പാലക്കാട്: വീടുകളുടെയും ക്ഷേത്രങ്ങളുടെയും പൂട്ടുപൊളിച്ച് പണവും സ്വര്‍ണവും കവര്‍ച്ച ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവ് പാലക്കാട് കാവശേരി കല്ലോട്ടുപറമ്പില് വീട്ടില്‍ ഗിരീഷ്(ലിവര്‍ ഗിരി-37) പിടിയില്‍. ടൗണ്‍ നോര്‍ത്ത് സി.ഐ ആര്് ഹരിപ്രസാദും സംഘവും പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് കഴിഞ്ഞ മാസങ്ങളില്‍ ജില്ലയില്‍ തന്നെ നിരവധി ഭവനഭേദന, ക്ഷേത്രമോഷണ കേസുകള്‍ക്ക് തുമ്പായി.
കഴിഞ്ഞ മാസം ആലത്തൂര്‍ ചേരാമംഗലം മന്ദത്തുകാവില്‍ ദേവസിന്റെ വീട് പട്ടാപകല്‍ ആളില്ലാത്ത സമയം ഓടുപൊളിച്ചിറങ്ങി 10 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. മുണ്ടൂര്‍ പാലക്കീഴ് ഭഗവതി ക്ഷേത്രത്തില്‍ കുമ്മാട്ടി ഉത്സവത്തിന് മുമ്പ് ഭണ്ഡാരം കുത്തിതുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ചതും ഇയാളാണ്.
രാവിലെ പത്രങ്ങളില്‍ വരുന്ന ചരമ വാര്‍ത്തകള്‍ വായിച്ചാണ് ഇയാള്‍ മോഷണസ്ഥലം തെരഞ്ഞെടുക്കുന്നത്. മരണവീടുകള്‍ക്ക് സമീപത്തുള്ള ബന്ധുവീടുകളാണ് ഇയാള്‍ ലക്ഷ്യമിടുക. അവിവാഹിതനായ പ്രതി ലോഡ്ജുകളില്‍ താമസിച്ചാണ് മോഷണം നടത്തിവന്നിരുന്നത്.
2000ല്‍ ബൈക്ക് മോഷണം ആരംഭിച്ച ഗിരീഷ് പിന്നീട് തൃശൂര്‍ ഈസ്റ്റ്, ആല്ത്തൂര്, പുതുനഗരം, ചിറ്റൂര്‍, പാലക്കാട് സൗത്ത്, ചാലിശേരി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി അമ്പതോളം മോഷണക്കേസുകളില്‍ പിടിയിലായി പത്ത് വര്‍ഷത്തോളം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.
അവസാനമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. മാന്യമായ വേഷം ധരിച്ച് കാറിലും ബൈക്കിലുമാണ് പ്രതി കറങ്ങിയിരുന്നത്. മോഷണമുതലുകള്‍ വിറ്റ് കിട്ടുന്ന പണം വിനോദയാത്രയ്ക്കും ആര്ഭാര ജീവിതത്തിനുമാണ് ചെലവഴിക്കുന്നത്. ആന്ധ്ര, ബംഗ്ലൂരു, മൈസൂര്‍, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ പണം ചെലവഴിക്കാന്‍ കറങ്ങി നടന്നു. പ്രതി സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണ മുതലുകള്‍ പാലക്കാട് നഗരത്തിലെ സ്വര്‍ണ വ്യാപാര സ്ഥാപനത്തില്‍ നിന്ന് തിരിച്ചെടുത്തു.
‘ ഓപ്പറേഷന് ആന്റി മണ്‍സൂണ്‍ തെഫ്റ്റി’ന്റെ ഭാഗമായി ടൗണ്‍ നോര്‍ത്ത് സി.ഐ ആര്. ഹരിപ്രസാദ്, എസ്.ഐ എം. സുജിത്, പ്രൊബേഷണ്‍ എസ്.ഐ ഹരീഷ്, ജില്ലാ ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്. ജലീല്‍, കെ.എ. അശോക് കുമാര്‍, കെ. അഹമ്മദ് കബീര്‍, ടൗണ്‍ നോര്‍ത്ത് സി.പി.ഒ ആര്. ബാബു രാമകൃഷ്ണന്, വിനോദ് പൂവക്കോട് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: