മലപ്പുറം: അത്തം മുതല്‍ ഓണം വരെ ജില്ലയിലെ മുഴുവന്‍ ബിവറേജസ് ഓട്ട്ലെറ്റ് അടച്ചിടണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. സമരത്തിന്റെ ഭാഗമായി മലപ്പുറത്തെ ഔട്ട്ലെറ്റ് ഉപരോധിച്ചു. സംസ്കാരത്തിന്റെ ഭാഗവും കേരളത്തിന്റെ ഔദ്യോഗിക ആഘോഷവുമായ ഓണം മദ്യവില്‍പ്പനയുടെ സീസണാക്കി മാറ്റുകയാണ് സര്‍ക്കാരെന്ന് യുവമോര്‍ച്ച ആരോപിച്ചു. ഓണക്കാലത്ത് മദ്യമൊഴുക്കി ആഘോഷത്തിന്റെ നിറം കെടുത്താന്‍ ഒരു സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കുകയാണ്. ഓണക്കാലത്തെ മദ്യവില്പ്പനകൊണ്ട് ഒരു വിഭാഗത്തോട് മാത്രം വിവേചനം കാണിക്കുകയാണ് സര്‍ക്കാര്‍. ഭൂരിപക്ഷ വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ് ഓണം. സമ്പല്‍ സമൃദ്ധിയുടെ നാളുകള്‍ സ്വപ്നം കാണുന്ന ജനതയെ മദ്യത്തില്‍ മുക്കികൊല്ലാനുള്ള മാഫിയകളുടെ നീക്കത്തെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍.
രാവിലെ 11ന് നടത്തിയ ഉപരോധത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ശക്തമായ പോലീസ് കാവലുണ്ടായിരുന്നെങ്കിലും ഔട്ട്ലെറ്റ് അടപ്പിച്ചതിന് ശേഷമാണ് പ്രവര്‍ത്തകര്‍ പിന്മാറിയത്. പ്രവര്‍ത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. ഉപരോധ സമരം ബിജെപി ജില്ലാ സെക്രട്ടറി അഡ്വ.ശ്രീപ്രകാശ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ശിതു കൃഷ്ണന്, വിജീഷ് പൊന്നാനി. വൈസ്പ്രസിഡന്റുമാരായ രതീഷ് അങ്ങാടിപ്പുറം, അനില്‍കുമാര്‍, സെക്രട്ടറിമാരായ ശ്രീജിത്ത് അരിമ്പ്ര, നമിദാസ്, ബിജേഷ് പെരിന്തല്‍മണ്ണ, മനോജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: