കൊട്ടാരക്കര: ഇനി പരാതി പറയാതിരിക്കാന്‍ പരാതിക്കാരന് ആരോഗ്യവകുപ്പിന്റെ വക ഊരില്ലാ കത്ത്. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണത്തിന് ഹാജരാകാനായി പരാതിക്കാരായ ഐവര്‍കാല കിഴക്ക് ഗീതാഭവനത്തില്‍ രാഗേഷിനാണ് ഊരില്ലാത്ത കത്ത് ലഭിച്ചത്. താങ്കള്‍ വെള്ളിയാഴ്ച അന്വേഷണം നടത്തുന്ന ബോര്‍ഡിന് മുന്നില്‍ ചികിത്സാരേഖകളുമായി ഹാജരാകണമെന്നാവശ്യപ്പെട്ട് ജില്ലാമെഡിക്കല്‍ ഓഫീസറാണ് കത്ത് അയച്ചത്. എവിടെയാണ് ഹാജരാകേണ്ടതെന്ന് കത്തില്‍ അറിയിപ്പില്ല. 9 നാണ് കത്ത് അയച്ചിരിക്കുന്നത്.
സ്ഥലം രേഖപ്പെടുത്തിയിട്ടില്ലങ്കിലും നീതി ലഭിക്കുമെന്ന മോഹവുമായി സുഖമില്ലാത്ത ഭാര്യയുമായി കൊല്ലത്ത് ഡിഎംഒ ഓഫിസിലെത്തിയപ്പോള്‍ അവിടെയങ്ങനെയൊരു അന്വേഷണം ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. അവിടെ നിന്നും കൊട്ടാരക്കര ആശുപത്രിയില്‍ എത്തിയപ്പോള്‍ തെളിവെടുപ്പും അന്വേഷണവും അവസാനിക്കാറായിരുന്നു. കത്തില്‍ സ്ഥലം രേഖപ്പെടുത്താത്തത് കാരണം കൊല്ലത്ത് പോയിട്ടാണ് എത്തുന്നതെന്ന് പറഞ്ഞപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് തമാശ കേട്ട ഭാവത്തില്‍ ചിരിച്ചുതള്ളുകയായിരുന്നുവെന്ന് രാഗേഷ് പറയുന്നു.
മാര്‍ച്ച് 30നായിരുന്നു താലുക്കാശുപത്രിയില്‍ വച്ച് കുഞ്ഞു മരിക്കുന്നത്. തുടര്‍ന്ന് യുവജസംഘടനകളുടെ പ്രതിഷേധത്തെതുടര്‍ന്ന് ഡോക്ടറെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഡോക്ടര്‍ ദിവസങ്ങള്‍ക്കകം സര്‍വീസില്‍ തിരിച്ചെത്തുകയും ചെയ്തു. തങ്ങളുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും അന്വേഷണം പ്രഹസനമാണെന്നു സംശയിക്കുന്നതായും രാഗേഷ് പറഞ്ഞു. ഡോക്ടറുടെ അനാസ്ഥയാണ് കുഞ്ഞു മരിക്കാനിടയായതെന്നും അന്വേഷണം വേണമെന്നും കാട്ടി രാഗേഷ് ആരോഗ്യവകുപ്പിന് മൂന്നു പരാതികള്‍ നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. കളക്ടര്‍ക്കു നല്കിയ പരാതിയിലാണ് കഴിഞ്ഞ ദിവസം അന്വേഷണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: