പേട്ട: ആഭ്യന്തരവിമാനത്താവളം ശംഖുംമുഖത്ത് നിന്ന് മാറ്റുകയില്ലെന്നും പുതിയ ടെര്‍മിനല്‍ നിര്‍മാണത്തിനായി വയ്യാമൂലയില്‍ നിന്ന് കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയതോടെ വിമാനത്താവള വികസന സ്വപ്നം മങ്ങി. ആഭ്യന്തര വിമാനത്താവളം മാറ്റുന്നതിനെ എതിര്‍ത്തു കൊണ്ട് സമരം നടത്തിയ സംയുക്ത ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ ഉറപ്പ് നല്‍കിയത്. രാജ്യാന്തര വിമാനത്താവളം ചാക്കയിലേക്ക് മാറ്റുന്ന സമയത്ത് ശംഖുംമുഖത്തിന്റെ വികസനം നഷ്ടപ്പെടുമെന്ന് പ്രചരിപ്പിച്ച് ഇത്തരത്തില്‍ സമരങ്ങള്‍ നടന്നിരുന്നു. അന്ന് യുപിഎ സര്‍ക്കാര്‍ ആഭ്യന്തര സര്‍വ്വീസ് മാറ്റുകയില്ലെന്നും കോസ്റ്റ്ഗാര്‍ഡും കാര്‍ഗോയും ഇതിനോടൊപ്പം പ്രവര്‍ത്തിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ യാത്രക്കാരുടെ ബുദ്ധിമുട്ടും സുരക്ഷാ പ്രാധാന്യവും കണക്കിലെടുത്താണ് ആഭ്യന്തര സര്‍വ്വീസ് ചാക്കയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ശംഖുംമുഖത്തെ ആഭ്യന്തരടെര്മിനല് വഴി സര്‍വ്വീസ് നടത്തിയിരുന്ന പത്തോളം വിമാനങ്ങള്‍ ഇപ്പോള്‍ ചാക്ക രാജ്യാന്തര ടെര്‍മിനല്‍ വഴിയാണ് സര്‍വ്വീസ് നടത്തുന്നത്. പഴയ ടെര്‍മിനലില്‍ കൂടി രണ്ട് വിമാനങ്ങള്‍ മാത്രമാണ് നിലവില്‍ ആഭ്യന്തരസര്‍വ്വീസ് നടത്തുന്നത്. ഇതും കൂടി ചാക്കയിലേക്ക് മാറ്റിയാല്‍ ആഭ്യന്തര സര്‍വ്വീസ് പൂര്‍ണ്ണമായും ചാക്കയിലേക്ക് മാറാനുള്ള സാധ്യത തെളിഞ്ഞിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഈ ഉറപ്പ്. രാജ്യാന്തര വിമാനത്താവളത്തിനുള്ളില്‍ തോപ്പ് ഇടവകയ്ക്ക് ആധിപത്യം ഉറപ്പിക്കുകയെന്നതാണ് സമരത്തിന്റെ ലക്ഷ്യം. ഇതിന്റെ പേരില്വയ്യാമൂല സ്വദേശികളെ കൂടെ കരുവാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: