വിഴിഞ്ഞം: എസ്ഐയെയും എക്സൈസ് സംഘത്തെയും ആക്രമിച്ചു പരുക്കേല്‍പ്പിച്ചു കടന്ന കേസിലെ സംഘത്തെ വിഴിഞ്ഞം പോലീസ് പിടികൂടി. കടക്കുള്ളില്‍ ഇരുന്നു മദ്യപിക്കാന്‍ സൗകര്യം നല്‍കാത്തതിലുള്ള വിരോധത്തില്‍ കടയുടമ ശശിധരനെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും കട അടിച്ചു തകര്‍ക്കുകയും റോഡിലൂടെ കടന്നു പോയ വാഹനങ്ങളെയും നാട്ടുകാരെയും ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കവേയാണ് പ്രതികള്‍ പിടിയിലായത്. അടിമലത്തുറ പുറമ്പോക്കു പുരയിടത്തില്‍ കരാട്ടേ വര്‍ഗീസ് എന്നറിയുന്ന വര്‍ഗീസി(37), കൂട്ടുപ്രതികളായ പുല്ലുവിള പള്ളം പഴയതുറ പുരയിടത്തില്‍ ഷിബു(25), പുല്ലുവിള പള്ളം പെട്രോള്‍ പമ്പിനു സമീപം പഴയതുറ പുരയിടത്തില്‍ ജോയി(25) എന്നിവരെയാണ് വിഴിഞ്ഞം സിഐ ജി.ബിനു, എസ്ഐ പ്രദീപ് എന്നിവരുടെ നേതൃത്തിലുള്ള സംഘം സാഹസികമായി പിടികൂടിയത്. കേസിലെ ഒന്നാംപ്രതി വര്‍ഗീസ് കരാട്ടേ അഭ്യാസിയും നിരവധി കേസുകളിലെ പ്രതിയുമാണ്. കാഞ്ഞിരംകുളം എസ്ഐ ചന്ദ്രസേനനെ 2013 മാര്‍ച്ച് 11ന് ആക്രമിച്ച കേസിലും അടിമലത്തുറ ഭാഗത്ത് അനധികൃത മദ്യവില്പന നടക്കുന്നുവെന്നറിഞ്ഞു വന്ന നെയ്യാറ്റിന്‍കര എക്സൈസ് സംഘത്തെ ആക്രമിച്ചു പരുക്കേല്‍പ്പിച്ച് കടന്നു കളഞ്ഞ കേസിലും വര്‍ഗീസും സംഘവും പ്രതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: