ചെറുതോണി : അധികാരികള്‍ കൈയ്യൊഴിഞ്ഞിട്ടും ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ വഴികാട്ടിയായ കൊലുമ്പന്‍ മൂപ്പനു കാവലായി പിന്മുറക്കാര്. പരാതികളും പരിഭവങ്ങലുമില്ലാതെ പിന്മുറക്കാര് സ്മൃതി മണ്ഡപത്തില്‍ പതിവായി ദീപം തെളിയിക്കുന്നത്. കേരളത്തിന്റെ ഊര്‍ജ്ജ ക്ഷേത്രമായ ഇടുക്കി പദ്ധതിയുടെ വഴികാട്ടിയായ കരുവെള്ളയാന്‍ ചെമ്പന്‍ കൊലുമ്പന്‍ സ്മൃതി മണ്പത്തിലാണ് പിന്മുറക്കാര് സ്ഥിരമായി ദീപം തെളിയിക്കുന്നത്. ഇടിഞ്ഞു പൊളിഞ്ഞ് കാടു കയറിയ ഇവിടം ഇപ്പോഴും അധികാരികള്‍ അവഗണിക്കുകയാണ്. ഇലക്ഷന് അടുക്കുമ്പോള്‍ മാത്രം വനവാസികളുടെ വോട്ട് ലക്ഷ്യം വച്ച് സ്ഥാനാര്‍ത്ഥികള്‍ മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി പോയതൊഴിച്ചാല്‍ പിന്നീട് ആരും ഈ വഴി തിരിഞ്ഞു നോക്കാറില്ല. മൂന്നു വര്‍ഷം മുമ്പ് കൊലുമ്പന്‍ മൂപ്പന് വേണ്ടി സ്മൃതി മണ്ഡപം പുതുക്കി പണിത് പൂന്തോട്ടം നിര്‍മ്മിച്ച് മനോഹരമാക്കി അണക്കെട്ട് സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് മൂപ്പന് നല്കിയ സംഭാവനകള്‍ ഓര്‍ക്കാന്‍ അവസരമൊരുക്കുമെന്ന് അധികാരികള്‍ പറഞ്ഞിരുന്നു. നാളിതു വരെയായിട്ടും ഇതിന് യാതൊരു ഫലവും കണ്ടിട്ടില്ല. ഒറ്റമൂലി പ്രയോഗങ്ങളിലൂടെ രോഗങ്ങള്‍ക്ക് ശമനം വരുത്തി തങ്ങള്‍ക്ക് വഴികാട്ടിയായി വിളിച്ചാല്‍ വിളിപ്പുറത്തുണ്ടാകുന്ന മൂപ്പനെ ആരും തിരിഞ്ഞു നോക്കുന്നില്ലായെങ്കിലും നിത്യവും ഒരു തിരി വെളിച്ചമെങ്കിലും മുടങ്ങാതെ നല്‍കാനാണ് വനവാസി സമൂഹം ശ്രമിക്കുന്നതെന്ന് വിളക്കു തെളിയിച്ച് മടങ്ങിയ വനവാസി പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: