവോണത്തോണി, അത്തച്ചമയം, വള്ളസദ്യ, വള്ളംകളി, പുലിക്കളി, ഓണപ്പൊട്ടന് തുടങ്ങി എത്രയോ വിനോദങ്ങളും ആചാരാനുഷ്ഠാനങ്ങളും നമുക്കുണ്ട്. പുതുതലമുറയെ ഇതിന്റെ സൃഷ്ടിപരവും ദേവാതാചാരപരവുമായ ചൈതന്യത്തെ വേണ്ടവിധം നമ്മള് പഠിപ്പിക്കുന്നുണ്ടോ എന്ന ചോദ്യം ഉയരുന്നത് കേള്‍ക്കാതിരുന്നുകൂടാ. കേവലം ചില ആഹ്ലാദദിനങ്ങളല്ല ഓണമെന്നും, മറിച്ച് അതൊരു സംസ്കാരത്തിന്റെ ജീവപ്രവാഹിനി ആണെന്നുമുള്ള ഉത്തമബോധ്യം ബാലമനസ്സുകളില്‍ സൃഷ്ടിച്ചെടുത്തെങ്കില്‍ മാത്രമേ മലയാളികളെന്ന നിലയില്‍ പൂര്‍വിക പുണ്യം നമ്മില്‍ വര്ഷിക്കപ്പെടൂ. അപ്പോള്‍ മാത്രമേ മലയാളി സ്വത്വത്തിന്റെ പൂര്‍ണതയില്‍ നാമെത്തിച്ചേരുകയുള്ളൂ.
വിവാഹം, ഗൃഹപ്രവേശം, ഉദ്യോഗലബ്ധി തുടങ്ങി ജീവിതത്തിന്റെ സുപ്രധാന ആഹ്ലാദത്തിലും ഓണത്തിന് ഒരു പങ്കുണ്ട്. ഇത്തരത്തില്‍ പ്രതീക്ഷയും നിരാശയും രാവും പകലുമെന്നോണം രൂപഭാവങ്ങള്‍ മാറുന്ന മനുഷ്യാവസ്ഥയില്‍ ഓണമെന്നത് പേരുപറയാനാവാത്ത ആത്മസ്വരൂപമായി തീരുന്നത് വിസ്മയകരമായ സവിശേഷതയാണ്. ഒരു നോക്കിലോ വാക്കിലോ തുടങ്ങുന്ന പ്രണയത്തിന്റെ ഹരിതശോഭയ്ക്ക് ഓണം വരികയും പാല്പ്പായസമധുരമായ കാല്പ്പനികഭാവമായി അടയാളപ്പെടുകയും ചെയ്യുന്നു.
മാതൃവാത്സല്യത്തിന്റെ തണല്‍
നമ്മുടെ നാവിന്റെ രസമുകുളങ്ങളെ ഉദ്ദീപ്തമാക്കുന്ന പലതരം കേരളീയ വിഭവങ്ങളുടെ പാകപ്പെടലുകള്‍ ഓണനാളുകളുടെ മുഖ്യ സവിശേഷതയാണ്. ഗൃഹാന്തരീക്ഷത്തിന്റെ സൗമ്യവിശുദ്ധിയില് അമ്മ വിളമ്പിത്തന്ന ഭക്ഷണത്തിന്റെ രുചി മലയാളിയുടെ ഭക്ഷണശീലത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ്. മാതൃവാത്സല്യം പുരണ്ട ആ അന്നമാണ് അവര്‍ക്ക് ജീവിതത്തിന്റെ ഭിന്നാവസ്ഥകളെ അഭിമുഖീകരിക്കാനുള്ള കെല്‍പ്പ് പലപ്പോഴുമേകുക. ഹൃദയത്തിന്റെയും ഉദരത്തിന്റെയും നിറവുകള്ക്കിടയില് ഓണം അതിന്റെ രസഗന്ധിയായ പ്രാമാണികത ഉറപ്പാക്കുകയും അന്നത്തെ ആദരിക്കുന്ന സംസ്കാരത്തിലേക്ക് ആനയിക്കുകയും ചെയ്യുന്നു.
തീയാളുന്ന വയറുമായി ഒരു തിരുവോണദിനം സ്വപ്നം കണ്ട തലമുറ നമുക്കുണ്ടായിരുന്നു. തീവ്രമായ അനുഭവങ്ങളില്‍ നിന്നും എന്നിട്ടുമവര്‍ നാടന്‍പാട്ടുകള്‍ ഉറക്കെ, വളരെയുറക്കെ പാടുകയും ജീവിതത്തെ കാര്‍ഷിക സംസ്കൃതിയില്‍ ചേര്‍ത്തുവയ്ക്കുകയും ചെയ്തു. ഇല്ലായ്മ സമൃദ്ധിയെ കനവ് കാണാന്‍ പ്രേരിപ്പിക്കുന്ന എന്ന വചനം ഇവരോരുത്തരുടേയും കാര്യത്തില്‍ അര്‍ത്ഥവത്താണ്.
ഓണം ആഹ്ലാദത്തിന്റെ സ്വരം മാത്രമല്ല കേള്‍പ്പിക്കുന്നത്. കര്ക്കടകവറുതിയുടെ ആയിരംനാവുള്ള വിശപ്പ് ഓരോ ഓണത്തിനും പിന്നിലുണ്ട്. ഓണം കറുത്തുപോകുന്ന തരത്തിലുള്ള പ്രിയപ്പെട്ടവരുടെ ദേഹവിയോഗങ്ങളില്‍ മിക്ക ഗൃഹങ്ങളിലും സാധാരണയാണല്ലോ. അശ്രുബിന്ദുക്കളില്‍ ഓണത്തിന്റെ മുഖം കാണുവാനാകും. ചിലപ്പോള്‍ ഓര്മകളാണപ്പോള് ഓണമുണ്ണുന്നത്.
ഉത്രാട രജനിയുടെ ഭാവനാങ്കണത്തില്‍
എഴുതിരിയിട്ടു കൊളുത്തിയ നിലവിളക്കിനുചുറ്റും തരുണികളുടെ തിരുവാതിര. പൂക്കണ്ണിന്റെ നീള്മുനയേറ്റ്, കുനുചില്ലിക്കൊടിയാല് മുറിവേറ്റും ഭൈമീ കാമുകഹൃദയങ്ങള്‍ ഉത്രാടരാത്രിയുടെ കൂട്ടിരിപ്പുകാരായ പഴയൊരു ഓണസ്മൃതി. കണ്‍തുറന്ന പൂവുകള്‍ കാറ്റില്‍ ചാഞ്ചാടി നില്‍ക്കേ, വടക്കേത്തൊടിയിലും തെക്കിനിയിലും രാഗപരാഗത്താല് യാമചന്ദ്രിക വിളറി. ഉത്രാടരാത്രി പ്രണയികളുടെ ഇഷ്ടരാത്രിയാണോ എന്ന് സംശയിക്കുംവിധമാണ് സാഹിത്യാദി കലകളിലും വളരുന്നത് എന്നുകാണാം. പുതിയ സൗഹൃദങ്ങള്‍, സമാഗമങ്ങള്‍ ഒക്കെയും ദൃഢീകരിക്കുന്നത് പലപ്പോഴും ഉത്രാടരാത്രിയുടെ സമ്മേളനത്തില്‍ നിന്നാണെന്നതിന് നമ്മുടെ സാഹിത്യം സത്യമോ സങ്കല്‍പ്പമോ പറയുന്നു. രണ്ടായാലും അതൊരു അനുഭവാനുഭൂതി തരുന്നു.
കാത്തിരിപ്പിന്റെ ദിനരാത്രങ്ങളുടെ നാമമായി ഉത്രാടത്തെ അനുഭവിക്കുന്നത് കാവ്യഭാവനയില്‍ മാത്രമല്ല, നിത്യജീവിതത്തിലും പതിവാണ്. രുചിവൈവിധ്യത്താല്‍ കലവറ നിറയ്ക്കാനുള്ള തത്രപ്പാട് പാച്ചിലായി രൂപാന്തരം പ്രാപിച്ചതായി കാണാം. വേണ്ടതുമാത്രം തിരഞ്ഞെടുക്കുകയെന്ന രീതി മാറി ഇന്നത് ഉപഭോഗ സംസ്കാരമായി പരിണമിച്ചെങ്കിലും ഉത്രാടപ്പാച്ചില്‍ പഴമക്കാര്‍ക്കിടയില്‍ രസമുള്ള അനുഭവമായി ഉമ്മറക്കോലായിലുയരാറുണ്ട്.
മലയാള സാഹിത്യം ഓണസ്മൃതികളില്‍ ഊറ്റംകൊണ്ട് വ്യോമാന്തരഗമനം ചെയ്യുന്നത് വിസ്മയകരമായൊരു അനുഭവമാണ്. നമ്മുടെ കാവ്യകാരന്മാരെല്ലാവരും തന്നെ ഓണനിലാവും ഓണസദ്യയും ഉത്രാടരാത്രിയും പ്രിയകന്യകയുടെ കടാക്ഷവുമൊക്കെ കവിതകളില്‍ ആവിഷ്കരിക്കുന്നത് വായിച്ചാല്‍ ആരും അതുപോലൊരു ഓണത്തെ സ്നേഹിച്ചുപോകും. തേങ്ങലുകളെ ആമോദത്തില്‍ പൊതിഞ്ഞ് നമുക്ക് നല്കിയ കലാകാരന്മാര് ഓണത്തില്‍ കൂടി സ്വജീവിതത്തിന് പൂര്ണതതേടുകയായിരുന്നു. തൊടിയിലിരമ്പിയിരുന്ന കുട്ടികൂട്ടത്തിന്റെ ഓണം പരിഷ്കൃതലോകത്തിന്റെ ചിട്ടവട്ടങ്ങള്‍ക്ക് അനുസരിച്ചായിരുന്നില്ല. ബാലസ്വാതന്ത്ര്യത്തിന്റെ ഉന്മാദങ്ങളില് അഭിരമിക്കുകയും കളിച്ചു തിമിര്‍ക്കാനുള്ള, പുഴയില്‍ സ്വതന്ത്രമായി നീന്താനുള്ള, മരക്കൊമ്പില്‍ പാഞ്ഞുകയറാനുള്ള കാലമാക്കി ഓണത്തെ പാകപ്പെടുത്തിയിരുന്നു മുന്‍കാല തലമുറ. പതിറ്റടി വെയില് കസവിട്ട മണ്ണിന്റെ ഊടുവഴികളില്‍ പുള്ളുവ വീണയുടെ സാന്ദ്ര സംഗീതം പൊഴിഞ്ഞിരുന്നു. പ്രശാന്തസ്ഥലികളിലേക്കുള്ള മാനസതീര്യാത്രയുടെ ആരംഭമായും ഓണം മാറിത്തീരാറുണ്ട്. വേദനകളില്‍ നിന്ന് പ്രത്യാശകളിലേക്കുള്ള വാതായനമാകുകയും ഐക്യഭാവനയുടെ ഉത്തുംഗ സോപാനമാവുകയാണ് നമ്മുടെ ഓണം.
നിശ്ചലതയില്‍നിന്ന് സജീവതയിലേക്ക്, അജ്ഞതയില്‍ നിന്ന് ജ്ഞാനത്തിലേക്ക്, കുടിലതയില്‍ നിന്ന് സ്നേഹത്തിലേക്ക്, ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കുള്ള മനുഷ്യമനസ്സിന്റെ പ്രയാണത്തിന് ഊര്‍ജം പകരുകയാണ് ഓണ നാളുകള്‍. അത് നമ്മെ വിസ്മൃതിയില്‍ നിന്ന് സ്മൃതിയിലേക്ക് നയിക്കുകയും ദുഃഖങ്ങളില്‍ സാന്ത്വനത്തിന്റെ കവചമണിയിക്കുകയും ചെയ്യുന്നുണ്ട്.
വരിക, തിരുവോണമേ…
ഒറ്റപ്പെട്ടവര്‍ ആരുമില്ലെന്ന സാന്ത്വനസന്ദേശവും കൂട്ടായ്മയാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനഭാവമെന്നും നമ്മെ വിളംബംരപ്പെടുത്തുകയാണ് ഓരോ ഓണവും. പ്രകൃതിജീവനത്തിന്റെയും പ്രകൃതി പരിചരണത്തിന്റെയും ആവശ്യകത വര്‍ത്തമാനകാല ഉത്തരവാദിത്തമായി നമുക്ക് മുമ്പില്‍ വയ്ക്കുകയാണ് ഓണക്കാലം. ചെമ്പകവും പിച്ചിയും നന്ത്യാര്‍വട്ടവുമൊക്കെ തൊടിയിറങ്ങിപ്പോകുന്നത് വിലക്കുകയും കുന്നും താഴ്വരയും പുഴകളും പ്രകൃതി സംഗീതത്തിന്റെ ജീവധാരയാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ വിളവെടുപ്പ്
ഉത്സവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: