കൊല്ലം: ആറുമണിക്കൂറില്‍ താഴെ മാത്രം ജോലിഭാരമുള്ള വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ ജനറല്‍ ഫൗണ്ടേഷന് കോഴ്സ്(ജിഎഫ്സി) അദ്ധ്യാപകര്‍ക്ക് നിബന്ധനകളോടെയോ അല്ലാതെയോ ശമ്പളസ്കെയില്‍ അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം കെ. മോഹന്‍ കുമാര്‍ ഉത്തരവിട്ടു. കുണ്ടറ കുമ്പളം സെന്റ് മൈക്കിള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ജിഎഫ്സി അദ്ധ്യാപകനായ പയസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
ജോലിഭാരം കുറവാണെന്ന കാരണത്താല്‍ ജിഎഫ്സി അദ്ധ്യാപകര്‍ക്ക് കുറഞ്ഞ ശമ്പളം നല്കുന്നു എന്നാണ് പരാതി. നിയമന സമയത്ത് ഇവരുടെ യോഗ്യത ബിരുദാനന്തര ബിരുദമായിരുന്നു. 2004ല്‍ സ്പെഷ്യല്‍ റൂള്‍ നിലവില്‍ വരികയും അധ്യാപക നിയമനത്തിനുള്ള യോഗ്യതയില്‍ മാറ്റം വരുത്തുകയും ചെയ്തു. പീരീഡ് അനുസരിച്ച് അധ്യാപകരെ ജൂനിയര്‍, സീനിയര്‍ എന്ന് തരം തിരിച്ചു.
നിയമന സമയത്ത് നിശ്ചിത യോഗ്യത ഉണ്ടായിരുന്ന തന്നോട് സ്പെഷ്യല്‍റൂള്‍ അനുസരിച്ച് യോഗ്യത കൈവരിക്കാന്‍ ആവശ്യപ്പെടുകയോ സമയപരിധി നല്‍കുകയോ ചെയ്തില്ലെന്ന് പരാതിയില്‍ പറയുന്നു. അതിനാല്‍ തനിക്ക് ശമ്പളസ്കെയില്‍ അനുവദിക്കപ്പെട്ടില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു. പരാതിക്കാരനൊപ്പം നിരവധി അദ്ധ്യാപകര്‍ ഇതേ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പരാതിക്കാരന് നിയമനാംഗീകാരമുള്ളതായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചിരുന്നു.
അദ്ധ്യാപനത്തിന് പിരീഡ് അനുവദിക്കാത്തതാണ് പരാതിക്കാരന് ശമ്പളം കുറയാനുള്ള കാരണമെന്ന് കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ നിരീക്ഷിച്ചു. ജിഎഫ്സിക്ക് മാത്രം പീരിഡ് അനുവദിക്കാത്തത് അസമത്വം സൃഷ്ടിക്കും. സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വ്യത്യസ്തമായ രീതിയില്‍ വേതനം നല്‍കുന്നത് മനുഷ്യാവകാശ ലംഘനമാണെ് ഉത്തരവില്‍ പറയുന്നു.
2004ന് മുമ്പ് അന്നത്തെ യോഗ്യതയായ ബിരുദാനന്തര ബിരുദം നേടി നിയമനം ലഭിച്ച മറ്റ് വിഷയങ്ങളിലെ നോണ്‍ വൊക്കേഷണല്‍ അധ്യാപകര്‍ക്ക് ബിഎഡ,് സെറ്റ് യോഗ്യതകള്‍ നേടാതെ സീനിയര്‍ ടീച്ചറുടെ ശമ്പളസ്കെയില്‍ നല്കിയപ്പോള് പരാതിക്കാരന് ജൂനിയര്‍ ടീച്ചറുടെ ശമ്പളസ്കെയിലെങ്കിലും നല്‍കേണ്ടതായിരുന്നെന്ന് ഉത്തരവില്‍ പറയുന്നു. ഉത്തരവ് ചീഫ് സെക്രട്ടറിക്കും വിദ്യാഭ്യാസ സെക്രട്ടറിക്കും അയച്ചു കൊടുത്തു. രണ്ട് മാസത്തിനകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും നിര്‍ദ്ദേശിച്ചതായി കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: