കൊച്ചി: 15 ഗ്രാം ഹെറോയിനുമായി ബംഗാള്‍ സ്വദേശി പിടിയിലായി. എക്സൈസ് കമ്മീഷണറും ‘മൂണ്‍ഷൈന്‍’ സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കോളനികളില്‍ എറണാകുളം എക്സൈസ് എന്‍ഫോഴ്സമെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ റെയിഡിലാണ് അറസ്റ്റ്. 15 ഗ്രാം ഹെറോയിനുമായി പശ്ചിമബംഗാള്‍ ധോംകല് സ്വദേശിയായ മുംതാജ്(35) എന്നയാളെയാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എസ്.ശശികുമാര്‍ അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂരിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ കല്‍പ്പണിക്കാരനാണ് മുംതാജ്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കൂലിക്കു പകരമായി മയക്കുമരുന്നു നല്‍കുന്നതിനായി കടത്തിക്കൊണ്ടുവന്നതാണ് പിടികൂടിയ ഹെറോയിന്‍ എന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്കു കടത്തിക്കൊണ്ടുവരുന്ന ഏജന്റുമാര്‍ മയക്കുമരുന്നിനടിമകളായവരെ കണ്ടെത്തി പ്രത്യേകം താമസിപ്പിച്ച് കൂലിക്ക് പകരം മയക്കുമരുന്ന് നല്കുന്ന പ്രവണത വ്യാപകമാണ് എന്നറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
പ്രിവന്റീവ് ഓഫീസര്‍മാരായ ജബ്ബാര്‍, സുരേഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സാജന് പോള്‍, ടി.ഡി.ജോബ്, സുനീഷ് കുമാര്‍, മണി, കൃഷ്ണകുമാര്‍, സുരേഷ് ബാബു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
മയക്കുമരുന്നു വില്‍പ്പനയെക്കുറിച്ചുള്ള വിവരങ്ങള്‍ 9400069550 എന്ന നമ്പറില്‍ അറിയിക്കണമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: