കഴക്കൂട്ടം: നഗരസഭ കഴക്കൂട്ടം സോണല്‍ ഓഫീസിനോട് ചേര്‍ന്ന് കഴക്കൂട്ടം കുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് പുറകിലുള്ള മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ സോണല്‍ ഓഫീസറെ ഉപരോധിച്ചു.
നിലവിലെ മാര്‍ക്കറ്റില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ കോടതിയില്‍ തര്‍ക്കത്തില്‍ കിടന്ന വസ്തുവില്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതിനെതിരെ ഉടമ നല്കിയ പരാതിയെ തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം മാര്‍ക്കറ്റ് അവിടെ നിന്നും മാറ്റുകയും പകരം ടെക്നോപാര്‍ക്കിന് സമീപം പരിമിതമായ സൗകര്യങ്ങളോടെ തുടങ്ങിയ മാര്‍ക്കറ്റില്‍ കച്ചവടം കുറവാണെന്നും അടിസ്ഥാന സൗകര്യമില്ലെന്നും പറഞ്ഞാണ് കച്ചവടക്കാര്‍ സോണല്‍ ഓഫീസ് കയ്യേറി പരിസരത്ത് കച്ചവടം തുടങ്ങിയത്. ദുര്‍ഗന്ധപൂരിതമായ അന്തരീക്ഷത്തില്‍ ഓഫീസില്‍ പ്രവര്‍ത്തനവും ബുദ്ധിമുട്ടായിരുന്നു.
കുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് പുറകിലായിട്ടാണ് സോണല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഒരു മതിലിന് പുറകിലായി മാര്‍ക്കറ്റിലെ മത്സ്യാവശിഷ്ടങ്ങളും മറ്റും നിക്ഷേപിക്കുന്നതിലൂടെ ക്ഷേത്രത്തിന്റെ പരിശുദ്ധി നഷ്ടപ്പെടുകയും പരിസരം ദുര്‍ഗന്ധപൂരിതമാവുകയും ചെയ്തു. ഇതിനെതിരെ ഹിന്ദുഐക്യവേദിയും ക്ഷേത്രസമിതിയും നഗരസഭയെ സമീപിച്ചെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. തുടര്‍ന്നാണ് ഹിന്ദുഐക്യവേദി ഉപരോധ സമരം നടത്തിയത്.
ഉപരോധത്തെ തുടര്‍ന്ന് സോണല്‍ ഓഫീസര്‍ നഗരസഭാ സെക്രട്ടറിയുമായി ബന്ധപ്പെടുകയും എത്രയും പെട്ടെന്ന് മാര്‍ക്കറ്റ് അവിടെ നിന്നും മാറ്റി അടിസ്ഥാനസൗകര്യങ്ങളോടെ ടെക്നോപാര്‍ക്കിന് സമീപത്തേക്ക് മാറ്റി സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമെന്നും കഴക്കൂട്ടം പോലീസ് ഇതിന് വേണ്ടുന്ന സഹായം നല്‍കാമെന്നും ഉറപ്പു നല്കി.
ഉപരോധ സമരത്തിന് ബിജെപി ജില്ലാകമ്മറ്റി അംഗം കഴക്കൂട്ടം അനില്‍, മണ്ഡലം സെക്രട്ടറി ഉദയകുമാര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അനീഷ്, ആര്‍എസ്എസ് നഗര്‍ സഹകാര്യവാഹ് ഹരികുമാര്‍, വിസ്താരക് അമല്‍, മണ്ഡല് കാര്യവാഹ് വിനോദ്, സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: