തിരുവനന്തപുരം: മാലിന്യ നിര്‍മാര്‍ജനത്തിലും ആരോഗ്യസംരക്ഷണത്തിലും വിദ്യാഭ്യാസമേഖലയിലും കേരളത്തിന് വേണ്ടത്ര മുന്നേറാനാകാത്തത് സര്‍ക്കാരിന്റെ വികലമായ നയംമൂലമാണെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍.
ബിഎംഎസ് ജില്ലാ കമ്മിറ്റി പഞ്ചായത്തുതലത്തില്‍ സംഘടിപ്പിക്കുന്ന കാല്‍നട പ്രചാരണജാഥയുടെ ഭാഗമായി നടന്ന പൊതുയോഗം ഗാന്ധിപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിലും സാക്ഷരതയിലും വളര്‍ച്ച കൈവരിച്ചു എന്നുപറയുമ്പോഴും നഗരങ്ങളിലെ ടണ്‍ കണക്കിന് മാലിന്യം ആരോഗ്യസംരക്ഷണത്തില്‍ കേരളം ലോകനിലവാരത്തിലെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയവ നിര്‍ണയിക്കാനും നിയന്ത്രിക്കാനുമാവുന്നില്ല. പ്രതിരോധത്തിനെന്ന പേരില്‍ കോടികള്‍ പാഴാക്കുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതവണ ഒരുവര്ഷംവൈകി. ഇപ്പോള്‍ വാര്‍ഡ് വിഭജനത്തിന്റെയും പുനഃസംഘടനയുടെയും പേരു പറയുന്നവര്‍ ഒരുവര്‍ഷം മുമ്പെ നടപടിക്രമങ്ങള്‍ തുടങ്ങേണ്ടതായിരുന്നു. തെരഞ്ഞെടുപ്പ് വൈകിയാല്‍ നഗരസഭകളും പഞ്ചായത്തുകളും സെക്രട്ടറിമാര്‍ ഭരിക്കുന്ന അവസ്ഥ വരും.
ഈ സാഹചര്യത്തിലാണ് വിവാദരഹിത കേരളം വികസനോന്മുഖ കേരളം എന്ന മുദ്രാവാക്യവുമായി ബിഎംഎസ് മുന്നോട്ടുവരുന്നത്. വിവാദങ്ങളില്‍നിന്ന് വിവാദങ്ങളിലേക്ക് കേരളം പോകുകയാണ്. ഫലമോ ഭരണസ്തംഭനവും. ഇതാണ് കേരളത്തിന്റെ ശാപമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി. ബാബുകുട്ടന്, ജില്ലാസെക്രട്ടറി കെ. മനോഷ്കുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ആര്. ഗോവിന്ദ്, സംസ്ഥാന ട്രഷറര്‍ ജി.കെ. അജിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: