പത്തനംതിട്ട: കൂടംകുളം താപവൈദ്യുതി നിലയത്തില്‍ നിന്നു കേരളത്തിലേക്കു വൈദ്യുതി എത്തിക്കാനുള്ള 400 കെവി ലൈന്‍ നിര്‍മാണത്തിനു സാധ്യതതെളിയുന്നു. വൈദ്യുതിലൈന്‍ കടന്നുപോകുന്ന മേഖലകളിലെ ഭൂഉടമകളുടെ എതിര്‍പ്പിനേ തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്ന ലൈന്‍ നിര്‍മാണം പുതിയ പാക്കേജിന്റെ അടിസ്ഥാനത്തില്‍ ആരംഭിക്കാനാണ് നീക്കം. നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
വൈദ്യുതിലൈന്‍ നിര്‍മാണത്തിന് ഏകദേശം 1020 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതു സംസ്ഥാന സര്‍ക്കാരും കെഎസ്ഇബിയും തുല്യമായി വഹിക്കണം. മുഴുവന്‍ തുകയും കെഎസ്ഇബി ആദ്യം കണ്ടെത്തണമെന്നാണ് നിര്‍ദേശം. വായ്പയായി തുക കണെ്ടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വിഹിതം പിന്നീടു നല്‍കും.
പവര്‍ ഗ്രിഡ് കോര്‍പറേഷനാണ് ലൈന്‍ നിര്‍മാണച്ചുമതല. പവര്‍ഗ്രിഡ് കോര്പറേഷന്, കെഎസ്ഇബി എന്നിവ സംയുക്തമായാണ് നഷ്ടപരിഹാരം നല്‍കുന്നത്. സര്‍വേ ജോലികള്‍ തുടങ്ങാന്‍ പവര്‍ ഗ്രിഡ് കോര്പറേഷന് അനുമതി നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ കലഞ്ഞൂര്‍, അരുവാപ്പുലം, കോന്നി, പ്രമാടം, മലയാലപ്പുഴ, മൈലപ്ര, റാന്നി, അങ്ങാടി, കൊറ്റനാട്, കോട്ടാങ്ങല്‍ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലൂടെയാണ് ലൈന്‍ കടന്നു പോകുന്നത്. ഇതിനായുള്ള സര്‍വേ നടപടികളും മറ്റും നേരത്തെ പൂര്‍ത്തീകരിച്ചിരുന്നതാണ്. സ്ഥലമേറ്റെടുക്കലും ടവര്‍ നിര്‍മാണവും സംബന്ധിച്ച് ആക്ഷന്‍ കൗണ്‍സില്‍ തര്ക്കമുന്നയിച്ചതിനേത്തുടര്ന്ന് നടപടികള്‍ നീണ്ടു പോകുകയായിരുന്നു.
പാക്കേജ് പ്രകാരം ടവര്‍ സ്ഥാപിക്കുന്ന റബര്‍തോട്ടം ഉള്‍പ്പെടെയുള്ള കരഭൂമിക്കും നെല്‍വയലുകള്‍ക്കും ഭൂമി വില 100 ശതമാനം നല്‍കും. നേരത്തെ കരഭൂമിക്ക് 70 ശതമാനവും നെല്വയലിന് 40 ശതമാനവുമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങള്‍ക്കു ഭൂമിവിലയുടെ 40 ശതമാനം നല്‍കും. 18 മീറ്റര്‍ വീതിയില്‍ ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങള്‍ക്കാണ് ഇതു ബാധകമായിരിക്കുന്നത്. ഭൂമി വില നിലവിലുള്ള നടപടിക്രമങ്ങളിലൂടെ ജില്ലാ കളക്ടര്‍ നിശ്ചയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: