കൊച്ചി: ദക്ഷിണാഫ്രിക്കയിലേക്ക് നാളികേര വികസന ബോര്‍ഡ് ഉപഹാരമായി നല്കുന്ന 15 കാര്‍ട്ടണ്‍ നാളികേര ഉത്പ്പന്നങ്ങള്‍ നെടുമ്പാശേരിയില്‍ നിന്നു പുറപ്പെട്ടു. ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15-ന് ദക്ഷിണാഫ്രിക്കന്‍ ഹൈക്കമ്മീഷന് അവിടെ നാഷണല്‍ ഡേ ആയി ആഘോഷിക്കുമ്പോള്‍ പങ്കെടുക്കാന്‍ എത്തുന്ന വിശിഷ്ടാതിഥികള്‍ക്ക് ഈ ഉപഹാരങ്ങള്‍ സമ്മാനിക്കും. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രുചി ഘനശ്യാം ഇതു സംബന്ധിച്ച് നാളികേര വികസന ബോര്‍ഡ് ചെയര്മാന് ടി.കെ. ജോസുമായി ചര്‍ച്ച നടത്തിയതിന്റെ വെളിച്ചത്തിലാണ് ഉത്പ്പന്നങ്ങള്‍ അയച്ചത്.
നീര ഹണി, നീര ശര്‍ക്കര, സ്പൈസ് ജാഗറി, നീര ഷുഗര്‍, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, കോക്കനട്ട് ചിപ്സ് എന്നിവയുടെ 500 വീതം പായക്കറ്റുകളാണ് അയച്ചിരിക്കുന്നത്. ഇതില്‍ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ കേരടെക്കിന്റെയും, ചിപ്സ് കൊടുങ്ങല്ലൂര്‍ നാളികേര ഉത്പാദക കമ്പനിയുടെയും ഉത്പന്നങ്ങളാണ്. മറ്റുള്ളവ നാളികേര വികസന ബോര്‍ഡിന്റെ വാഴക്കുളത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ നിര്‍മ്മിച്ചവയും.
നെടുമ്പാശേരിയില്‍ നിന്ന് ഖത്തര്‍ വഴി ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ വരെ ഖത്തര്‍ എയര്‍വേസ് ആണ് ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്നത്. ദക്ഷിണാഫ്രിക്കന്‍ ജനങ്ങള്‍ക്ക് ഇന്ത്യയിലെ നാളികേര ഉത്പ്പന്നങ്ങളെയും നീരയുടെ മൂല്യ വര്‍ധിത ഉത്പ്പന്നങ്ങളെയും പരിചയപ്പെടാനുള്ള അവസരമായി ഇതു മാറുമെന്നാണ് ഹൈക്കമ്മീഷന്റെയും നാളികേര വികസന ബോര്‍ഡിന്റെയും പ്രതീക്ഷ. ഭാവിയില്‍ നീര ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നാളികേര ഉത്പ്പന്നങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ വിപണി കണ്ടെത്താന്‍ ഇതു സഹായകമാകും എന്നും വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: