പറവൂര്‍: പറവൂര്‍ നഗരത്തില്‍ ജൂലൈ 1 മുതല്‍ നടപ്പിലാക്കുന്ന വണ്‍വേ ട്രാഫിക് പരിഷ്ക്കാരം പ്രൈവറ്റ് ബസ്സുകളുടെ നൂറിലധികം സര്‍വ്വീസുകളെ പ്രതിസന്ധിയിലാക്കും. സര്‍വ്വീസുകള്‍ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചശേഷമേ ട്രാഫിക് പരിഷ്ക്കരണം നടത്താവൂ എന്ന് പറവൂര്‍ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് അധികൃതരോട് ആവശ്യപ്പെട്ടു.
കച്ചേരിപ്പടിയിലുള്ള പ്രൈവറ്റ് ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ച് സര്‍വ്വീസ് നടത്തിവരുന്ന ചേന്ദമംഗലം, വടക്കുംപുറം, കോട്ടയില്‍ കോവിലകം, ഗോതുരുത്ത്, മാഞ്ഞാലി, അങ്കമാലി, പുത്തന്‍വേലിക്കര, വാണിയക്കാട് എന്നീ മേഖലകളിലേക്കുള്ള നൂറില്‍പരം സ്വകാര്യബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്തിപ്പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. നിലവില്‍ കൊടുങ്ങല്ലൂര്‍, ചെറായി, വരാപ്പുഴ ഭാഗങ്ങളില്‍നിന്ന് വരുന്ന ബസുകള്‍ ടൗണ്‍ ചുറ്റിയാണ് ബസ് സ്റ്റാന്റില്‍ പ്രവേശിക്കുന്നത്. ഇപ്പോള്‍ത്തന്നെ ടൗണ്‍ ചുറ്റുന്നതുമൂലം സമയക്കുറവുള്ള പല ട്രിപ്പുകളും ഇത്തരം ബസുകള്‍ മുടക്കുന്നത് പതിവാണ്.
വരാന്‍പോകുന്ന ട്രാഫിക് പരിഷ്ക്കരണംമൂലം ഇത്തരം ബസ്സുകള്‍ക്ക് വീണ്ടും ഒരുപ്രാവശ്യംകൂടി ടൗണ്‍ ചുറ്റേണ്ടിവരുമ്പോള് സര്‍വ്വീസ് നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെടും. ഓരോ ബസ്സും ടൈം ഷെഡ്യൂള്‍ പ്രകാരം റൂട്ടിലെ ഓരോ പോയിന്റും പാസ് ചെയ്യുന്നതിന് നിശ്ചിതസമയം നിര്‍ണ്ണയിച്ച് ഡിപ്പാര്‍ട്ട്മെന്റില്‍നിന്നും ടൈം ഷെഡ്യൂള്‍ അനുവദിച്ച് നല്‍കിയാണ് സര്‍വ്വീസ് നടത്തിവരുന്നത്. സ്വകാര്യബസ്സുകള്ക്കല്ലാതെ മറ്റൊരു വാഹനങ്ങള്‍ക്കും ഇത്തരം സമയനിഷ്ഠ പാലിക്കേണ്ടതില്ല. ചുരുക്കത്തില്‍ സര്‍വ്വീസുകള്‍ ആകെ താളംതെറ്റുകയും പ്രതിസന്ധിയിലുമാകും.
ട്രാഫിക് പരിഷ്ക്കരണം സംബന്ധിച്ച് എംഎല്‍എ വി.ഡി. സതീശന് വിളിച്ചുചേര്‍ത്ത ആദ്യയോഗത്തില്‍ സ്വകാര്യ ബസുകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ തീരുമാനമെടുത്ത രണ്ടാമത്തെ യോഗത്തില്‍ തങ്ങളെ പങ്കെടുപ്പിച്ചില്ലായെന്ന ആക്ഷേപമാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനുള്ളത്.
സ്വകാര്യ ബസ്സുകള്‍ക്കുണ്ടാകുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എംഎല്‍എ, പറവൂര്‍ ജോ: ആര്‍ടിഒ, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ് അസോസിയേഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: