മരങ്ങാട്ടുപിള്ളി: പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് മരണമടഞ്ഞ പാറക്കല്‍ സിബിയുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ സംസ്കരിക്കും. മരങ്ങാട്ടുപിള്ളി സംഭവത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി ഇന്ന് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഇന്നലെ രാവിലെ മുതല്‍ മരങ്ങാട്ടുപിള്ളിയിലും പരിസരങ്ങളിലും തടിച്ചുകൂടിയ ജനങ്ങള്‍ പോലീസ് വാഹനം തടഞ്ഞത് നേരിയതോതില്‍ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ഉച്ചകഴിഞ്ഞതോടെ മെഡിക്കല്‍ കോളേജില്‍ നിന്ന് മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മരങ്ങാട്ടുപിള്ളിയിലെത്തി. ഇതോടെ വിലാപയാത്ര പ്രതിഷേധമാര്‍ച്ചായി മാറുകയായിരുന്നു. മൃതദേഹവുമായി നാട്ടുകാര്‍ പോലീസ് സ്റ്റേഷനു മുന്നിലേക്ക് നീങ്ങി. പോലീസ് സ്റ്റേഷനു നൂറുമീറ്റര്‍ ദൂരെ പോലീസ് ബാരിക്കേഡുകള്‍ തീര്‍ത്ത് വിലാപയാത്ര തടഞ്ഞു. ഇതോടെ നാട്ടുകാര്‍ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. ഉന്നത ഉദ്യോഗസ്ഥരെത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്യാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചു. ഇതിനെത്തുടര്‍ന്ന് ഐജി എം.ആര്. അജിത്കുമാറും ജില്ലാ കളക്ടര്‍ യു.വി. ജോസും മരങ്ങാട്ടുപിള്ളിയിലെത്തി. ചര്‍ച്ചയ്ക്കൊടുവില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ആഭ്യന്തര വകുപ്പിനു റിപ്പോര്‍ട്ടു ചെയ്യുമെന്ന് ഐജിയും സിബിയുടെ കുടുംബത്തിന് ധനസഹായം നല്‍കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കുമെന്ന് കളക്ടറും സമരക്കാര്‍ക്ക് ഉറപ്പു നല്കി. ഇതേത്തുടര്‍ന്ന് രാത്രി ഏഴരയോടെ ഉപരോധം അവസാനിപ്പിച്ച് മൃതദേഹം സിബിയുടെ വസതിയിലേക്ക് കൊണ്ടുപോയി. ഇന്ന് ഉച്ചയ്ക്ക് 12നാണ് സംസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: