സിനിമാ മോഹം തലയ്ക്കു പിടിച്ച് ഷൂട്ടിംഗ് ലൊക്കേഷനുകളിലൂടെ യാത്ര. അതെത്തിയത് സഹസംവിധായക വേഷത്തില്‍. ‘സ്വതന്ത്ര’നാവാന് പലവാതിലുകളും മുട്ടി. സിനിമക്കഥ പറഞ്ഞിരിക്കെ നിര്‍മ്മാതാവിനു വന്ന ഫോണ്‍ കോള്‍ തലവര മാറ്റി. സിനിമയെടുക്കാന്‍ വന്നയാള്‍ സീരിയലെടുത്തു.
മലയാളികളുടെ കുടുംബ സദസ്സുകളില്‍ ഒന്നിനുപുറകെ ഒന്നായി ഹിറ്റുകള്‍ തീര്‍ത്ത് പ്രേക്ഷകരുടെ ഇഷ്ട സീരിയല്‍ സംവിധായകനായി മാറി. ഒടുവില്‍ സീരിയലിന്റെ കഥ പറയുന്ന മലയാള സിനിമയിലെ ആദ്യസിനിമ പിറന്നു. തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തിന്റെ സംവിധായകന് കണ്ണന് താമരക്കുളത്തിന്റെ വിശേഷങ്ങള്‍.
സിനിമയിലേക്കുള്ള വഴി
ആലപ്പുഴയിലെ താമരക്കുളം എന്ന നാട്ടിന്‍പുറത്താണ് ജനിച്ചു വളര്‍ന്നത്. അച്ഛന് സോമന് മിലിട്ടറി ജീവിതത്തിനുശേഷം അധ്യാപകനായി. അമ്മ സുജാതയും ടീച്ചറായിരുന്നു. സ്കൂള്‍ പഠനകാലത്തു തന്നെ നാടകം, മിമിക്രി, മോണോ ആക്ട് എന്നിവയില്‍ കമ്പമായിരുന്നു. സ്കൂള്‍കാലത്ത് സംഘമിത്ര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്ന പേരില്‍ ക്ലബ്ബുണ്ടാക്കി നാടകമെഴുതി സംവിധാനം ചെയ്തിരുന്നു. ഉത്സവങ്ങളുടെ നാടായ ഓണാട്ടുകരയില്‍ അവതരിപ്പിക്കപ്പെടുന്ന പ്രൊഫഷണല്‍ നാടകങ്ങളുടെ ഇടവേളയില്‍ ഞങ്ങള്‍ കുട്ടികളുടെ നാടകങ്ങള്‍ക്കും അവസരം ലഭിച്ചിരുന്നു.സിനിമ ഒരു സ്വപ്നമായി കൊണ്ടുനടന്നു. പക്ഷെ ആ ലോകത്തേക്ക് വഴികാട്ടാന്‍ ബന്ധുക്കളോ പരിചയക്കാരോ ഉണ്ടായിരുന്നില്ല.
ജീവിതം വഴിമാറുന്നത് പത്താംക്ലാസിലെ മധ്യവേനല്‍ അവധിക്കാലത്താണ്. ചികിത്സയ്ക്കായി കൊച്ചച്ഛന് ഒരു മാസം തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍. കൂട്ടിരിപ്പ് ഞാനും. ആശുപത്രിയില്‍ വൈകീട്ടേ പ്രവേശനമുള്ളു. രാവിലെ ഏതെങ്കിലും ബസില്‍ കയറും. പോകുന്ന വഴി ഷൂട്ടിങ് യൂണിറ്റിന്റെ വാഹനങ്ങള്‍ കാണുന്നിടത്തിറങ്ങും. ഷൂട്ടിങ് കാണും. ഇതായിരുന്നു വിനോദം. കൊച്ചച്ഛന് ആശുപത്രി വിട്ടു കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞാണ് ആ യാത്ര അവസാനിപ്പിച്ചത്. അതിനിടയില്‍ പരിചയപ്പെട്ട മുരളി എന്ന സംവിധായകന് എന്നെ ഒപ്പം കൂട്ടിയിരുന്നു.
മുരളി സംവിധാനം നിര്‍വ്വഹിച്ച സായ്കുമാര് നായകനായ ശാന്തിതീരങ്ങളിലൂടെ എന്ന ചിത്രത്തില്‍ സഹസംവിധായകനായി. ചിത്രം പൂര്‍ത്തിയായില്ല. പക്ഷെ ആ പരിചയം ഐ.വി.ശശി, മോഹന്‍ കുപ്ലേരി, സാജന് തുടങ്ങിയ സംവിധായകരൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കി.
സീരിയല്‍ രംഗത്തേക്ക്
സ്വതന്ത്ര സംവിധായകനാകാനുള്ള മോഹവുമായി പലരുടെയും അടുക്കല്‍ കഥയുമായി എത്തി. ഒരിക്കല്‍ അരോമ മണിച്ചേട്ടനോട് ഒരു കഥ പറയാനെത്തി. അപ്പോഴാണ് മണിച്ചേട്ടന് ഏഷ്യാനെറ്റില്‍ നിന്നും ഒരു വിളി. ഒരു സീരിയല്‍ വേണം. സിനിമാ കഥയുമായെത്തിയ എന്നോട് ‘നീ ആദ്യം ഒരു സീരിയല്‍ ചെയ്യൂ’ എന്നായി. കിട്ടുന്ന ഒരവസരം കളയരുതല്ലോ എന്ന് കരുതി സിനിമാ മോഹം മാറ്റിവച്ച് സീരിയലിലേക്ക് കടന്നു.
ഒപ്പമുണ്ടായിരുന്ന ദിനേശ് പള്ളത്തിന്റെ രചനയില്‍ ഏഷ്യാനെറ്റില്‍ മെഗാസീരിയലായ ‘മിന്നാരം’ സംപ്രേഷണമാരംഭിച്ചു. ‘മിന്നാരം’ നല്ല തുടക്കമായിരുന്നു. പിന്നീട് ‘മിഥുനം’, ‘വിശുദ്ധ തോമാശ്ലീഹ’, ‘അക്കരെ ഇക്കരെ’, ‘അമ്മത്തൊട്ടില്‍’, ‘കളിപ്പാട്ടങ്ങള്‍’ തുടങ്ങിയ സീരിയലുകളുടെ സംവിധാനം. ‘മാനസപുത്രി’ തമിഴിലും തെലുങ്കിലും ‘കുങ്കുമപ്പൂവ്’ തമിഴിലും എടുത്തു. ഇതിനിടെ തമിഴില്‍ രശ്മി രാമകൃഷ്ണന്റെ ‘നെരുങ്കിവാ മുത്തമിടാതെ’ എന്ന ചിത്രത്തില്‍ ക്രിയേറ്റീവ് ഡയറക്ടറായി. 2014ല്‍ തമിഴില്‍ പുതുമുഖങ്ങളെ വച്ചെടുത്ത ‘സൂരയാടല്‍’ ആണ് ആദ്യസിനിമ.
‘തിങ്കള്‍ മുതല്‍ വെള്ളിവരെ’
മനസില്‍ മറ്റുപല പ്രോജക്ടുകളും ഉണ്ടായിരുന്നു. മറ്റൊരു കഥയുമായി ആന്റോ ജോസഫേട്ടന്റെ അടുത്തെത്തിയപ്പോഴാണ് എന്തുകൊണ്ട് സീരിയല്‍ പശ്ചാത്തലമാക്കിയൊരു സിനിമ എടുത്തുകൂടാ എന്നു ചോദിക്കുന്നത്. ആന്റോ ചേട്ടനുമായി 15 വര്‍ഷത്തെ പരിചയമുണ്ട്. കാര്യസ്ഥനുശേഷം ഒരുമിച്ച് ഒരു സിനിമ ചെയ്യേണ്ടതായിരുന്നു. സീരിയല്‍ പശ്ചാത്തലത്തില്‍ ഒരു സിനിമ ഇതുവരെയും വന്നിട്ടുമില്ല. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ഒരേസമയം പല സീരിയലുകളുടെ കഥയെഴുതുന്ന ജയചന്ദ്രന് ചുനക്കരയെന്ന കഥാപാത്രത്തെ നായകനാക്കി കഥയൊരുങ്ങുന്നു. ആ കഥാപാത്രത്തിന് അനുയോജ്യനായ നായകന് ജയറാം ആണെന്ന് മനസ്സില്‍ കണ്ടിരുന്നു. ആന്റോ ചേട്ടനടുത്ത് കഥ പറഞ്ഞപ്പോള്‍ അദ്ദേഹം നിര്‍ദ്ദേശിച്ചതും ജയറാമിനെ തന്നെയായിരുന്നു’മൈലാഞ്ചിമൊഞ്ചുള്ള വീടിന്റെ’ ലൊക്കേഷനില്‍ പോയി കഥപറയുന്നു. കഥ കേട്ടയുടന്‍ ജയറാം സമ്മതംമൂളി.
നായികയെ തിരഞ്ഞെടുക്കുന്നതിലാണ് കഷ്ടപ്പെട്ടത്. തനി നാട്ടിന്‍പുറത്തുകാരിയായ, സീരിയല്‍ പ്രേമിയായ, കലപില സംസാരിക്കുന്ന നായികയെ ആര് അവതരിപ്പിക്കുമെന്നത് തലവേദനയായി. രണ്ട് മൂന്നുമാസം നായികയെത്തേടി അലഞ്ഞു.യാദൃച്ഛികമായി സംസാരത്തിനിടയില്‍ റിമിടോമിയെ പോലൊരു പെണ്‍കുട്ടിയെ കിട്ടിയാല്‍ നായികയാക്കാമായിരുന്നു എന്ന് പറഞ്ഞു.
കേട്ടപാതി ആന്റോ ചേട്ടന് എങ്കില്‍ എന്തുകൊണ്ട് റിമിയെതന്നെ ആയിക്കൂട എന്നായി. ജയറാമിനും പൂര്‍ണ്ണ സമ്മതം. എന്നാല്‍ റിമിയെ സമീപിച്ചപ്പോള്‍ ഒരു രക്ഷയുമില്ല. അമ്പിനും വില്ലിനുമടുക്കില്ല. ഞാന്‍ സിനിമ ചെയ്യില്ല എന്ന നിലപാട്. ഒടുവില്‍ ജയറാം അടക്കം ധൈര്യം നല്കിയപ്പോള് സമ്മതിച്ചു. നിങ്ങളുടെ ഗ്യാരന്റിയില്‍ ചെയ്യാം.
സിനിമ മോശമായാല്‍ എന്നെ കുറ്റംപറയരുതെന്നായി റിമി. പിന്നീടാണ് നെഗറ്റീവ് ഛായയുള്ള, മറ്റൊരു മുഖ്യകഥാപാത്രമായ അനൂപ് മേനോന്റെ കഥാപാത്രത്തിന് ആളെ തേടുന്നത്. അനൂപുമായി സൗഹൃദമുണ്ടായിരുന്നു. വളരെ സെലക്ടീവായി വേഷം ചെയ്യുന്ന അനൂപ് ആ റോള്‍ ചെയ്യുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അനൂപ് ആ കഥാപാത്രത്തെ മനോഹരമാക്കി.
തിങ്കള്‍ മുതല്‍ വെള്ളിവരെ സിനിമയിലെ രസകരമായ അനുഭവം
രസകരമായ മുഹൂര്‍ത്തങ്ങള്‍ നിരവധിയുണ്ട്. ആദ്യ രണ്ട് ദിവസം റിമിടോമി നല്ല ടെന്‍ഷനിലായിരുന്നു. പിന്നീട് ശരിക്കും പുഷ്പവല്ലിയായി മാറി. റിമിയുടെ പ്രശ്നം, ശരിക്കും കഥാപാത്രമായിക്കളയും. സിനിമയുടെ ഒരു ഷോട്ടില്‍ ഡാന്‍സിനിടെ ജയറാമിന്റെ കഴുത്തില്‍ ഷാള്‍ മുറുക്കി പുറകോട്ടു വലിക്കുന്ന ഒരു രംഗമുണ്ട്. കട്ട് പറയാന്‍ ഒരു മിനിട്ട് വൈകിയെങ്കില്‍ റിമി അകത്തായേനെ. ഞാനും പ്രേരണാകുറ്റത്തിന് അകത്തു കിടന്നേനെ.
സിനിമയില്‍ 120ല്‍പരം സീരിയല്‍ താരങ്ങളുടെ സാന്നിധ്യം
സീരിയല്‍ രംഗത്തുള്ളവരുമായുള്ള അടുപ്പം ഗുണം ചെയ്തു. അറിയപ്പെടുന്ന സീരിയല്‍ താരങ്ങളെല്ലാം കഥാപാത്രങ്ങളായി. ഒരേസമയം ഇത്രയുംപേരെ അവതരിപ്പിക്കാന്‍ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. വിളിച്ച എല്ലാവരും വേഷത്തെക്കുറിച്ചോ കഥയെക്കുറിച്ചോ ചോദിക്കാതെ വരാമെന്നു സമ്മതിച്ചത് അത്ഭുതമായിരുന്നു.
സീരിയലില്‍ നിന്നും സിനിമയിലേക്ക് വരുമ്പോഴുള്ള പ്രതിസന്ധി
സീരിയലില്‍ നിന്നും സിനിമയിലേക്ക് വരുന്നവര്‍ക്ക് അദൃശ്യമായ ഒരു വിലക്കുണ്ടെന്നത് സത്യമാണ്. സീരിയല്‍ ചെയ്യുന്ന എല്ലാവരുടെയും ആഗ്രഹം സിനിമ ചെയ്യണം എന്നതുതന്നെയാവും. എന്നാല്‍ അഭിനേതാക്കളായാലും മറ്റുള്ളവരായാലും സിനിമയിലേക്ക് വരുമ്പോള്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നതിനുള്ള സാഹചര്യങ്ങളില്ല.
സംതൃപ്തി നല്‍കുന്നത്
സിനിമ തന്നെയാണ്. എന്നാല്‍ സിനിമ ചെയ്യുന്ന അതേ റിസ്ക് സീരിയല്‍ ചെയ്യുമ്പോഴും ഉണ്ട്. വെള്ളി, ശനി, ഞായര്‍ ദിവസത്തെ കളക്ഷനാണ് സിനിമാക്കാരുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതെങ്കില്‍ വ്യാഴാഴ്ചത്തെ ചാനല്‍ റേറ്റിങ്ങാണ് സീരിയലുകാരുടെ പ്രഷര്‍ കൂട്ടുന്നത്.’തിങ്കള്‍ മുതല്‍ വെള്ളിവരെയില്‍’ കാണുന്നതിനേക്കാള്‍ വലിയ മത്സരമാണ് വിവിധ ചാനലുകളിലെ സീരിയലുകള്‍ തമ്മില്‍.
പുതിയ സിനിമ
ആന്റോ ജോസഫ് ഫിലിം കമ്പനിക്കുവേണ്ടിയുള്ള സിനിമാ ഉടനുണ്ടാവും. നഗരകേന്ദ്രീകൃതമായ ഒരു സസ്പെന്‍സ് ത്രില്ലറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: