ആലപ്പുഴ: പുറക്കാട്, അമ്പലപ്പുഴ, നീര്‍ക്കുന്നം, വണ്ടാനം തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം മൂലം വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ പുനഃരധിവസിപ്പിക്കുന്നതിന് കെ.സി. വേണുഗോപാല്‍ എംപിയോ, ജി. സുധാകരന് എംഎല്‍എയോ മുന്കൈയെടുക്കാതിരിക്കുകയും സര്‍ക്കാര്‍ സംവിധാനം പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമിയായ പുറക്കാട് മണയ്ക്കല്‍ പാടശേഖരം കൈയേറി പ്രതീകാത്മക കുടില്‍ കെട്ടി സമരം നടത്തും.
ഇന്ന് രാവിലെ ഒമ്പതിന് ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് ഉദ്ഘാടനം ചെയ്യും. പുറക്കാട് പാടശേഖരത്തിലെ എട്ടേക്കര്‍ ഭൂമി ഐടി പാര്ക്കിന് വേണ്ടി നികത്തിയിരുന്നു. താമസയോഗ്യമായ ഈ സ്ഥലം നിലനില്‍ക്കെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ വീട് നഷ്ടപ്പെട്ടവരെ പുനഃരധിവസിപ്പിക്കാന്‍ നിര്‍ദേശിച്ചത് താമസയോഗ്യമല്ലാത്ത പുറക്കാട് പഞ്ചായത്തിലെ 11-ാം വാര്‍ഡിലെ മണ്ണുംപുറം പ്രദേശമാണ.് ഇവിടം നാലു വര്‍ഷമായി ഡ്രഡ്ജ് ചെയ്തിട്ടും നികത്താന്‍ പറ്റാത്ത പ്രദേശമാണെന്ന് ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറി പി. ലിജു പത്രസമ്മേളനത്തില്‍ പറഞ്ഞു.
കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട് പുറക്കാട് പഞ്ചായത്തിലെ കരിനില വികസന ഓഫീസില്‍ രണ്ടു വര്‍ഷമായി താമസിക്കുന്ന 14 കുടുംബങ്ങളും ഇപ്പോഴത്തെ കടല്‍ ക്ഷോഭത്തിന് വീട് നഷ്ടപ്പെട്ട കരൂര്‍ ന്യൂ എല്‍പിഎസില്‍ താമസിക്കുന്ന 16 കുടുംബങ്ങളും നീര്‍ക്കുന്നം റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന ഏഴ് കുടുംബങ്ങളും വണ്ടാനം ശിശുവിഹാറില്‍ താമസിക്കുന്ന ഒമ്പത് കുടുംബങ്ങളും ഉള്‍പ്പെടെ അറുപതോളം കുടുംബങ്ങള്‍ താമസിക്കുവാന്‍ ഒരുതുണ്ട് ഭൂമിയില്ലാതെ നരകയാതന അനുഭവിക്കുകയാണ്.
കാലങ്ങളായി അധികാരത്തില്‍ വന്ന ഇടതു-വലതു പക്ഷങ്ങള്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ വഞ്ചിക്കുകയായിരുന്നു. കടല്‍ വിഴുങ്ങിയ കുടുംബങ്ങള്‍ക്ക് കൂര വയ്ക്കാന്‍ ഒരു തുണ്ട് ഭൂമി നല്‍കൂ എന്ന മുദ്രാവാക്യവുമായാണ് ഇന്ന് പ്രതീകാത്മക കുടില്‍ കെട്ടി സമരം നടത്തുന്നത്. നിയോജക മണ്ഡലം സെക്രട്ടറി വി. ബാബുരാജ്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അജു പാര്‍ത്ഥസാരഥി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: