കൊച്ചി: പ്രേമത്തിന്റെ വ്യാജപകര്‍പ്പ് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയില്ലെന്നാരോപിച്ച് സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന് ഇന്നും നാളെയും തീയറ്റര്‍ അടച്ചിട്ട് സമരം ചെയ്യും. ഇതേ ആവശ്യമുന്നയിച്ച് ഇന്നലെ തീയറ്ററുകള്‍ അടച്ചിട്ടിരുന്നു. സമരം വൈഡ് റിലീസിംഗ് തടയാനാണെന്നാരോപിച്ച് വിതരണക്കാരുടെയും നിര്‍മ്മാതാക്കളുടെയും സംഘടനകള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബി ക്ലാസ്സ് തീയറ്ററിലുള്പ്പെടെ തെലുങ്ക് ചിത്രമായ ബാഹുബലി ഇന്ന് വൈഡ് റിലീസിങ്ങ് നടത്താനിരിക്കെ സമരം നീട്ടിയത് ആരോപണം ശരിയെന്ന് വ്യക്തമാക്കുന്നു.
റിലീസിങ്ങില്‍ നിന്നും പിന്നോട്ടില്ലെന്ന് വിതരണക്കാരായ സെഞ്ച്വറി ഫിലിംസ് വ്യക്തമാക്കി. ഇതോടെ പ്രേമത്തിന്റെ പേരില്‍ സിനിമാ മേഘലയില്‍ ആരംഭിച്ച സംഘര്‍ഷം പുതിയ തലത്തിലെത്തിയിരിക്കുകയാണ്. എന്നാല്‍ സമരം വൈഡ് റിലീസിങ്ങ് തടയാനാണെന്ന ആരോപണം ഫെഡറേഷന് പ്രസിഡണ്ട് ലിബര്‍ട്ടി ബഷീര്‍ നിഷേധിച്ചു. പ്രേമത്തിന്റെ വ്യാജപ്പതിപ്പ് പ്രചരിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തെക്കുറിച്ച് സംഘടന ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈഡ് റിലീസിങ്ങിന് വര്‍ഷങ്ങളായി ആവശ്യമുയരുന്നുണ്ടെങ്കിലും സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ എതിര്‍പ്പ് വിഘാതമാവുകയായിരുന്നു. പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്ന സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെ പരാതിയില്‍ കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും സിനി എക്സിബിറ്റേഴ്സ് ഫെഡറേഷനും കഴിഞ്ഞ മാസം പിഴ ചുമത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ വൈഡ് റിലീസിംഗ് നടപ്പാക്കാന്‍ സാധിക്കുമെന്നായിരുന്നു സംഘടനകളുടെ വിശ്വാസം. ഇത് മുന്‍കൂട്ടി കണ്ടാണ് പൈറസി വിഷയത്തില്‍ ഫെഡറേഷന് സമരവുമായിറങ്ങിയതെന്നാണ് ഇവരുടെ ആരോപണം. 200 കോടിമുടക്കിയ ചിത്രമായ ബാഹുബലിക്ക് കേരളത്തില്‍ 120 തീയറ്ററുകളുമായാണ് കരാറായിട്ടുള്ളത്. ഫെഡറേഷന് കീഴിലുള്ള ചില തീയറ്ററുകള്‍ റിലീസിങ്ങിന് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും വിതരണക്കാര്‍ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: