കൊച്ചി: വായനാവാരം കഴിഞ്ഞിട്ടും വായനക്കാലം ബാക്കിയാവുന്നത് അക്ഷരത്തിന്റെ നന്മ. വായനയുടെ ഒരാഴ്ചക്കാലം സര്‍ക്കാരും എല്ലാവരുംതന്നെ ആഘോഷിച്ചെങ്കിലും തുടര്‍വായന നിലനില്‍ക്കുന്നത് വായനക്കാരന്റെ ഗുണംകൊണ്ടുതന്നെ. അതുപക്ഷേ ഒരു സൗജന്യമോ കാരുണ്യമോ അല്ല. തികച്ചും സ്വാഭാവികത മാത്രം. അക്ഷരങ്ങള്‍ക്ക് നശിക്കാത്തത് എന്നുകൂടി അര്ത്ഥമുള്ളതുകൊണ്ടുകൂടിയാണത്.
പുസ്തകങ്ങളാകട്ടെ അക്ഷരങ്ങളെയും ആശയങ്ങളെയും സജീവമായി നിലനിര്‍ത്തുന്നു. വിവാദമുണ്ടാക്കി പേര് നിലനിര്‍ത്തുന്നത് ചിലരുടെ എളുപ്പവഴിയായതുകൊണ്ട് അതങ്ങനെ ചിന്തിച്ചാല്‍ മതി. അവരാണ് വായന മരിച്ചുവെന്നും പുസ്തകം നശിച്ചുവെന്നുമൊക്കെ നിലവിളിക്കുന്നത്. അത്തരം എളുപ്പവഴിക്കാരെക്കുറിച്ച് പണ്ടേ ‘കുറുക്കുവഴികള്‍’ എന്ന ലേഖനത്തില്‍ കൈനിക്കര കുമാരപിള്ള പറഞ്ഞിട്ടുണ്ട്. കുറുക്കുവഴികള്‍ തേടുന്നവരുടെ പങ്കപ്പാടുകള്‍ എത്രയാണെന്ന് കൊച്ചുകുട്ടികള്ക്കുതന്നെ അറിയാം.
പണ്ട് വായിക്കാനുള്ള വിഷയങ്ങള്‍ക്ക് പരിമിതിയുണ്ടായിരുന്നു. ഇന്ന് വിജ്ഞാനത്തിന്റെ സ്ഫോടനങ്ങള്‍ നിരന്തരം നടക്കുന്നതിനാല്‍ വിഷയങ്ങളുടെ ബാഹുല്യംതന്നെയുണ്ട്. എന്തു വായിക്കണം എന്ന സര്‍ഗാത്മകമായൊരു ആശങ്കതന്നെ വായനക്കാരില്‍ നിലനില്ക്കുന്നു. പത്രങ്ങളും വാരികകളും മാസികകളും വേണ്ടുവോളം. പുസ്തക പ്രസിദ്ധീകരണശാലകളും അനവധി.
നാനാവിഷയങ്ങളെ മുന്‍നിര്‍ത്തിപ്പോലും മാസികകള്‍ ഇറങ്ങുന്നു. പാചകം, ഭക്തി, തീര്‍ത്ഥാടനം, വനം, പരിസ്ഥിതി എന്നിങ്ങനെ നിരവധി വിഷയങ്ങള്‍. എത്ര തിരക്കിനിടയിലും ഒന്നു വായിച്ചില്ലെങ്കില്‍ അസ്വസ്ഥരാകുന്നവര്‍ ഒത്തിരിയുണ്ട് നമുക്കിടയില്‍. കഴിഞ്ഞിടെ മലയാളത്തിലെ ഒരു പ്രമുഖ പുസ്തക പ്രസിദ്ധീകരണശാല ഷാര്‍ജയില്‍ നടത്തിയ പുസ്തകോത്സവം തിരക്കിന്റെ ഉത്സവം തന്നെയായിരുന്നു. കെട്ടുകണക്കിന് പുസ്തകങ്ങളാണ് ഓരോരുത്തരും വാങ്ങി ചുമന്നുകൊണ്ടുപോയത്.
ദൃശ്യമാധ്യമങ്ങള്‍ കാരണം വായന കുറഞ്ഞെന്ന് ശുദ്ധഭോഷ്ക്കു പറയുന്നവരുമുണ്ട്. അങ്ങനെയാണെങ്കില്‍ പത്രങ്ങള്‍ തന്നെ എന്നേ നമ്മുടെ നാട്ടില്‍നിന്ന് അപ്രത്യക്ഷമായേനെ. ന്യൂസ് ചാനലുകളുടെ വാര്‍ത്തകളില്‍ ജനത്തിന് വിശ്വാസം പോര. അതു സത്യമാണോ എന്നറിയാന്‍ കൂടിയാണ് ജനം രാവിലെ പത്രം നോക്കുന്നത്. ദൃശ്യമാധ്യമങ്ങള്‍ക്ക് മുന്നില്‍ വെറുതെയിരുന്ന് കാണുകയും കേള്‍ക്കുകയും ഒരുപോലെ എളുപ്പത്തില്‍ നടക്കുന്നതിനിടയില്തന്നെയാണ് തിരക്കിനിടയിലും ബദ്ധപ്പെട്ട് പത്രം വായിച്ച് കാര്യങ്ങളറിഞ്ഞ് ജനം തൃപ്തിയടയുന്നത്.
ആഴത്തിലുള്ള വായനയാണ് കൂടുതല്‍ അഭികാമ്യം. എന്തു വായിക്കണമെന്നും എങ്ങനെ വായിക്കണമെന്നും അറിയണം. ഒരു പുസ്തകത്തിന്റെ ഏതാനും പേജുകള്‍ വായിച്ചാല്‍ മുഴുവന്‍ ആശയവും സ്വാമി വിവേകാനന്ദന് മനസിലാകുമായിരുന്നു. അതു വലിയ സിദ്ധിയായിരുന്നു. എല്ലാവര്ക്കും അതു സാധ്യമല്ല. ഗഗനവും ഗൗരവവുമുള്ള വായനയെയാണ് അതു സൂചിപ്പിക്കുന്നത്.
വായന അറിവിനെ പുതുക്കുന്നു. അവനവനെതന്നെ പരിഷ്കരിക്കുന്നു. പുസ്തകങ്ങള്‍ നല്ലൊരായുധമാണ്. വിശക്കുന്ന മനുഷ്യാ പുസ്തകം എടുക്കൂവെന്ന് ജര്‍മ്മന്‍ എഴുത്തുകാരന് ബ്രഹ്ത് പറഞ്ഞത് അതുകൊണ്ടാണ്. നല്ലൊരു ലൈബ്രറി മഹത്തായൊരു സര്‍വ്വകലാശാലയാണെന്ന് കാര്ലൈനും പറഞ്ഞു. പുസ്തകം ജ്ഞാനത്തിന്റെ താക്കോലാണ്. അതു തുറന്നും മറ്റുള്ളവര്‍ക്കായി തുറന്നുകൊടുത്തും വായനയെ അര്‍ത്ഥവത്താക്കുക. സര്ക്കാരിനാല് ഓര്മിപ്പിക്കപ്പെടേണ്ടതും ആഘോഷിക്കേണ്ടതുമല്ല എല്ലാം. കുറഞ്ഞപക്ഷം വായനയെങ്കിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: