പത്തനാപുരം: പാഠപുസ്തകമില്ല, അധ്യാപകരും. കിഴക്കന്‍ മേഖലയിലെ വിദ്യാലയങ്ങളില്‍ അദ്ധ്യയനം താളം തെറ്റുന്നു. സ്കൂള്‍ തുറന്ന് രണ്ടാഴ്ചയാകുമ്പോളും പാഠപുസ്തക വിതരണം പൂര്‍ത്തിയായിട്ടില്ല. ജില്ലയില്‍ പതിനാറര ലക്ഷത്തിലധികം പാഠപുസ്തകം വേണ്ടുന്ന സ്ഥാനത്ത് പകുതിയില്‍ താഴെമാത്രമാണ് വിതരണം ചെയ്തത്.
ഇതാകട്ടെ നഗരപ്രദേശങ്ങളിലും. മലയോര മേഖലയിലെ ചുരുക്കം ചില സ്കൂളുകളില്‍ മാത്രമാണ് പുസ്തകങ്ങള്‍ എത്തിയിട്ടുള്ളത്. അതും കുറച്ച് മാത്രം. ഇക്കുറി പുതുതായി അച്ചടിച്ച രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളാകട്ടെ ഇനിയും വിതരണം ആരംഭിച്ചിട്ടില്ല.
കിഴക്കന്‍ മലയോര മേഖലയിലെ വിദ്യാലയങ്ങള്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം അധ്യാപക ക്ഷാമമാണ്. ഉള്‍മേഖലയിലുള്ള ഇത്തരം സ്കൂളുകളില്‍ സ്ഥിരം അധ്യാപകരുടെ എണ്ണം വളരെ കുറവാണ്. പ്രധാന അധ്യാപകന് മാത്രമുള്ള സ്കൂളുകളും പ്രധാന അധ്യാപകന് പോലുമില്ലാത്ത സ്കൂളുകളും ഇവിടെയുണ്ട്. ഒരാള്‍ തന്നെ എല്ലാ ക്ലാസുകളും കൈകാര്യം ചെയ്യുന്നതിനാല്‍ ഇവിടങ്ങളില്‍ കൊഴിഞ്ഞുപോക്ക് ഭീഷണിയും നിലനില്ക്കുന്നു. ആദിവാസി മേഖലകളിലുള്ള വലിയകാവ്, അച്ചന്‍കോവില്‍, ഒറ്റക്കല്‍, റോസ്മല തുടങ്ങിയ സ്കൂളുകളില്‍ അധ്യാപകരും പാഠപുസ്തകങ്ങളുമില്ലാത്തതിനാല് അദ്ധ്യയനം പോലും ആരംഭിച്ചിട്ടില്ല.
ഗതാഗത സൗകര്യം കുറവായതിനാല്‍ ഇവിടേക്ക് വരാന്‍ അധ്യാപകര്‍ മടിക്കുന്നുണ്ട്. നിയമിക്കപ്പെടുന്നവരാകട്ടെ സ്വാധീനം ഉപയോഗിച്ച് മാസങ്ങള്‍ക്കുള്ളില്‍ സ്ഥലംമാറ്റം വാങ്ങിപ്പോകുകയും ചെയ്യും. മുന്‍വര്‍ഷങ്ങളില്‍ ഈ മേഖലയിലെ വിദ്യാലയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ ഉപയോഗിച്ചാണ് അദ്ധ്യയനം നടത്തിയത്. ചിലയിടങ്ങളില്‍ ഇവരുടെ ശമ്പളം നല്‍കിയത് പിടിഎ കളുമാണ്.
എന്നാല്‍ ഇത്തവണ താല്‍ക്കാലിക അധ്യാപകരെ നിയമിക്കാനുള്ള വിജ്ഞാപനം ഇതുവരെയായിട്ടുമില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അവസാനത്തോടെയാണ് പുസ്തകവിതരണം പൂര്‍ത്തിയായതും താല്‍ക്കാലിക അധ്യാപകരെ നിയമിക്കാന്‍ ധാരണയായതും. അദ്ധ്യയനം മുടങ്ങുന്നത് രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നുണ്ട്. അധ്യാപക നിയമനവും നടത്തി അദ്ധ്യയനം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: