കൊല്ലം: സി. കേശവന് മെമ്മോറിയല്‍ ടൗണ്‍ഹാളിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കോര്പ്പറേഷന് കൗണ്‍സില്‍യോഗത്തില്‍ പ്രതിഷേധം. ടൗണ്‍ഹാള്‍ നവീകരണത്തിന് പ്രൊജക്ട് തയ്യാറാക്കി ഡിപിസിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാലുടന്‍ പ്രവൃത്തി ആരംഭിക്കുമെന്നും പ്രശ്നമുന്നയിച്ച അംഗങ്ങള്‍ക്ക് മറുപടിയായി ഡെപ്യൂട്ടിമേയര്‍ എം. നൗഷാദ് പറഞ്ഞു.
ടൗണ്‍ഹാളിലെ കാലപ്പഴക്കം ബാധിച്ച ഇരിപ്പിടങ്ങള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിന് ടെണ്ടര്‍ നടപടി പൂര്‍ത്തിയായതായി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എസ്. ശ്രീകുമാര്‍ അറിയിച്ചു. നവീകരണം കഴിഞ്ഞാല്‍ ടൗണ്‍ഹാളിന്റെ വാടകനിരക്ക് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശൂന്യവേളയില്‍ സിപിഐയിലെ ഉളിയക്കോവില്‍ ശശിയാണ് ടൗണ്‍ഹാളിന്റെ ദുരവസ്ഥ ആദ്യം കൗണ്‍സിലിന്റെ ശ്രദ്ധയില്‍പെടുത്തിയത്. ടൗണ്‍ഹാളിന്റെ പിന്നാമ്പുറം കണ്ടാല്‍ പിന്നെ അവിടേക്ക് ആരും പോകാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ചിന്നക്കടയില്‍ കോര്പ്പറേഷന് ചെലവില്‍ താല്കാലികമായെങ്കിലും ബസ്സ്റ്റാന്‍ഡ് നിര്‍മിക്കണം.
ടൗണ്‍ഹാളിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് അംഗം ജോര്‍ജ് ഡി. കാട്ടില്‍ ആവശ്യപ്പെട്ടു. മാലിന്യം സംഭരിക്കാന്‍ കോര്പ്പറേഷന് ഒന്നും ചെയ്യുന്നില്ല. ഒരുകിലോ മാലിന്യം പോലും സംസ്കരിക്കാന്‍ കഴിഞ്ഞിട്ടില്ല. കുടിവെള്ളപദ്ധതിക്ക് 12 കോടി രൂപ വിനിയോഗിച്ചിട്ടും ഒരു ലിറ്റര്‍ വെള്ളം പോലും അധികം കൊണ്ടുവരാന്‍ കഴിഞ്ഞില്ല. തീരദേശത്ത് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കണം. മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത് മൂലം പകര്‍ച്ചവ്യാധി ഭീഷണിയിലാണ് തീരപ്രദേശം. ഇവിടം മിനി ചണ്ടിഡിപ്പോ ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജീവ്ഗാന്ധി ആവാസ് യോജന(റേ) പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന എസ്എംപി പാലസ് ചേരി വികസന പദ്ധതി കോര്പ്പറേഷന് നഷ്ടമാവില്ലെന്ന് ഇത് സംബന്ധിച്ച് കോണ്‍ഗ്രസിലെ സി വി അനില്‍കുമാറിന്റെ ചോദ്യത്തിന് മേയര്‍ മറുപടി നല്കി. അധികരിച്ച ടെണ്ടര്‍ തുക അംഗീകരിക്കുന്നതോടെ പദ്ധതിയുടെ തറക്കല്ലിടല്‍ നടത്തും. എസ്എംപി കോളനിയുടെ വികസനം ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ പഴയ ഫഌറ്റുകള്‍ ഇടിഞ്ഞുവീണ് ഇവിടെ വന്‍ദുരന്തം സംഭവിക്കുമെന്ന് അനില്‍കുമാര്‍ പറഞ്ഞു.
ശക്തികുളങ്ങര ഡിവിഷനിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടി വേണമെന്ന് മീനാകുമാരി ആവശ്യപ്പെട്ടു. തെരുവ്നായ ശല്യം രൂക്ഷമായിരിക്കുകയാണെന്നും സന്ധ മയങ്ങിയാല്‍ റോഡുകള്‍ തെരുവ് നായകള്‍ കൈയടക്കുകയാണെന്നും ലൈലാകുമാരി(കോണ്‍ഗ്രസ്) പറഞ്ഞു.
മഴക്കാലമായതോടെ തെരുവ് വിളക്കുകള്‍ ഭൂരിഭാഗവും പ്രവര്‍ത്തന രഹിതമായിരിക്കുകയാണെന്നും അംഗങ്ങള്‍ പരാതിപ്പെട്ടു. പേപ്പട്ടി ശല്യം രൂക്ഷമായിരിക്കുകയാണെന്ന് പറഞ്ഞ ഹംസത്ത്ബീവി പള്ളിമുക്കില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: