പൊന്‍കുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയ മുട്ടക്കോഴി പദ്ധതിയില്‍ ക്രമക്കേട്. പദ്ധതി നടത്തിപ്പുകാര്‍ എന്നവകാശപ്പെടുന്ന തിരുവനന്തപുരം പ്ലാന്റേഷന് ഡവലപ്മെന്റ് സൊസൈറ്റിക്ക് പൊന്‍കുന്നത്തുള്ള ദേശസാല്‍കൃത ബാങ്കിന്റെ ശാഖയില്‍ നിന്നും ഗുണഭോക്താക്കള്‍ അറിയാതെ ലോണ്‍ അക്കൗണ്ടില്‍ നിന്നും അധിക തുക നടത്തിപ്പുകാര്‍ക്ക് കൈമാറിയതായി പരാതി. വിതരണത്തിന് എത്തിച്ച ഹൈടെക് കൂടുകളും മുട്ടക്കോഴികളെയും വാങ്ങാതെ ഗ്രൂപ്പ് അംഗങ്ങള്‍ പ്രതിഷേധിച്ചു. എന്നാല്‍ പദ്ധതിയുമായി പഞ്ചായത്തിന് ബന്ധമില്ലെന്നും കുടുംബശ്രീ മിഷന് നടപ്പാക്കുന്ന പദ്ധതിയാണ് ഇതെന്നും പഞ്ചായത്ത് അധികൃതരും പറയുന്നു. ലോണ്‍ തുക ഉയര്‍ത്തിയതിനെ സംബന്ധിച്ച് ബാങ്ക് അധികൃതര്‍ വിശദീകരണവും നല്‍കിയിട്ടില്ല. പദ്ധതിയില്‍ പങ്കുചേരാന്‍ താല്പര്യമില്ലാത്ത ഗ്രൂപ്പുകള്‍ക്ക് ലോണ്‍ റദ്ദുചെയ്തു നല്‍കാമെന്ന് പഞ്ചായത്ത് മെമ്പര്‍മാര്‍ ഉറപ്പുനല്‍കിയെങ്കിലും ബാങ്കില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാകാത്തതിനാല്‍ ഈ ഗ്രൂപ്പുകളില്‍ ഉള്ള വീട്ടമ്മമാര്‍ ആശങ്കയിലാണ്.
5 അംഗങ്ങള്‍ വീതമുള്ള ഗ്രൂപ്പിന് 50 കോഴികളെ വീതം നല്‍കുന്നതായിരുന്നു പദ്ധതി. ഒരു ഗ്രൂപ്പിന് ഒരു ലക്ഷത്തിയയ്യായിരം രൂപ ബാങ്ക് വായ്പ തരപ്പെടുത്തികൊടുക്കുമെന്നും വാഗ്ദാനം ഉണ്ടായിരുന്നു. പൊന്‍കുന്നത്തുള്ള ബാങ്കിന്റെ ശാഖയില്‍ നിന്നും ലോണെടുക്കുന്നതിന് വിവിധ ഗ്രൂപ്പുകള്‍ തീരുമാനിച്ചു. അപേക്ഷയും കമ്മറ്റി തീരുമാനത്തിന്റെ പകര്‍പ്പും കരമടച്ച രസീതും തിരിച്ചറിയല്‍ കാര്‍ഡും ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് ലോണനുവദിച്ച് പണം ഏജന്‍സിക്ക് കൈമാറി. കഴിഞ്ഞ ദിവസം ഹൈടെക് കൂടും കോഴിക്കുഞ്ഞുങ്ങളും എത്തിയപ്പോഴാണ് തങ്ങളുടെ പേരില്‍ ഒരുലക്ഷത്തിഅയ്യായിരത്തിന് പകരം ഒരുലക്ഷത്തിനാല്പത്തിആറായിരത്തിഅഞ്ഞൂറ് രൂപയാണ് ബാങ്ക് ഏജന്‍സിക്ക് നല്‍കിയതെന്ന് മനസ്സിലായത്. തങ്ങളുടെ തീരുമാനവും അനുവാദവുമില്ലാതെ കൂടുതല്‍ തുക കൈമാറിയതില്‍ പ്രതിഷേധിച്ച് മിക്ക ഗ്രൂപ്പുകളും പദ്ധതി വേണ്ടെന്നുവച്ചു. പണം കൈമാറിയ സ്ഥിതിക്ക് പദ്ധതി വേണ്ടെന്ന് വച്ചാലും ഇവരുടെ പേരില്‍ ഉള്ള ലോണിന്റെ പേരില്‍ വീട്ടമ്മമാര്‍ റവന്യു നടപടി നേരിടേണ്ട അവസ്ഥയിലാണ്.
പദ്ധതിയില്‍ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ കുടുംബശ്രീ ചിറക്കടവ് പഞ്ചായത്ത് അധികൃതര്‍ തയ്യാറായിട്ടില്ല. ഗ്രൂപ്പ് ഭാരവാഹിയില്‍ നിന്നും കടലാസ്സില്‍ എഴുതിവാങ്ങിയതിന് ശേഷമാണ് അധികതുക നല്‍കിയതെന്ന് ബാങ്ക് മാനേജര്‍ വിശദീകരിച്ചു. ചിറക്കടവ് പഞ്ചായത്ത് മുട്ടക്കോഴി പദ്ധതിയില്‍ ഇപ്പോള്‍ നടക്കുന്ന ക്രമക്കേട് സംബന്ധിച്ച് തങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്നും മിഷന്റെ അനുമതിയോടെയല്ല പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെന്നും പരാതികള്‍ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മിഷന് ജില്ലാ ഭാരവാഹി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: