കോഴിക്കോട്: ശമ്പള പരിഷ്കരണ കമ്മീഷന് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തീര്‍ത്തും നിരാശാജനകമാണെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി പി. പീതാംബരന്. എന്‍ജിഒ സംഘ് 37-ാം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുപ്പിച്ച് കാട്ടിയതല്ലാത ജീവനക്കാര്‍ക്ക് കാര്യമായ ശമ്പള വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. നിലവിലുള്ള 80 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തോട് കൂടി ലയിപ്പിക്കുക മാത്രമാണ് കമ്മീഷന് ചെയ്തിരിക്കുന്നത്. ഇതു പ്രകാരം ഒരു ജീവനക്കാരന് പരമാവധി 1700 രൂപ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളിയുടെ കൂലിയില്‍ ഉണ്ടായ വര്‍ദ്ധനവിനേക്കാള്‍ കുറവാണ് ഈ വേതന വര്‍ദ്ധനവ്. ശമ്പള പരിഷ്കരണം അഞ്ചു വര്‍ഷത്തില്‍ എന്ന തത്വവും കമ്മീഷന് അട്ടിമറിച്ചിരിക്കുകയാണ്. നാലാം ഗ്രേഡിന് കഴിവ് മാനദണ്ഡമാക്കിയതും ലീവ് സറണ്ടറും എല്‍ടിസിയും ഒരുമിച്ച് നല്‍കാനാവില്ല എന്ന് അഭിപ്രായപ്പെട്ടതും തികച്ചും നിരാശാജനകമാണ്. ശമ്പള കമ്മീഷന്റെ പ്രതിലോമകരമായ ഇത്തരം ശുപാര്‍ശകള്‍ തള്ളിക്കളഞ്ഞില്ലെങ്കില്‍ മറ്റു സര്‍വീസ് സംഘടനകളുമായി ആലോചിച്ച് സമരമടക്കമുള്ള കാര്യങ്ങളുമായി ജീവനക്കാര്‍ മുമ്പോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ. ദിനേശന് മുഖ്യ പ്രഭാഷണം നടത്തി. ബിഎംഎസ് ജില്ലാ സെക്രട്ടറി ഒ.കെ. ധര്മ്മരാജന്, ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. വി.പി. ശ്രീപത്മനാഭന്, വൈദ്യുത മസ്ദൂര്‍ സംഘ് ജില്ലാ സെക്രട്ടറി പി. ഗിരീഷ്കുമാര്‍, പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന ജന. സെക്രട്ടറി എം.കെ. സദാനന്ദന്, കെ.എസ്ടി എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി കെ. കെ. വിനയന്, മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് സംസ്ഥാന ട്രഷറര്‍ പി. അനില്‍കുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി സുകുമാരന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ബാലാമണി എന്നിവര്‍ ആശംസ നേര്‍ന്നു. ജില്ലാ പ്രസിഡന്റ് ടി. ദേവാനന്ദന് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി എന്‍. ബിജു സ്വാഗതവും, പി.കെ. അനുജിത്ത് നന്ദിയും പറഞ്ഞു. സാംസ്കാരിക സമ്മേളനത്തില്‍ ലോകം ഉറ്റുനോക്കുന്ന ഭാരതം എന്ന വിഷയത്തില്‍ ടി.പി. ജയചന്ദ്രന് മാസ്റ്റര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: