ശാസ്താംകോട്ട: കല്ലടയാറിന്റെ തീരപ്രദേശമായ കുന്നത്തൂര്‍ കിഴക്കുതീരത്തുകൂടി കുന്നത്തൂര്‍-ഐവര്‍കാല പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് തീരദേശറോഡ് നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമായി. കുന്നത്തൂര്‍, നെടിയവിള-പുത്തനമ്പലംറോഡില് ആലുംകടവില്‍നിന്നും ആരംഭിക്കുന്ന തീരദേശറോഡ് കൊട്ടാരക്കര-കരുനാഗപ്പള്ളി പ്രധാനപാതയില്‍ ആറ്റുകടവില്‍ അവസാനിക്കുന്ന വിധത്തില്‍ വിഭാവനം ചെയ്യണമെന്നാണ് ആവശ്യം. ഏകദേശം ഒന്നരകിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ പാത യാഥാര്‍ത്ഥ്യമായാല്‍ ഐവര്‍കാല, മാനാമ്പുഴ, പുത്തനമ്പലം പ്രദേശങ്ങളിലെ നൂറുകണക്കിനാളുകള്‍ക്ക് പ്രയോജനകരമാകും.
നിലവില്‍ ഇതുവഴി നടപ്പാതയുണ്ടെങ്കിലും പൂര്‍ണമായും യാത്രക്കാര്‍ക്ക് പ്രയോജനപ്രദമല്ല. ഇടുങ്ങിയ വഴിക്ക് ഇരുവശവും കാടുവളര്ന്നുനില്ക്കുന്നതിനാല് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ ഇതുവഴി സഞ്ചരിക്കുവാന്‍ മടിക്കുകയാണ്. കൂടാതെ സാമൂഹ്യവിരുദ്ധശല്യവും തെരുവുനായ്ക്കളുടേയും ഇഴജന്തുക്കളുടേയും ഉപദ്രവവും രൂക്ഷമാണ്. കുന്നത്തൂര്‍, പുത്തൂര്‍ മേഖലകളിലെ കശുവണ്ടിഫാക്ടറികളില് ജോലിയ്ക്കുപോകുന്ന പുത്തനമ്പലം മേഖലയിലെ നൂറുകണക്കിന് സ്ത്രീതൊഴിലാളികള്‍ രാവിലേയും വൈകിട്ടും ഈ പാതയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ പലപ്പോഴും പലതരത്തിലുള്ള തടസ്സങ്ങള്‍ മൂലം ഏറെ ഇടുങ്ങിയ പാത ഇവര്‍ക്ക് പ്രയോജനപ്പെടാറില്ല.
കൂടാതെ കരിമ്പിന്‍പുഴ മഹാദേവര്‍ക്ഷേത്രം, കൊക്കാംകാവ് ഭഗവതിക്ഷേത്രം, കുന്നത്തൂര്കിഴക്ക് എന്‍എസ്എസ് കരയോഗം എന്നിവിടങ്ങളിലേക്കെത്തേണ്ടവരും ഈ വഴിയെയാണ് ആശ്രയിക്കുന്നത്. കുന്നത്തൂര്‍ ഫാക്ടറി ജംഗ്ഷനില്‍നിന്നും ആലുംകടവ് ഭാഗത്തേക്ക് പ്രവേശിക്കാന്‍ പടിക്കെട്ടോടുകൂടിയ വഴിയുണ്ടെങ്കിലും സഞ്ചരിക്കാന്‍ കഴിയാത്ത തരത്തില്‍ ഇതും കാടുമൂടികിടക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാടുവെട്ടിത്തെളിക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല.
ഇതിനെത്തുടര്‍ന്നാണ് ആലുംകടവ്-കുണ്ടന്‍കടവ്-ആറ്റുകടവ് തീരദേശറോഡ് നിര്‍മ്മിക്കണമെന്ന മുറവിളി വീണ്ടും ശക്തമായിരിക്കുന്നത്. തീരദേശറോഡ് നിര്്മ്മിക്കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതിനിടെ തീരദേശറോഡ് യാഥാര്‍ത്ഥ്യമാകേണ്ട ആറ്റുതീരത്തെ റവന്യൂപുറമ്പോക്ക് സ്വകാര്യ വ്യക്തി കൈയേറി മതില് നിര്‍മ്മിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു. റവന്യൂവകുപ്പിന്റെ നേതൃത്വത്തില്‍ കൈയേറ്റഭൂമി അളന്ന് തിട്ടപ്പെടുത്തി കൈയേറ്റക്കാരെ ഒഴിപ്പിക്കുകയും തീരദേശറോഡ് യാഥാര്‍ത്ഥ്യമാക്കുകയും വേണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: