വിഷക്കനികളുടെ വിളവെടുപ്പുകാലമാണല്ലോ. ജനങ്ങളോട് ഏറെ പ്രിയമുള്ള സര്‍ക്കാര്‍ എന്തൊക്കെയാണ് ചെയ്യാന്‍പോകുന്നത്. സംസ്ഥാനാതിര്ത്തികടന്നുവരുന്ന പച്ചക്കറി ഉള്‍പ്പെടെയുള്ള വണ്ടികള്‍ പരിശോധനക്കു വിധേയമാക്കുന്നു, നടപടി സ്വീകരിക്കുന്നു. അങ്ങേത്തലയ്ക്കലെ അമ്മാവ് സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കാര്യങ്ങള്‍ പെടുത്തുന്നു. എന്റമ്മോ, ഒന്നും കാണാന്‍ വയ്യേ.
തേരാപാരാ നടക്കുന്ന എന്റെ നാട്ടിലെ കുട്ടിരാമന്‍മാര്‍ക്ക് പെരുത്ത് സന്തോഷം. ഏതായാലും ഇവിടെ മ്മളെ നോക്കാന്‍ ഒരു സര്‍ക്കാരുണ്ടെന്ന് തെളിഞ്ഞല്ലോ. വോട്ടുകുത്തി അധികാരത്തില്‍ കേറ്റിയിട്ട് പത്തുനാല്പതു മാസം കഴിഞ്ഞപ്പോള്‍ ഇവിടെ ജനങ്ങളുണ്ടെന്ന് വ്യക്തമായല്ലോ. ഇതിനെയല്ലേ ചേട്ടാ അതിവേഗം ബഹുദൂരം എന്നുപറയുക. സന്തോഷം മൂത്ത് കുട്ടിരാമന്മാര് പത്രങ്ങളായ പത്രങ്ങളുടെയും ചാനലുകളായ ചാനലുകളുടെയും ആപ്പീസുകളിലേക്ക് നിരന്തരം വിളിച്ച് ആഹ്ലാദം അറിയിക്കുന്നു, പ്രതികരണങ്ങള്‍ എത്തിക്കുന്നു. ഹായ് എന്താകഥ!
ഏതായാലും ഈ വിഷത്തിന്റെ അളവിനെക്കുറിച്ചും രൂപത്തെക്കുറിച്ചും നമുക്ക് വേണ്ടത്ര അറിവില്ല. ഇനി ഉണ്ടെങ്കില്‍തന്നെ എങ്ങനെ ഇല്ലാതാക്കാം എന്നുമറിയില്ല. പച്ചക്കറിയിലും മറ്റുമുള്ള വിഷത്തെ നിര്‍വീര്യമാക്കാനും ദുര്‍ബലപ്പെടുത്താനും വഴികള്‍ ഏറെയുണ്ടത്രെ. എന്നാല്‍ വേറെചില വിഷങ്ങളുണ്ട് . അത് എങ്ങനെ വരുമെന്നോ എന്തൊക്കെ പുകിലുണ്ടാക്കുമെന്നോ നിരൂപിക്കാന്‍ കഴിയില്ല. അവസാനഘട്ടത്തിലേ അറിയാനൊക്കൂ. ഇപ്പോള്‍ സര്‍വവ്യാപിയായിരിക്കുന്ന ഒരസുഖം പോലെയാണ്. അറിയില്ല തുടക്കത്തില്‍, അറിഞ്ഞിട്ട് കാര്യമില്ല ഒടുക്കത്തില്‍. ഇമ്മാതിരി ഒരു വിഷത്തെക്കുറിച്ചാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ അലസഗമനം നടത്തിയ മഹാസാഹിത്യകാരന് പറയുന്നത്. ഉറൂബ് ജന്മശതാബ്ദി നാളില്‍ കോഴിക്കോട്ടുനടന്ന പരിപാടിയില്‍ സംസാരിക്കവെ, ഇന്നത്തെ കൊടിയ കാളകൂടത്തെകുറിച്ച് അദ്ദേഹം വിശദമാക്കിയതിന്റെ രത്നച്ചുരുക്കം ഇങ്ങനെ: പച്ചക്കറിയില്‍ മാത്രമല്ല, സാഹിത്യത്തിലും വിഷാംശം ഉണ്ട്. പച്ചക്കറിയിലെ വിഷാംശം കണ്ടെത്താന്‍ ലാബ് ടെസ്റ്റുകളുണ്ട്. പക്ഷേ, സാഹിത്യത്തിലെ വിഷാംശം കണ്ടെത്താന്‍ പരിശോധനകളില്ല; ലാബുകളുമില്ല. ഉണ്ടാകുമെന്ന് തോന്നുന്നുമില്ല. അര്‍ഥ സമ്പുഷ്ടമായ ഈ വിലയിരുത്തലിന്റെ പൊള്ളലില്‍ രൂപം മാറുന്ന, ഭാവം മാറുന്ന സാഹിത്യത്തിന്റെ മുഖം നമുക്കുകാണാം. പൊള്ളിപ്പിടയുന്ന സ്വാര്‍ത്ഥതയുടെ കൊച്ചുകൊച്ചു കൂടാരങ്ങള്‍ കാണാം. മയ്യഴിസാഹിത്യകാരന്റെ അടുത്ത കൂട്ടുകാരനായ ദല്ഹിവാസിയുടെ കവിതകളില്‍ അടുത്തയിടെ എത്ര ഡോസ് വിഷമാണ് തുള്ളിത്തുളുമ്പിയതെന്ന് നാം അറിഞ്ഞതാണ്. പ്രത്യേകിച്ചും നരേന്ദ്രമോദിയെന്ന വ്യക്തി ഭാരത പ്രധാനമന്ത്രിയായതുമുതല്‍. കവിതയിലും നോവലിലുമാണത്രെ വിഷാംശം കൂടുതല്‍. കഥയില്‍ അത്രയ്ക്കുവരില്ല. ടിയാന് കഥകളിലേക്ക് തിരിഞ്ഞതിന്റെ രസതന്ത്രം കാലികവട്ടം വായനക്കാര്‍ക്ക് മനസിലായെന്ന വിശ്വാസത്തൊടെ നമുക്ക് മറ്റുചില വിഷപ്രയോഗങ്ങളിലേക്ക് കടക്കാം.
പാമ്പിന്റെ തലയിലും വാലിലുമാണ് വിഷമെന്ന് പറഞ്ഞുതന്നത് ഞങ്ങളുടെ കണാരേട്ടനാണ്. മൂപ്പര് പണ്ട് പാമ്പിനെ കൊല്ലുമ്പോള്‍ വാലും തലയും വേര്‍പെടുത്തും. അത് കരിച്ചുകളയുകയും ചെയ്യും. പത്ത്മുപ്പത്തഞ്ച് കൊല്ലം മുമ്പ് പരിസ്ഥിതി വാദികള്‍ അത്രയ്ക്കങ്ങ് ശക്തരല്ലാഞ്ഞതിനാല്‍ കണാരേട്ടന് രക്ഷപ്പെട്ടു. എന്നാല്‍ ആ കണാരേട്ടന്റെ മനോനിലയിലേക്ക് (മേപ്പടിയാന് കറകളഞ്ഞ കമ്യൂണിസ്റ്റായിരുന്നു) നമ്മുടെ യെച്ചൂരി മഹാശയനും എത്തിയതിന് ആരോടാണ് നാം നന്ദിപറയുക. കേരളത്തില്‍ പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം വ്യക്തമായി പറയുന്നു. അത് പരിഹരിക്കാന്‍ അദ്യം ഒരു കമ്മീഷനെവച്ചു. മേപ്പടി കമ്മീഷന് തലവനില്ല. എല്ലാവരും അംഗങ്ങള്‍. തലയും വാലുമുണ്ടെങ്കില് വിഷം അങ്ങനെതന്നെകിടക്കും. അത് ആദ്യം തന്നെ ഇല്ലതാക്കിയാല്‍ പ്രശ്നം തീര്‍ന്നില്ലേ. തലയും വാലും ഇല്ലാത്ത നടുക്കഷ്ണം തിന്നാല്‍ മുഴുവന്‍ രുചിയും അറിയാം. ചേരയെ തിന്നുന്ന നാട്ടിലെത്തിയാല്‍ നടുക്കഷ്ണം തിന്നണമെന്ന ന്യായം ഇക്കാര്യത്തില്‍ കൂട്ടിനുണ്ട്. ഏതായാലും ഞങ്ങളുടെ കണാരേട്ടന്റെ ഓര്‍മ്മ സജീവമാക്കാന്‍ സഹായിച്ചതിന് യെച്ചൂരി സഖാവിന് ഒരായിരം ലൈക്ക്. ഷെയര്‍ ചെയ്യുന്നവര്‍ കേസ് വരാതെ നോക്കണേ.
ഇനി മറ്റോരു വിഷത്തെക്കുറിച്ചാവാം. പത്ത്കൊല്ലം രാജ്യഭരണം തോളിലേറ്റിയിട്ടും ക, മ എന്ന് പറയാത്ത മനുഷ്യന്റെ ഉള്ളിലെ വിഷം ഇതാ പൊടുന്നനെ പുറത്തുവരുന്നു. നരേന്ദ്രമോദിയെ ചായക്കടക്കാരന്റെ പണിയിലേക്ക് ക്ഷണിച്ചത് നമ്മുടെ മയിലാട്തുറയിലെ മണിയണ്ണനായിരുന്നു. അതിന്റെ ഫലശ്രുതി എന്തായിരുന്നുവെന്ന് നമ്മളറിഞ്ഞുകഴിഞ്ഞു. ഇപ്പോഴിതാ മറ്റോരു വല്യണ്ണന് രംഗത്തുവരുന്നു. മോദി വിദഗ്ധനായ വില്‍പ്പനക്കാരനാണെന്നാണ് ടിയാന്റെ പക്ഷം. ശരിയാണ്, വളരെ ശരിയാണ്. എത്രനല്ല പ്രോഡക്ട് ഉണ്ടാക്കിവെച്ചിട്ടും കാര്യമില്ല. അത് നല്ലരീതിയില്‍ മാര്‍ക്കറ്റ് ചെയ്യപ്പെട്ടില്ലെങ്കില്‍ എട്ടുനിലയില്‍ പൊട്ടും. ഭാരതീയത അതിന്റെ സ്വത്വാത്മക സൗന്ദര്യത്തോടെയും ധാര്മ്മികസംസ്കാരത്തോടെയും വിറ്റഴിക്കുന്നതില്‍ ദത്തശ്രദ്ധനാണ് നരേന്ദ്രമോദി. അത് വെറും പ്രചാരണമല്ല, അനുഭവിച്ചറിയുന്ന വസ്തുതയാണ്. മിണ്ടാനും പ്രവര്‍ത്തിക്കാനും അറിയാത്തവന് എങ്ങനെയൊരു പ്രോഡക്ട് വിറ്റഴിക്കാനാവും ? അതിന്റെ ഉടമയെ സഹായിക്കാനാവും? അതുവഴി ആയിരക്കണക്കായ തൊഴിലാളികളെ രക്ഷിക്കാനാവും? യുപിഎ സര്‍ക്കാറിന്റെ പദ്ധതികളാണത്രെ നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതൊക്കെ കോണ്‍ഗ്രസിന്റെ സ്വന്തം പദ്ധതികളാണെന്നാണ് മനോമോഹന പക്ഷം. മനോമോഹനും സംഘവും ഒരു കുടുംബത്തെമാത്രം മുന്നില്‍ക്കണ്ടു. നരേന്ദ്രമോദിയും സര്‍ക്കാറും ഭാരതത്തെമൊത്തം മുന്നില്‍ കാണുന്നു. അതാണ് ഇരുപക്ഷവും തമ്മിലുള്ള വ്യത്യാസം. യെച്ചൂരി വഴി കണാരേട്ടനെ ഓര്മ്മിക്കാനായെങ്കില് നരേന്ദ്രമോദി വഴി മനോമോഹനെയും ഓര്‍മ്മിക്കാനായി. ഒറ്റ ചോദ്യം കൊണ്ട് എല്ലാം മാറിമറിയുന്നത് നോക്കിന്.
ഇനി രണ്ടു വിഷങ്ങളുടെ ഏറ്റക്കുറച്ചില്‍ എങ്ങനെയൊക്കെ ഒഴുകിപ്പരക്കുന്നു എന്നറിയാന്‍ ചെറിയൊരു ഉദാഹരണം. കമലരാമന്റെ വാരികയിലെ രണ്ടു ലക്കത്തിലെ (മെയ് 30, ജൂണ്‍ 13) ട്രൂകോപ്പിവഴിയാണ് ഇത്. മേപ്പടി പംക്തിയില്‍ കെ.സി. സുബി മാറിയ മാര്‍ക്കറ്റ് ട്രപ്പീസുകള്‍ എന്ന വിഷക്കനി വിളമ്പുന്നു (മെയ് 30). ബിജെപി പ്രകടന പത്രികയിലെ ചില വാചകങ്ങള്‍ എടുത്ത് അതില്‍ മുക്കൂട്ട് വിഷം പുരട്ടി വായനക്കാരുടെ അണ്ണാക്കിലേക്ക് കുത്തിയിറക്കുമ്പോള്‍ ആഹാ എന്ന് സുബി നിര്‍വൃതി കൊള്ളുന്നു. മയ്യഴി സാഹിത്യകാരന് പറഞ്ഞ കവിതയെക്കാള്‍, നോവലിനെക്കാള്‍ വിഷം ഒഴുക്കാന്‍ സാധിച്ചല്ലോ എന്ന കൃതാര്ത്ഥതയില് ശീതീകരണ മുറിയില്‍ അങ്ങനെകിടക്കുകയാണ്. ഇതാ അതേ പംക്തിയില്‍ (ജൂണ്‍ 20) പി.കെ. ശ്രീകുമാറിന്റെ സ്കഡ് മിസൈല്‍ ! തലക്കെട്ട്: വീണ്ടും നിരോധിക്കപ്പെടുന്ന വിയോജിപ്പുകള്‍. മദിരാശി ഐ.ഐ.ടിയിലെ അംബേദ്ക്കര്‍ പെരിയാര്‍ സ്റ്റുഡന്റ്സ് സര്‍ക്കിള്‍ യൂണിയന് നിരോധിച്ചതിന്റെ പിന്നാമ്പുറം തിരയുകയാണ് ശ്രീകുമാര്‍. ഇതാ അദ്യത്തിന്റെ അത്രേ വിവരണം. ഹിന്ദുത്വ അജണ്ട നടപ്പാക്കലാണ് മോദി സര്‍ക്കാറിന്റെ ലക്ഷ്യമെന്നും രാജ്യത്തെ കീറിമുറിക്കാനുള്ള ശ്രമത്തിനെതിരെ കരുതല്‍ വേണമെന്നും സെമിനാറില്‍ പറഞ്ഞുവത്രെ ! അവരുടെ ലഘുലേഖകളിലും മേല്‍പ്പറഞ്ഞ ‘ഗുരുതരമായ’ പരാമര്‍ശങ്ങള്‍ ഉണ്ടത്രെ ! മാത്രവുമല്ല, ഈ ‘വിമര്‍ശനങ്ങള്‍’, ‘അപകടകരമായ’ വിദ്വേഷം പ്രചരിപ്പിക്കലാണ് എന്ന് പറഞ്ഞ് ഒരു ഊമക്കത്ത് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന് കിട്ടിയത്രെ! ഈ അത്രെ വിവരണം വഴി എത്രഡോസ് വിഷമാണ് പകര്‍ന്ന് കൊടുത്തതെന്ന് തെളിയിക്കാന്‍ മയ്യഴി സാഹിത്യകാരന് പറഞ്ഞതു പോലെയുള്ള ലാബുടെസ്റ്റുകള് ഒന്നും നടത്താന്‍ സൗകര്യമില്ല. സുനന്ദപുഷ്കറിനു കൊടുത്ത വിഷത്തെകുറിച്ച് അറിയാന്‍ വിദേശത്തെങ്കിലും സൗകര്യമുണ്ട്. ഇവിടെ അതുമില്ല. ആയതിനാല്‍ സുബി-ശ്രീകുമാര്‍ സംഘം വിഷപ്പണി നിര്‍ബാധം തുടരട്ടെ. സ്വാര്‍ത്ഥവാഹക സംഘത്തിന് മുന്നോട്ടുപോകാതെ വയ്യ കമലാരാമന്മാരേ…
തൊട്ടുകൂട്ടാന്‍
പേരുകള്‍ പലതെന്നാല്‍
വളകളൊരേ ജാതി !
പേരിലെന്തിരിക്കുന്നു
എന്നതാരറിയുന്നു !
ഒരോരുത്തര്ക്കുമവ-
രെടുത്തതത്രേ കേമം !
ഒരോന്നുമോരോ മോഹ-
ത്തിന്റേതാം സാക്ഷാത്കാരം!
ഒഎന്‍വി കുറുപ്പ്
കവിത: വളച്ചെട്ടികള്
ഭാഷാപോഷിണി വാര്‍ഷികപ്പതിപ്പ് (ജൂണ്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: