കൊച്ചി: ഒട്ടനവധി കര്‍ശന വകുപ്പുകളോടെ പരിഷ്കരിച്ച 2013 ലെ കമ്പനി നിയമവും സങ്കീര്‍ണമായ സേവന നികുതി നിയമം ഉള്‍പ്പെടെയുള്ള നികുതി നിയമങ്ങളും വിവരസാങ്കേതിക വിദ്യയുടെ നൂതനസംവിധാന പശ്ചാത്തലത്തില്‍ നടപ്പാക്കുന്നതില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സേവനങ്ങള്‍ക്കു വളരെ പ്രാധാന്യമുണ്ടെന്നു കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന് പോള്‍ ആന്റണി പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ എറണാകുളം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ നടന്ന ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ മെമ്പര്‍ ബാബു എബ്രഹാം കള്ളിവയലില്‍ അദ്ധ്യക്ഷത വഹിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കു വേണ്ടി ഇന്ത്യയൊട്ടാകെ നടത്തുന്ന തുടര്‍ വിദ്യാഭ്യാസ പരിപാടികള്‍, ആഗോളവത്കരണ പശ്ചാത്തലത്തില്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുവാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ പ്രാപ്തരാക്കുന്നുവെന്ന് കള്ളിവയലില്‍ പറഞ്ഞു.
ഇത്തരം സെമിനാറുകളിലൂടെ നേടുന്ന അറിവുകള്‍ അംഗങ്ങള്‍ക്ക് ആഗോളതലത്തില്‍ മെച്ചപ്പെട്ട തൊഴില്‍ സാദ്ധ്യതകള്‍ നേടിക്കൊടുക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ ദേശീയ അദ്ധ്യക്ഷന്‍ ജി രാമസ്വാമി, റീജണല്‍ കൗണ്‍സില്‍ മെമ്പര്‍ ജോമോന് കെ.ജോര്‍ജ്, എറണാകുളം ശാഖ ചെയര്മാന് ആര് ബാലഗോപാല്‍, ജയിംസ് മാത്യു, എം പി വീരമണി, ലൂക്കോസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: