കൊല്ലം: കര്ക്കിടകവാവിന് ലക്ഷങ്ങള്‍ പിതൃതര്‍പ്പണത്തിന് എത്തുന്ന തിരുമുല്ലാവാരം മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്തെ ബീച്ച് നില്ക്കുന്ന പരിസരം ഉള്‍പ്പടെ തീരത്തെ ഏക്കര്‍കണക്കിന് വസ്തു സ്വകാര്യ റിസോര്‍ട്ടുടമ സ്വന്തമാക്കി. സര്‍ക്കാര്‍ ഒത്താശയോടുകൂടിയാണ് ഈ വസ്തു സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കടല്‍തീര പരിധിയില്‍ വരുന്ന ഏക്കറുകണക്കിന് സ്വത്താണ് തീരദേശപരിപാലന നിയമം പോലും പാലിക്കാതെ ഇവര്‍ കൈക്കലാക്കിയിരിക്കുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൊല്ലം ഗ്രൂപ്പില്‍പെട്ട ക്ഷേത്രങ്ങളിലൊന്നാണ് തിരുമുല്ലാവാരം മഹാവിഷ്ണുക്ഷേത്രം. ക്ഷേത്രത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നാണ് കര്‍ക്കിടകമാസത്തിലെ കറുത്തവാവ് ദിവസം നടക്കുന്ന വാവുബലി തര്‍പ്പണം. ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് ഭക്തരാണ് വാവുബലികര്‍മ്മം ചെയ്യാനായി തിരുമുല്ലാവാരത്ത് അന്നെത്തുന്നത്. അവര്‍ക്ക് തര്‍പ്പണം നടത്തുന്നതിന് ആവശ്യമായ പുരയിടമാണ് ഇപ്പോള്‍ സ്വകാര്യ റിസോര്‍ട്ട് മാഫിയ സ്വന്തമാക്കിയിരിക്കുന്നത്.
നെയ്യാറ്റിന്‍കര സ്വദേശി പോളാണ് തീരദേശ മേഖലയില്‍ എഴുപത് ഏക്കറോളം സ്വന്തമാക്കിയിരിക്കുന്നത്. ഇയാള്‍ക്ക് നിലവില്‍ കേരളത്തിനകത്തും പുറത്തുമായി നിരവധി റിസോര്‍ട്ടുകള്‍ ഉണ്ട്നിലവില് വസ്തുവിന്റെ ഉടമകള്‍ക്ക് മോഹവില നല്കി യാണ് ഏക്കറുകണക്കിന് ഭൂമി ഇയാള്‍ കൈക്കലാക്കിയിരിക്കുന്നത്. ഇതില്‍ 90 സെന്റോളം പുറമ്പോക്ക് ഭൂമിയാണ്. 2004 മുതലാണ് പോള്‍ തിരുമുല്ലാവാരം ഭാഗത്ത് തീരദേശമേഖലയില്‍ ഭൂമിവാങ്ങിച്ചുകൂട്ടാന് തുടങ്ങിയത്. തുടര്‍ന്ന് 2014ല്‍ എത്തിനില്ക്കുമ്പോള് തീരമേഖലയിലെ ഏതാണ്ട് മുഴുവന്‍ വസ്തുക്കളും ഇയാള്‍ സ്വന്തമായിരിക്കുകയാണ്. രണ്ട് കിലോമീറ്റര്‍ നീളത്തിലാണ് ഇയാളുടെ വസ്തുവകകള്‍ കിടക്കുന്നത്. ഇവിടുത്തെ ആളുകള്‍ക്ക് പൊന്നുംവില കൊടുത്താണ് ഇയാള്‍ ഇത് സ്വന്തമായിരിക്കുന്നത്.
സമുദ്രാതിര്‍ത്തിയില്‍ സ്പീഡ് ബോട്ട് ഉള്‍പ്പടെ അടുക്കാന്‍ സാധ്യതയുള്ള മേഖലയാണ് തിരുമുല്ലാവാരം ബീച്ച്. ഇത് രാജ്യസുരക്ഷയെത്തന്നെ സാരമായി ബാധിച്ചേക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു സ്വകാര്യവ്യക്തി തീരദേശത്ത് ഇത്രയും ഭൂമി വാങ്ങിക്കൂട്ടിയത് പിന്നില്‍ സംസ്ഥാനസര്‍ക്കാരിലെയും കൊല്ലത്തെ റവന്യൂ, വില്ലേജ് ഓഫീസുകളിലെയും ഉന്നതരുടെ ഒത്താശയോടെയാണെന്ന് ആരോപണമുണ്ട്. ഇവിടുത്തെ ഒരു ഏക്കറോളം വരുന്ന പുറമ്പോക്ക് ഭൂമിയടക്കം ഇയാളുടെ പക്കലാണ് ഇപ്പോള്‍ ഉള്ളത്.
2004 ലാണ് സംഭവങ്ങള്‍ക്ക് തുടക്കമാകുന്നത്. അന്ന് ഈ ഭൂമി മതില്‍കെട്ടി വേര്‍തിരിക്കാന്‍ നടത്തിയ ശ്രമം ഭക്തരും ക്ഷേത്രോപദേശക സമിതിയും ഇടപെട്ട് തടയുകയായിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ അതിന് പരിഹാരം കാണുകയും വസ്തു ദേവസ്വം ബോര്‍ഡ് വാങ്ങുന്നതിന് നടപടി ആരംഭിക്കുകയും ചെയ്തു. ഇതിന്‍പ്രകാരം നടത്തിയ പരിശോധനയിലെല്ലാം തന്നെ ലക്ഷങ്ങള്‍ പിതൃതര്‍പ്പണത്തിനെത്തുന്ന ഭൂമി ദേവസ്വം ബോര്‍ഡ് വാങ്ങണമെന്ന് നിര്‍ദേശമുണ്ട്.
സംയുക്ത പഠന റിപ്പോര്‍ട്ടില്‍ കര്‍ക്കിടകവാവ് ദിവസം ഇവിടെയെത്തുന്ന ഭക്തര്‍ക്ക് സുഗമമായി ബലിതര്‍പ്പണം ചെയ്യുന്നതിന് ഈ വസ്തു ആവശ്യമാണെന്നും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതടക്കമുള്ള ഗതാഗതക്കുരുക്ക് ഇതേറ്റെടുത്താല്‍ പരിഹരിക്കപ്പെടുമെന്നും പറയുന്നു. എന്നാല്‍ സ്വകാര്യവ്യക്തിയുടെ ഉന്നതബന്ധം മൂലം ഈ ഭൂമി ഏറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.
തിരുമുല്ലാവാരം ബലിതര്‍പ്പണഭൂമി സംരക്ഷിക്കണമെന്ന് കാണിച്ച് ക്ഷേത്രോപദേശക സമിതി ഹൈക്കോടതിയെ സമീപ്പിക്കുകയും ഉടന്‍ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി കല്ലിടാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇതുവരെയും ആ ഉത്തരവും പാലിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: