കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജില്‍ വെള്ളം ശുദ്ധീകരിക്കാനായി കുടിവെള്ള ശുദ്ധികരണ പ്ലാന്റ് അടിയന്തരമായി സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. പത്രവാര്‍ത്തകളെ തുടര്‍ന്ന് കമ്മീഷന് സ്വമേധയാ എടുത്ത കേസിലാണ് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ. ബി. കോശിയുടെ ഉത്തരവ്. ഇപ്പോള്‍ സ്ഥാപിച്ച ഇന്‍സിനേറ്ററുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നടപടിയെടുക്കണം. അതുവരെയുള്ള മാലിന്യനിര്‍മ്മാര്‍ജ്ജനം തൃപ്പൂണിത്തുറ നഗരസഭ ഏറ്റെടുക്കണം. ആശുപത്രി വൃത്തിയായും മാലിന്യരഹിതമായും സൂക്ഷിക്കാന്‍ കോളേജിനും പൊതുമരാമത്ത് വകുപ്പിനും ജില്ലാ കളക്ടര്‍ക്കും ഉത്തരവാദിത്വമുണ്ട്.
ശുചിമുറികള്‍ നന്നാക്കാന്‍ ടെന്റര്‍ ക്ഷണിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് കമ്മീഷനെ അറിയിച്ചു. ആയുര്‍വേദ കോളേജിന്റെ കെട്ടിടങ്ങളും മറ്റും പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയറും കോളേജ് പ്രിന്‍സിപ്പലിന്റെയും സൂപ്രണ്ടിന്റെയും പ്രതിനിധികളും മാസത്തില്‍ ഒരിക്കല്‍ പരിശോധിച്ച് ആവശ്യമായ അറ്റകുറ്റ പണികള്‍ നടത്തണമെന്നും ജസ്റ്റിസ് ജെ.ബി. കോശി നിര്‍ദ്ദേശിച്ചു.
ആശുപത്രിയിലുള്ള കിണറുകളിലെ വെള്ളം ശുദ്ധീകരിക്കാന്‍ മാര്‍ഗ്ഗമില്ലെന്ന് ജില്ലാ കളക്ടര്‍ കമ്മീഷനെ അറിയിച്ചു. കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് മാത്രമാണ് പോംവഴി. ഇതിനായി ജല അതോറിറ്റിയുമായി ചേര്‍ന്ന് നടപടിയെടുക്കും. ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്സുകള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ കത്തിക്കുന്നതിന് ഇന്‍സിനേറ്റര്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അതിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കുടുംബശ്രീ വഴിയുള്ള മാലിന്യനിര്‍മ്മാര്‍ജ്ജനം നിര്‍ത്തിയത് ബുദ്ധിമുട്ടിന് കാരണമായെന്ന് ആശുപത്രി സൂപ്രണ്ട് കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. ഉത്തരവ് ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന് ഡയറക്ടര്‍ക്കും ആരോഗ്യ സെക്രട്ടറിക്കും അയച്ചതായി കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: