തിരുവനന്തപുരം: സംസ്ഥാനത്ത് കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തില്‍ 3000 ഓണച്ചന്തകള്‍ ആരംഭിക്കുമെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്. ഇതിനായി സര്‍ക്കാര്‍ 25 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എം. ഹംസയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.
സഹകരണസംഘങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് വില്‍പ്പന നികുതി ഇളവു നല്‍കുന്നതിന് നികുതിവകുപ്പുമായി ചര്‍ച്ച നടത്തും. അതേസമയം, ഇത്തരം സ്ഥാപനങ്ങള്‍ക്ക് അളവ് തൂക്ക നിയമങ്ങളില്‍ ഇളവ് നല്‍കേണ്ട ആവശ്യമില്ല. സുപ്രീംകോടതി വിധി അനുസരിച്ച് സംഘങ്ങള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് ഉചിതമായ നടപടി സ്വീകരിക്കും.
ഇത്തരം സ്ഥാപനങ്ങളില്‍ ഏകീകൃത സോഫ്റ്റ്വെയര് കൊണ്ടുവരാനുള്ള സാധ്യത പരിശോധിക്കും. സഹകരണസംഘങ്ങളിലെ അംഗങ്ങളുടെ ക്ഷേമത്തിനായി രൂപീകരിച്ചിട്ടുള്ള മെമ്പേഴ്സ് റിലീഫ് ഫണ്ടിലുള്ള തുക വിനിയോഗിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു. സഹകരണ സ്ഥാപനങ്ങളെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് രജിസ്ട്രേഷന് വകുപ്പ് മന്ത്രി അനൂപ് ജേക്കബും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: