തിരുവനന്തപുരം: നല്ലതുംകലാമൂല്യമുള്ളതുമായ സിനിമകള്‍ക്ക് ആസ്വാദകര്‍ ഏറുന്നു എന്നതിനു തെളിവാണ് അസ്തമയം വരെ എന്ന സിനിമ 25-ാം ദിവസത്തിലേക്ക് കടന്നതെന്ന് സംവിധായകന്‍ സജിന്‍ ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭാവിയില്‍ കലാമൂല്യമുള്ളസിനിമകള്‍ എടുക്കാനുദ്ദേശിക്കുന്ന സംവിധായകര്‍ക്ക് ഇത് പ്രചോദനമാകും. ഇത് നല്ല സിനിമകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ശുഭ സൂചനയാണ്. കലാമൂല്യമുള്ള സിനിമകള്‍ ചെയ്യുന്ന സംവിധായകര്‍ പരിമിതികള്‍ക്കുള്ളില്‍നിന്ന് ചിത്രങ്ങള്‍ ഒരുക്കേണ്ടിവരുന്നു. അസ്തമയംവരെ എന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തിനുശേഷവും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
സംസ്ഥാന അവാര്‍ഡിന് അയച്ചെങ്കിലും അവാര്‍ഡ് നിര്‍ണയസമിതി ഈ സിനിമ കാണുക പോലും ചെയ്തില്ല. എന്നാല്‍ ബോംബെ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തില്‍ തെരഞ്ഞെടുത്തതോടെയാണ് ഇതിനൊരു മാറ്റമുണ്ടാകുന്നത്. തുടര്‍ന്ന് ബാംഗഌര്‍ ഫിലിം ഫെസ്റ്റിവലിലും അന്താരാഷ്‌ട്രഫിലിം ഫെസ്റ്റിവലിലും അംഗീകാരങ്ങള്‍ ലഭിച്ചതോടെ ജനം ഈ സിനിമ ഏറ്റെടുക്കുകയായിരുന്നു. ഭാവിയില്‍ ചെലവു കുറഞ്ഞ ചിത്രങ്ങള്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നതായും വിശുദ്ധന്‍ എന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: