ന്യൂദല്‍ഹി: അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധി സഹായം തേടി ആര്‍എസ്എസിനെ സമീപിച്ചിരുന്നതായി വിക്കിലീക്സ് വെളിപ്പെടുത്തല്‍. സഞ്ജയ് ഗാന്ധിയുടെ ആവശ്യം നിരാകരിച്ച ആര്‍എസ്എസിനെ പിന്നീട് ഇന്ദിരാഗാന്ധി നിരോധിച്ചു.
1976 ഡിസംബര്‍ 14ന് കേന്ദ്രസര്‍ക്കാരും ആര്‍എസ്എസും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചിരുന്ന അവസ്ഥയില്‍ സഞ്ജയ് ഗാന്ധി ആര്‍എസ്എസിനോട് സന്ധിക്ക് ശ്രമിച്ചിരുന്നതായി യുഎസ് എംബസിയില്‍ നിന്നുമയച്ച സന്ദേശത്തിലാണുള്ളത്. ബ്രിട്ടീഷ് ഹൈക്കമ്മീഷനെ ഉദ്ധരിച്ചുകൊണ്ടാണ് വിക്കിലീക്സിന്റെ ഈ വെളിപ്പെടുത്തല്‍.
ആര്‍എസ്എസ് മാത്രമാണ് സംഘടിത രാഷ്ട്രീയശക്തിയായി നിന്ന് അടിയന്തരാവസ്ഥയെ ഫലപ്രദമായി ചെറുത്തതെന്നും സന്ദേശത്തില്‍ പറയുന്നു. ആര്‍എസ്എസ് ഗ്രാമനഗര ഭേദമെന്യേ സംഘടന കെട്ടിപ്പടുത്തിട്ടുണ്ടെന്നും സന്ദേശം തുടരുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ദിരാഗാന്ധിയുടെ ഉപദേശകവൃന്ദത്തെ സംബന്ധിച്ച് തങ്ങള്‍ വിലയിരുത്തല്‍ നടത്തിയെന്നും 1975 ആഗസ്റ്റ് 26ന് യുഎസ്എംബസി അയച്ച സന്ദേശത്തില്‍ പറയുന്നു. പ്രധാനമന്ത്രി ഇന്ത്യന്രാഷ്ട്രീയത്തിലെ തന്റെ കോക്പിറ്റിനുള്ളില്‍ നിന്ന് അടുപ്പക്കാരുമായി എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തിരുന്നതായി യുഎസ് അംബാസഡര്‍ വില്യം ബി. സാക്സ്ബെ എഴുതുന്നു. സഞ്ജയിന്റെ പ്രത്യേക പദവിയും ആര്.കെ.ധവാന്റെ പങ്കും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നതാണെന്ന് സന്ദേശം വ്യക്തമാക്കുന്നു.
പഞ്ചാബിലെയും ഹരിയാനയിലെയും മുഖ്യമന്ത്രിമാരായ സെയില്‍സിംഗ്, ബന്‍സിലാല്‍ എന്നിവരുമായി രാഷ്ട്രീയവിഷയങ്ങള്‍ പ്രധാനമന്ത്രി കൂടുതലായി ചര്‍ച്ചചെയ്യുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സാങ്കേതികവൈദഗ്ധ്യമുള്ള ഭരണാധികാരികള്‍ ടി.എ.പൈ, സി.സുബ്രഹ്മണ്യം എന്നിവര്‍ ധനകാര്യ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇരുചെവികളുമായിരുന്നു.
ധവാന്റെ കാര്യത്തില്‍ സന്ദേശം വളരെ വ്യക്തമാണ്. പ്രധാനമന്ത്രിക്ക് ചുറ്റും അദൃശ്യസാന്നിധ്യമായാണ് ധവാന് സ്വാധീനം ചെലുത്തുന്നത്. ശ്രീമതി ഗാന്ധി തന്റെ വസതിയില്‍ ആരെയൊക്കെ കാണണം, ആരോടൊക്കെ സംസാരിക്കണം എന്നീ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ധവാനാണ്. അവരുടെ വസതിയില്‍ വച്ചാണ് പ്രധാനപ്പെട്ട പല യോഗങ്ങളും നടന്നിരുന്നത്. ധവാനാകട്ടെ പ്രത്യേക കഴിവുപയോഗിച്ച് സഞ്ജയുമായി ആഴത്തിലുള്ള അടുപ്പം സൃഷ്ടിച്ചു. സഞ്ജയിന്റെയും ശ്രീമതി ഗാന്ധിയുടെയും നിര്‍ദേശങ്ങളുടെ കരാറെടുത്ത മട്ടിലാണ് ധവാന് പ്രവര്‍ത്തിച്ചിരുന്നത്. അവരുടെ പ്രധാന പ്രവര്‍ത്തന സഹായി എന്ന നിലയ്ക്കുള്ള തന്റെ അഭിമാനവും പദവിയും സംരക്ഷിക്കലായിരുന്നു ധവാന്റെ പ്രധാനലക്ഷ്യം. കിട്ടുന്ന അവസരങ്ങളുപയോഗിച്ച് വിശ്വസനീയനായ മധ്യവര്‍ത്തിയുടെ പങ്ക് വിപുലീകരിച്ചിരുന്നതായും സന്ദേശം പറയുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതു മുതല്‍ എസ്.എസ്.റേ, ഡി.കെ.ബറുവ, രജ്നി പട്ടേല്‍ എന്നീ മൂന്ന് രാഷ്ട്രീയക്കാരെയാണ് ശ്രീമതി ഗാന്ധി ഏറ്റവും കൂടുതല്‍ വിശ്വസിച്ചിരുന്നത്. അവരോടാണ് അഭിപ്രായം ചോദിച്ചിരുന്നതും ചുമതലകള്‍ ഏല്‍പ്പിച്ചിരുന്നതും. ഇവര്‍ ഓരോരുത്തര്‍ക്കും പതിറ്റാണ്ടുകളോളം വ്യക്തിപരമായ പിടിപാടും ഉണ്ടായിരുന്നതായി സന്ദേശം വെളിപ്പെടുത്തുന്നു.
ഇവരെ ശ്രീമതി ഗാന്ധി പലപ്പോഴും രാഷ്ട്രീയ ഉപദേശങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട്. പണം കണ്ടെത്തുന്നതിനും ബറുവയെയും പട്ടേലിനെയും ഉപയോഗപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: