അമ്പലപ്പുഴ: കരൂരില്‍ അങ്കണവാടിക്ക് സമീപത്തെ പീലിങ് ഷെഡിന്റെ പ്രവര്‍ത്തനം പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ഭീഷണിയാകുന്നു. മഴക്കാലമായതോടെ പ്രദേശത്ത് ദുരിതം വിതയ്ക്കുന്ന പീലിങ് ഷെഡ് പൂട്ടുവാന്‍ ആരോഗ്യവകുപ്പും പഞ്ചായത്ത് സെക്രട്ടറിയും നോട്ടീസ് നല്കി. എന്നാല്‍ നിയമങ്ങളെ വെല്ലുവിളിച്ച് ഷെഡിന്റെ പ്രവര്‍ത്തനം തുടരുകയാണ്.
പുറക്കാട് പഞ്ചായത്ത് നാലാം വാര്‍ഡ് കരൂര്‍ ജങ്ഷന് കിഴക്കാണ് സംഭവം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് നിരവധി വര്‍ഷങ്ങളായി പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെയാണ് ഷെഡ് പ്രവര്‍ത്തിക്കുന്നത്. ചെമ്മീന്‍ കഴുകുന്ന മലിനജലം പ്രദേശത്തെ ജനവാസ കേന്ദ്രത്തിലെ ചെറു തണ്ണീര്ത്തടങ്ങളിലേക്കാണ് ഒഴുകുന്നത്. ഇതിന് സമീപത്താണ് അങ്കണവാടിയും പ്രവര്‍ത്തിക്കുന്നത്. ഷെഡില്‍ നിന്നും ഒഴുക്കിവിടുന്ന മലിനജലം ഇതിന് സമീപത്തെ കുഴിയില്‍ കെട്ടിക്കിടക്കുകയാണ്.
ഇതേത്തുടര്‍ന്ന് പ്രദേശവാസികള്‍ ഒപ്പിട്ട പരാതി സ്വീകരിച്ച ആരോഗ്യവകുപ്പും പഞ്ചായത്ത് സെക്രട്ടറിയും ഷെഡ് പൂട്ടുവാന്‍ ഉടമയ്ക്ക് നോട്ടീസ് നല്കി. എന്നാല്‍ നോട്ടീസുമായി എത്തിയ ഉദ്യോഗസ്ഥരെ ഷെഡ് ഉടമയും സംഘവും ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. പോലീസിന്റെ സഹായത്തോടെ ഷെഡ് പൂട്ടുവാന്‍ തയാറാകുമെന്ന് പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് വി.സി. മധു പറഞ്ഞു. ഇത്തരത്തില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് നിരവധി പീലിങ് ഷെഡുകളാണ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: