ഒരു വര്‍ഷം കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നവര്‍ക്ക് ഒടുവില്‍ കിട്ടി. നരേന്ദ്രമോദിയെ കുത്തി മലര്ത്താന് മുന കൂര്‍പ്പിച്ചുവെച്ചത് വെറുതെയായെന്ന് ഇച്ഛാഭംഗത്തോടെ ഇരുന്നവര്‍ക്ക് ഒരു ലളിത് മോദിയെ കിട്ടി. ഇന്ദുലേഖയില്ലെങ്കില്‍ തോഴി പോരട്ടെ എന്ന ന്യായത്തില്‍ സകലവിധ മഹിതാശയന്മാരും തേരാപാരാ പായുകയാണ്. ഒത്താശക്ക് തല്പരകക്ഷികളായ മാധ്യമശിങ്കങ്ങള് തയാര്‍. ലളിത് മോദിയെന്ന വിദ്വാനെ സുഷമാസ്വരാജ് ലണ്ടനില്‍ നിന്ന് പോര്‍ച്ചുഗലിലേക്ക് ആനയിച്ചുകൊണ്ടുപോയി എന്ന തരത്തിലാണ് പ്രചാരണം. സംഭവം നേരിട്ടുകണ്ടതിന്റെ തല്‍സ്ഥല വിവരണവുമായി നികേഷിനു പഠിക്കുന്നവരും വേണുവിന് പഠിക്കുന്നവരും ഗോദയില്‍ മപ്പടിച്ച് പേശി വിറപ്പിച്ചു നില്ക്കുന്നു. ബ്രിട്ടന്റെ തികച്ചും സ്വാഭാവികമായ ഒരു നടപടിക്ക് അതേപോലെയുള്ള ഒരു മറുപടിക്ക് പത്തല് വെട്ടി തല്ലേണ്ടിവരുന്നത് എന്തുകൊണ്ട്? ഒരു കൊല്ലമായി വെറുതെ നടക്കുകയാണ്. ജനകീയമായ ഇടപെടലിലൂടെ ജനങ്ങളുടെ ഹൃദയം കവരുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ഇതേ രീതിയില്‍ മുന്നേറിയാല്‍ കോണ്‍ഗ്രസും അവരുടെ വിലയുറ്റ കുടുംബവും അത്താഴപ്പട്ടിണി കിടക്കേണ്ടിവരും. അവരുടെ ചെല്ലും ചെലവും മാത്രം അനുഭവിച്ചു ശീലിച്ചവരുടെ കഥയുണ്ടോ മന്നവാ പറയേണ്ടൂ എന്ന നിലവരും. മാനുഷികമായ നടപടികളെക്കുറിച്ച് തരിമ്പും വിവരമില്ലാത്തവരോട് മനുഷ്യത്വത്തെക്കുറിച്ച് പറഞ്ഞിട്ട് കിം ഫലം?
ലളിത് മോദിക്കെതിരെ കോണ്‍ഗ്രസ് മുക്രയിടുന്നതിന്റെ കാരണം തിരക്കി അധികം അലയേണ്ട ആവശ്യമില്ല. നമ്മുടെ പ്രേമസ്വരൂപനായ എംപി യുടെ ഭാര്യ കൊല്ലപ്പെടുന്നതിനു മുമ്പ് ഏതൊക്കെ തരത്തില്‍ സാമ്പത്തികം സ്വരുക്കൂട്ടിയിരുന്നുവെന്ന് മാലോകരോട് പറഞ്ഞത് ലളിത് മോദിയായിരുന്നു. നമുക്കൊന്നും അത്ര വശമില്ലാത്ത ഒരു കമ്മീഷനെക്കുറിച്ച് അന്ന് അദ്ദേഹം പറഞ്ഞതിന്റെ കലിപ്പ് ഇന്നും ഇന്ദ്രപ്രസ്ഥത്തില്‍ പുകഞ്ഞുകത്തുന്നുണ്ട്. ഐപിഎല്‍ ക്രിക്കറ്റ് വിവാദത്തില്‍ വിയര്‍പ്പോഹരി എന്നൊരു സാധനം നിറഞ്ഞുനിന്നിരുന്നു. പച്ചമലയാണ്മയില് പറഞ്ഞാല്‍ നോക്കുകൂലി, കമ്മീഷന്, ഇടനിലപ്പണം എന്നൊക്കെയാവാം. മേപ്പടി പണത്തിന്റെ ഉറവിടത്തിലേക്ക് ജനങ്ങള്‍ ഊളിയിട്ടു പോകാതിരിക്കാനുള്ള മുന്‍കരുതല്‍ ഒക്കെയെടുത്തെങ്കിലും ഡമോക്ലസിന്റെ വാളായി മേപ്പടി പണം അങ്ങനെതന്നെ നില്ക്കുന്നു. ഇത് ലളിത് മോദി അറിഞ്ഞതുപോലെ മറ്റാരും അറിഞ്ഞിട്ടില്ല. ടിയാന് അത് പരസ്യമാക്കിയതോടെ അണിയറയില്‍ അമ്പുകള്‍ പലതും നിര്‍മ്മിക്കപ്പെട്ടു. ഒറ്റയമ്പുപോലും കൊള്ളിക്കാനാകാതിരുന്നതിന്റെ കലിപ്പ് ഇപ്പോള്‍ പല മേഖലകളിലേക്കും കത്തിപ്പടരുകയാണ്. ലളിത് മോദിയുടെ ഭാര്യയുടെ ശസ്ത്രക്രിയ സംബന്ധിച്ച് മാനുഷിക പരിഗണന നല്കി അദ്ദേഹത്തിന് പോര്‍ച്ചുഗലില്‍ പോകാനുള്ള താല്‍പ്പര്യത്തെ എതിര്‍ക്കാത്തതാണ് സുഷമക്കെതിരെയുള്ള വാള് വീശലില്‍ കലാശിച്ചിരിക്കുന്നത്. അതുവഴി നരേന്ദ്രമോദിക്കു നേരെയും രണ്ടമ്പ് അയക്കാം എന്നും കരുതി.
ആ മാനുഷിക പരിഗണന കത്തിപ്പടര്‍ന്നതോടെ ചാനല്‍ ചര്ച്ചിതരൊക്കെ ഉഷാര്‍. അവതാരകവേഷം കെട്ടിയ രാജവെമ്പാലമാര് ഡോസ് കണക്കിനാണ് വിഷം ചീറ്റിയത്. നരേന്ദ്രമോദിക്കും സുഷമക്കുമെതിരെ അമാന്യമായ പദപ്രയോഗങ്ങള്‍ ധാരാളം. ചര്‍ച്ചയില്‍ ബിജെപി നേതാക്കന്മാര് പങ്കെടുക്കുന്നതോടെ വര്‍ദ്ധിച്ച അളവിലുള്ള വിഷച്ചീറ്റലുകളാണ് ഉണ്ടാവുന്നത്. ഇക്കാര്യത്തില്‍ ഡോക്ടറേറ്റെടുത്തിരിക്കുന്ന മാതൃഭൂമി ചാനലിലെ വേണു, ഏഷ്യാനെറ്റിന്റെ പ്രിയപുത്രി സിന്ധുസൂര്യകുമാര്‍ എന്നിവര്‍ക്ക് ചാകരയടിഞ്ഞ സന്തോഷം. വേണു ഇടക്കിടെ ഗീര്‍വാണം, ഗീര്‍വാണം, ഉരിയാടല്‍ എന്നൊക്കെ പുലമ്പിക്കൊണ്ടിരുന്നു. തങ്ങള്‍ പറയുന്നത് അനുസരിച്ചുകൊള്ളണമെന്നുള്ള മ്ലേച്ഛ മനസ്ഥിതിയുമായി ചാനല്‍ കൊമ്പത്ത് ഊയലാടുന്ന ഇത്തരക്കാര്‍ എന്തേ മറ്റൊരു മനുഷ്യത്വപരമായ ഇടപെടലിനെക്കുറിച്ച് മിണ്ടിയില്ല?
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി തികച്ചും അന്ധയായ ഒരു യുവതി ഐഎഫ്എസ് എടുത്ത് ജോലി നേടിയിരിക്കുന്നു. നേരത്തെ ഐഎഫ്എസ് കിട്ടിയിരുന്നെങ്കിലും കീഴ്വഴക്കമനുസരിച്ചും നിയമപ്രകാരവും അവര്‍ക്ക് വിദേശകാര്യ വകുപ്പില്‍ ഉദ്യോഗസ്ഥയാവാനാവില്ലായിരുന്നു. എന്നാല്‍ അര്‍ഹതയ്ക്ക് അംഗീകാരം വേണമെന്ന മോദി സര്‍ക്കാരിന്റെ ആത്മാര്‍ത്ഥമായ ഇടപെടല്‍ മാനുഷിക പരിഗണനാ രൂപത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഉത്തരവായി പുറത്തുവന്നു. അങ്ങനെ ചെന്നൈയിലെ ബീനോസെഫിന എന്ന ചെറുപ്പക്കാരിക്ക് തന്റെ ഉത്തരവാദിത്തം നിറവേറ്റാനായി. എന്തേ ചാനല്‍ തമ്പുരാക്കന്മാര് നല്ലവാര്ത്തയിലും പ്രത്യേക വാര്‍ത്തയിലും ഇതിന് വേണ്ടത്ര പ്രാധാന്യം കൊടുത്തില്ല? ഇവരുടെയൊക്കെ അണ്ണാക്കില്‍ പിണ്ണാക്ക് കുത്തിനിറച്ച അവസ്ഥ വന്നു ചേര്‍ന്നോ? മനുഷ്യന് മനുഷ്യനോട് കാണിക്കുന്ന മിനിമം മര്യാദയെ മാനുഷിക പരിഗണന എന്നു പറയാം. ഈ സാധനം ചുക്കോ മുളകോ എന്നറിയാത്തവര്‍ക്ക് വേണുവിനോ നികേഷിനോ പഠിക്കാം. അപ്പോഴും പക്ഷേ, ഓര്‍ക്കേണ്ടതുണ്ട്. ഒട്ടോവിയോ ക്വത്തറോച്ചി, വാറന്‍ ആന്ഡേഴ്സണ്, ആദില്‍ ഷഹരിയാര്‍ എന്നീ കൊടും കുറ്റവാളികള്‍, ചരിത്രത്തില്‍ ചോരപുരണ്ട് നില്ക്കുന്നവര്. അവരെ ആരാണ് രക്ഷിച്ചത്? അവരുടെ ഒരു തലനാരിഴമുടിക്കു പോലും പോറലേല്‍പ്പിക്കാതെ ആരാണ് രക്ഷപ്പെടാന്‍ അനുവദിച്ചത്? അതുകൊണ്ട് രാജ്യത്തിന് എന്തു നേട്ടമാണുണ്ടായത്? എല്ലാം പോട്ടെ വെടിവെച്ചുകൊന്നുവല്ലോ നമ്മുടെ രണ്ട് മത്സ്യത്തൊഴിലാളി സഹോദരന്മാരെ. ഇറ്റാലിയന്‍ ബന്ധത്തിന്റെ പേരില്‍, അതിന്റെ പേരില്‍ മാത്രം ആ രണ്ട് വിദേശ നാവികരെ രക്ഷപ്പെടുത്താന്‍ പൂഴിക്കടകന്‍ അടവു വരെ സ്വീകരിച്ചത് ആരായിരുന്നു? ബിജെപിക്കും അതിന്റെ നേതാക്കന്മാര്ക്കും നേരെ നിരന്തരം കുരച്ചുചാടുന്ന തല്പരകക്ഷി മാധ്യമ മഹിതാശയന്മാര് ഇതൊക്കെ ഇടയ്ക്കൊന്നു റിഫ്രഷ് ചെയ്യണം. ഉണ്ടാവും ബാക്ക്ഫയലായി ലാപ്ടോപ്പിലും മറ്റും. നരേന്ദ്രമോദിക്കെതിരെ 24 മണിക്കൂറും ആയുധം മൂര്‍ച്ച കൂട്ടുന്നതിന്റെ ഇടവേളയില്‍ ഒരു തമാശയ്ക്കുവേണ്ടിയെങ്കിലും അതൊക്കെയൊന്ന് കാണുക. അത്യാവശ്യം മനുഷ്യത്വം എന്താണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു എങ്കില്‍ കാലികവട്ടം കൃതാര്‍ത്ഥനായി.
പാല്‍പ്പൊടി, പഞ്ചസാര, അരി, സോപ്പുപൊടി, പിന്നെ അത്യാവശ്യം സാധനങ്ങളൊക്കെ കൊടുത്താല്‍ ആളെകിട്ടുമായിരുന്ന വിദ്യ ഇടക്കാലത്ത് എന്തോ ക്ലച്ചുപിടിക്കുന്നില്ല. കുരിശുകൃഷി നടത്തി ഭൂമി പിടിച്ചെടുത്ത് കുഞ്ഞാടുകളെ മേയ്ക്കാന്‍ വിട്ട തന്ത്രമൊന്നും ഇപ്പോള്‍ പണ്ടേപോലെ ഫലിക്കുന്നില്ല. അങ്ങനെ വരുമ്പോള്‍ ഈര്‍ഷ്യ, നിരാശ, ഇച്ഛാഭംഗം, കോപം തുടങ്ങിയ വികാരങ്ങളൊക്കെ തുള്ളിത്തുളുമ്പിവരും. അത് പ്രകടിപ്പിക്കാന്‍ തുടങ്ങിയാല്‍ പിന്നെ പ്രശ്നമാണ്. ആയത് ചിലയിടങ്ങളിലേ പ്രകടിപ്പിച്ചുകൂടൂ. നേരവും കാലവും മറന്ന് ആ വിദ്യ ഈഴവസമുദായത്തിനു മേല്‍ പ്രയോഗിച്ചപ്പോള്‍ സംഗതി പൊള്ളി. മാനം മര്യാദക്ക് വളര്‍ന്നുവരാത്ത പെമ്പിള്ളേര് ഏതാണ്ടൊക്കെ ചെയ്തതിന് അന്യ സമുദായത്തിന്റെ മെക്കിട്ടുകയറാന്‍ നോക്കിയാല്‍ എന്താവും ഫലം? അടുത്തിടെ അതിനെക്കുറിച്ച് നമുക്ക് അറിയാനായി, നല്ലവണ്ണം. അരമനയും ബിഷപ്പും മാത്രമല്ല ശക്തിയും യുക്തിയും സംസ്കാരവുമുള്ള ഇടങ്ങളെന്ന് വ്യക്തമാക്കപ്പെട്ടു. കണിച്ചുകുളങ്ങരയിലെ കരുത്തിന്റെ അല്‍പ്പം ഭാഗമേ കണ്ടിട്ടുള്ളു. കൂടുതല്‍ പ്രശ്നമുണ്ടാക്കാതിരിക്കാന്‍ പള്ളിപ്പട്ടക്കാര് ശ്രമിച്ചാല്‍ അവര്‍ക്ക് നന്ന് എന്നത്രേ നാട്ടുപറച്ചില്‍. എന്തായാലും അഭിമാനിക്കാന്‍ വകയുണ്ട്. ഒരു പുതുയുഗപ്പിറവി ഇന്ദ്രപ്രസ്ഥത്തില്‍ ഉണ്ടായെങ്കില്‍ തീര്‍ച്ചയായും അതിന്റെ അലയൊലി നാടെങ്ങും പരക്കുമല്ലോ. മതം മനസ്സിന്റെ ശാന്തതീരം ആവണമെന്നു കരുതുന്നവര്‍ സംഘര്‍ഷത്തിന്റെ വിത്തുകളുമായി യാത്ര തുടരുന്നത് നിര്‍ത്തിയാല്‍ അതുതന്നെയല്ലേ മനുഷ്യത്വം ?
തൊട്ടുകൂട്ടാന്‍
ചുരുങ്ങിയത്
നാല്പത് തലമുറ
യഥേഷ്ടം ജീവിച്ചാലും
ബാക്കിയാവുന്നത്ര സമയം,
കാവലിരിക്കയാണ് ഞാന്‍,
ഈ ഇരുട്ടില്‍
ഈ വിജനതയില്‍
ടി.പി. രാജീവന്
കവിത: ഭൂതം.
മാതൃഭൂമി ആഴ്ചപ്പതിപ്പ്
(ജൂണ്‍ 27)
പ്രതികരിക്കാൻ ഇവിടെ എഴുതുക: