പനിയും ജലദോഷവും മുതല്‍ പേപ്പട്ടി വിഷത്തിനും ഹൃദ്രോഗത്തിനും വരെ നമ്മുടെ പൂര്‍വ്വികര്‍ മരുന്ന് കണ്ടുപിടിച്ചിട്ടുണ്ട്. വെളുത്തുള്ളി സ്ഥിരമായി സേവിക്കുന്നതും ഇഞ്ചി അരച്ച് നല്ലെണ്ണ ചേര്‍ത്ത് സേവിക്കുന്നതും ഹൃദയരോഗങ്ങള്‍ക്ക് ഉത്തമമാണത്രേ. സ്ഥിരമായി തഴുതാമ തോരന്കഴിക്കുന്നതും വാഴക്കൂമ്പും വാഴപ്പിണ്ടിയുംകൊണ്ട് തോരനുണ്ടാക്കുന്നതും ഹൃദയത്തിനു നന്ന്.
വാളന്‍പുളിയുടെ ഒരുപിടിയില അതിരാവിലെ ചവച്ചുതിന്നുന്നതും അരച്ച് കാലില്‍ പുരട്ടുന്നതും ഞരമ്പുപിടക്കുന്നതിനു നല്ലമരുന്ന്. എരുക്കിന്പാല് പുരട്ടിയാല്‍ തഴമ്പ് തനിയെ പോകും. മുരിങ്ങക്കായസൂപ്പ് ആരോഗ്യത്തിനും ഉത്തമം. രക്തശുദ്ധിക്ക് കരിങ്ങാലി വെള്ളമാണ് പണ്ടുമുതല്ക്കേ പറഞ്ഞുവരുന്നത്. അശോകത്തിന്റെ പൂവ് അരച്ച് ശര്‍ക്കരയും അരിമാവും ചേര്‍ത്തു ചൂടാക്കി കുറുക്കി കഴിക്കുന്നതും രക്തശുദ്ധിക്ക് നന്ന്. തേക്കിന്റെ വേര് ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് രക്തം കട്ടപിടിക്കുന്നതു തടയുമെന്ന നാട്ടറിവ് തീര്‍ച്ചയായും പരീക്ഷണവിധേയമാക്കേണ്ടതാണ്.
പുളിച്ചമോരില് ജീരകം അരച്ചുകലക്കി കുടിച്ചാല്‍ വായുകോപം അഥവാ ഗ്യാസിനെ നിയന്ത്രിക്കാന്‍ കഴിയുമെന്നു പഴമക്കാര്‍ പറയുന്നു. വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കാച്ചി രാത്രി കിടക്കാന്നേരം സ്ഥിരമായി കഴിച്ചാലും മതി. പാളയന്കോടന് വാഴയുടെ പിണ്ടി പിഴിഞ്ഞനീര് ഒരു ഗ്ലാസ് വീതം കുടിച്ചാല്‍ മൂത്രാശയക്കല്ലിന് ചികിത്സയായി. കൂവളവേര് അരച്ച് മോരില്‍ സേവിക്കുന്നതും മൂത്രക്കല്ലിനെ അകറ്റും.
കല്ലുവെട്ടുന്ന കുഴിയില്‍നിന്ന് കുഴിച്ചെടുക്കുന്ന മണ്ണ് വെള്ളത്തില്‍ കുഴച്ച് അരമണിക്കൂര്‍വീതം ദിവസേന കാല് ചവിട്ടിക്കൊണ്ടിരുന്നാല് ചുടുവാതത്തിന് നല്ലചികിത്സയാണത്രെ. പോത്തിന്റെ വെട്ടുനെയ്യ് തുടര്‍ച്ചയായി പുരട്ടിയാലും മതി. പ്രമേഹത്തിനുമുണ്ട് ഒട്ടേറെ ഒറ്റമൂലികള്‍. ഒന്ന്, മാവിന്റെ തളിരില ഉണക്കിപ്പൊടിച്ച് കഴിക്കുകയെന്നത്. ചക്കരക്കൊല്ലിയുടെ ഇല ഉണക്കിപ്പൊടിച്ച് പശുവിന്‍പാലില്‍ സ്ഥിരം കഴിക്കുന്നതും അല്പം കൂവളത്തില ഇടിച്ചുപിഴിഞ്ഞ് രാവിലെ കുടിക്കുന്നതും പ്രമേഹം കുറയ്ക്കാന്‍ നന്ന്.
തൊട്ടാവാടി ഇടിച്ചുപിഴിഞ്ഞ് പാലില്‍”ചേര്‍ത്തു കഴിക്കുന്നതും പ്രമേഹത്തിനു ഉത്തമമെന്നു വിധി. വയമ്പ് അരച്ച് ഗോമൂത്രത്തില്‍ സേവിച്ചാല്‍ കൃമിശല്യം ഒഴിവാകുമെന്നത് മറ്റൊരറിവ്. മൂക്കാത്ത പപ്പായ വെള്ളത്തിലിട്ട് പുഴുങ്ങി കഴിച്ചാലും മതി, കൃമിയുടെ കാര്യം തീരുമാനമാവും. പാവല്‍ ഇലയുടെ നീരും ആവണക്കെണ്ണയും ചേര്‍ത്ത് അതിരാവിലെ സേവിച്ചാല്‍ നാടവിരയെ നശിപ്പിക്കാമെന്നും നാട്ടുശാസ്ത്രം പറയുന്നു. വയറിളക്കത്തിന് നാരങ്ങാപിഴിഞ്ഞ കട്ടന്ചായയടക്കം പല വിദ്യകളും നമുക്കറിയാം.
പക്ഷേ മാങ്ങാണ്ടിയുടെ പരിപ്പ് ഉണക്കിപ്പൊടിച്ച് തേനില്ചാലിച്ചുകഴിച്ചാല് വയറിളക്കത്തെ നിയന്ത്രിക്കാമെന്ന് നാട്ടറിവ് പറയുന്നു. തൊട്ടാവാടി സമൂലം അരച്ച് പാലില്‍ കലക്കിക്കുടിച്ചാലും മതി. ആണിരോഗത്തെ പ്രതിരോധിക്കാന്‍ എരിക്കിന്പാലിനു പുറമെ കശുവണ്ടിത്തോടിന്റെ എണ്ണ കടുകെണ്ണയില്‍ ചാലിച്ചു പുരട്ടിയാലും മതി. തുരിശു വറുത്തുപൊടിച്ച് കോഴിമുട്ടയുടെ വെള്ളയില്‍ ചാലിച്ച് രണ്ടാഴ്ച പുരട്ടിയാല്‍ ആണിരോഗം അകലുമെന്നും നാട്ടുശാസ്ത്രം പറയുന്നു.
നിത്യജീവിതത്തിലുണ്ടാകുന്ന ഏതാണ്ടെല്ലാ പ്രശ്നങ്ങള്‍ക്കും നാട്ടറിവ് പരിഹാരം നിര്‍ദ്ദേശിക്കുന്നുണ്ട്. ഉദാഹരണത്തിന് തീപൊള്ളലിന്റെ കാര്യം തന്നെയെടുക്കുക. ചുണ്ണാമ്പുവെള്ളംകൊണ്ടോ പശുവിന്നെയ്യുകൊണ്ടോ ധാരകോരാനാണ് ആദ്യനിര്‍ദ്ദേശം. ഉപ്പുവെള്ളമോ മോരോ ആയാലും മതി. പൊള്ളല്‍ മൂലമുണ്ടാകുന്ന വ്രണം ഉണങ്ങുന്നതിന് ചെമ്പരത്തിപൂവിന്റെ ചാറ്, വേപ്പില അരച്ചത് ആടിന്റെ നെയ്യ്, വെറ്റിലച്ചാറ്, കാന്താരി മുളകിന്റെ ഇളം തളിര് തുടങ്ങിയവയൊക്കെ അരച്ചുപുരട്ടാം. നേന്ത്രപ്പഴം വെള്ളം ചേര്‍ക്കാതെ അരച്ചുപുരട്ടുന്നതും പൊള്ളലുണങ്ങാന് നല്ലതുതന്നെ. പക്ഷേ തീപ്പൊള്ളല്‍ സംഭവിക്കുമ്പോല്‍ ഒഴുക്കുവെള്ളത്തില്‍ തുടര്‍ച്ചയായി ധാര കോരാന്‍ മറക്കാതിരിക്കുക.
നെല്ല് മെതിച്ച് കൂട്ടിയിടുമ്പോള്‍ ഏറ്റവും അടിയിലെ നെല്ല് വിത്തിനെടുക്കരുതെന്ന് പ്രമാണം. കാരണം അതിന് കിളിര്‍പ്പുശേഷി കുറവായിരിക്കും. കറുത്തവാവിനും അതിന്റെ തലേദിവസവും വിത്ത് നട്ടാല്‍ പുഴുക്കേടിന് സാധ്യത ഏറുമെന്ന് പഴമക്കാര്‍ മുന്നറിയിപ്പ് നല്കുന്നു. പാവയ്കാ കുരു ശേഖരിക്കുമ്പോഴും അല്പം ശ്രദ്ധവയ്കുക. താഴ്ന്നുപോകുന്നവ മാത്രമേ വിത്തിനായി എടുക്കാവൂ.
ഊഞ്ഞാല് കെട്ടിയാടുന്ന മാവ് പൂക്കാന്‍ സാധ്യത ഏറുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഗ്രാമ്പൂച്ചെടിയുടെ ചുവട്ടില്‍ ഗോമൂത്രമൊഴിച്ചാല് കൂടുതല്‍ വിളവുണ്ടാകുമെന്നും അവര്‍ പറയുന്നു. ജാതിക്ക പാകി അവസാനം മുളയ്കുന്ന തൈകള്‍ പെണ്ണും ആദ്യം മുളയ്കുന്ന തൈകള്‍ ആണും ആയിരിക്കുമെന്നത് മറ്റൊരു നിരീക്ഷണം. ഇലകള്‍ക്ക് നീളം കൂടിയ ജാതിത്തൈകള്‍ മിക്കവാറും ആണ് തൈകളായിരിക്കുമത്രെ.
പേരയും അരയാലും ഒരുമിച്ച് നില്ക്കുന്നതിനു സമീപം മൂന്നുകോല് ആഴത്തില്‍ നീരുറവ ഉണ്ടാവുമെന്ന് നാട്ടുശാസ്ത്രം. കൊന്നമരത്തിന്റെ വടക്ക് ചിതല്‍പ്പുറ്റ് കണ്ടാല്‍ രണ്ടുകോല് തെക്കും, ഞാവല്‍ മരത്തിന്റെ കിഴക്ക് പുറ്റു കണ്ടാല്‍ അതിന് മൂന്നുകോല് തെക്കും കുഴിച്ചാല്‍ വെള്ളം കിട്ടുമത്രെ. ആരോഗ്യസംരക്ഷണത്തിനും കൃഷിമേന്മയ്കും
മൃഗസംരക്ഷണത്തിനുമൊക്കെ. നാട്ടുശാസ്ത്രത്തില്‍ ഒറ്റമൂലികളുണ്ട്. അതിലൊന്ന്- വെളിച്ചെണ്ണ കനച്ചു പോകാതിരിക്കാന്‍ ഭരണിയില്‍ കശുവണ്ടിയുടെ തൊണ്ട് ഇടുക. പഴുത്ത തക്കാളി പെട്ടെന്ന് ചീയാതിരിക്കാന്‍ ഉപ്പു വെള്ളത്തിലിട്ടു വയ്കുക എന്നത് മറ്റൊരു വീട്ടറിവ്.
മത്സ്യം കഴുകിയ വെള്ളം ഫലവൃക്ഷങ്ങളുടെ വിളവു കൂട്ടാന്‍ നല്ലതാണെന്ന് പഴമക്കാര്‍ പറയുന്നു. കുരു നെടുകെ പിളര്‍ന്ന ചക്കക്കുരു നട്ടാല്‍ ഉണ്ടാവുന്നത് വരിക്കപ്ലാവായിരിക്കുമെന്നത് മറ്റൊരു വിജ്ഞാനം. വെറ്റിലക്കൊടിയുടെ ചുവട്ടില്‍ തുളസിയില വളമായിട്ടാല്‍ വെറ്റിലയ്ക് തുളസിയുടെ സുഗന്ധം ലഭിക്കുമത്രെ. കല്ലുപ്പിട്ടാല് ഉറുമ്പുകള്‍ അകന്നുപോകുമെന്നും നമ്മുടെ പൂര്‍വ്വികര്‍ പണ്ടേ അറിഞ്ഞു.
ചെറുപയര്‍, എള്ള്, മുതിര, യവം, ഉഴുന്ന് എന്നിവയുടെ പൊടി നെയ്യില്‍ കുഴച്ച് ഉണ്ടാക്കുന്ന മിശ്രിതം വൃക്ഷത്തില്‍ തേച്ച് പിടിപ്പിച്ച് തണുത്തവെള്ളം കൊണ്ട് നനച്ചു കൊടുത്താല്‍ മരത്തിലെ കായ്കള്‍ പൊഴിയില്ലെന്ന് നാട്ടറിവ്. തീര്‍ച്ചയായും പരീക്ഷിച്ചറിയേണ്ടതാണിത്. തൈ തെങ്ങ് ചരിഞ്ഞ് വളരുന്നത് തടയാന്‍ ചെരിയുന്ന വശത്ത് ചുവടിനോട് ചേര്‍ത്ത് ഒരു മുളയോ തടിക്കഷണമോ കുത്തി ഉറപ്പിച്ചാല്‍ മതിയത്രേ. വേപ്പെണ്ണയില്‍ ചെന്നിനായകം ചേര്‍ത്ത് തെങ്ങിന് കൂമ്പില്‍ കുറേശ്ശേ ഒഴിച്ചു കൊടുത്താല്‍ കൊമ്പന് ചെല്ലി അടുക്കില്ല പോലും.
വെറ്റിലയും കച്ചോലവും ചേര്‍ത്ത് സാവധാനം ചവച്ചിറക്കിയാല്‍ ശ്വാസം മുട്ടലിന് ആശ്വാസം കിട്ടുമത്രെ. തൈരില്‍ ശര്‍ക്കര ചേര്‍ത്ത് കഴിച്ചാല്‍ അമിത ദാഹം ശമിക്കും. പാണലിന്റെ വേര് വെള്ളത്തില്‍ കലക്കിക്കുടിച്ചാല്‍ വിശപ്പ് അധികരിക്കും.
മുരിങ്ങയുടെ തൊലി ഇടിച്ചുപിഴിഞ്ഞ നീര് കണ്ണിലൊഴിച്ചാല്‍ ചെങ്കണ്ണുമാറുമെന്നും നാട്ടുശാസ്ത്രം പറയുന്നു. കരിക്കിന്‍വെള്ളം കൊണ്ടു ധാരകോരുന്നതും, ചെറുതേന്‍ കണ്ണിലെഴുതുന്നതും, മുലപ്പാല്‍ ഇറ്റിക്കുന്നതും ചെങ്കണ്ണിന് ആശ്വാസം നല്‍കും. പശുക്കുട്ടിയുടെ മൂത്രത്തില്‍ തുളസിയില അരച്ച്, തുണിയില്‍ അരിച്ച് കണ്ണിലൊഴിക്കുന്നതും ചെങ്കണ്ണിന് നല്ലതാണത്രേ.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: