കലവൂര്‍: കലവൂര്‍ ജംഗ്ഷനിലെ വസ്ത്രവ്യാപാരശാലയില്‍ വന്‍ അഗ്നിബാധ. തീയണയ്ക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. തുണിത്തരങ്ങളും മുന്തിയതരം മൊബൈല്‍ ഫോണുകളും അടക്കം കത്തിനശിച്ചു. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കലവൂര്‍ വെട്ടപ്പറമ്പില് തങ്കപ്പന്‍നായരുടെ മകന് രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ചമയം ടെക്സ്റ്റയില്‍സിലാണ് തീ പിടുത്തം ഉണ്ടായത്. അതിനോടൊപ്പമുള്ള മൊബൈല്‍ ഷോപ്പും അഗ്നിക്കിരയായി. നൂറോളം മൊബൈലുകളും 1500 ഓളം സിംകാര്‍ഡുകളും റീച്ചാര്‍ജ്ജ് കൂപ്പണുകളും നശിച്ചവയില്‍പെടും. ഫ്രണ്ട്സ് ഹോട്ടല്‍ ഉടമ സാലി, ഓട്ടോ ഡ്രൈവര്‍ മജീദ് എന്നിവര്‍ക്കാണ് തീഅണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റത്. ഇവര്‍ മണ്ണഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. അടഞ്ഞുകിടന്ന കടയില്‍ നിന്നും പുക ഉയരുന്നത് സമീപത്തെ ഓട്ടോറിക്ഷാക്കാരാണ് ആദ്യം കണ്ടത്.
ഷട്ടറിന്റെ പൂട്ട് പൊളിച്ച് തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ആലപ്പുഴയില്‍ നിന്നും ഫയര്‍ഫോഴ്സും മണ്ണഞ്ചേരി പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്യം നല്കി. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഏതാനും മാസങ്ങള്‍ മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കലവൂരില്‍ ജംഗ്ഷനിലെ നാലുകടകള്‍ കത്തി നശിച്ചിരുന്നു.
ഇസ്മയിലിന്റെ സ്റ്റേഷനറികട, സത്യന്റെ സ്റ്റേഷനറി മൊത്ത വ്യാപാര ശാല, കുമാരന്റെ സൈക്കിള്‍ സ്പെയര്‍ പാര്ട്സ്കട, വാസുദേവന്റെ പച്ചമരുന്നുകട, സുധീറിന്റ ഹോട്ടല്‍ എന്നിവിടങ്ങളിലാണ് അന്ന് തീപിടിച്ചത്. അരക്കോടിയോളം രൂപയുടെ നാശനഷ്ടമാണുണ്ടായത്. അടിക്കടിയുണ്ടാകുന്ന അഗ്നിബാധയില്‍ വ്യാപാരികള്‍ ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: