കൊച്ചി: ശുദ്ധമായ ആയുര്‍വേദ ഔഷധങ്ങള്‍ തിരിച്ചറിയാന്‍ ലക്ഷ്യമിട്ടുള്ള അഖിലേന്ത്യാ ആയുര്‍വേദ സെമിനാറും പ്രദര്‍ശനവും ജൂണ്‍ 12, 13 തീയതികളില്‍ കൊരട്ടി കിന്‍ഫ്രാ പാര്‍ക്കിലെ കെയര്‍ കേരളം ആസ്ഥാനത്ത് നടക്കും.
ആയുര്‍വേദത്തിന്റെ സമഗ്ര വികസനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ രൂപീകരിച്ച ആയുര്‍വേദ നിര്‍മാതാക്കളുടെ കൂട്ടുസംരംഭമായ കെയര്‍ കേരളമാണ് നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡുമായി ചേര്‍ന്ന് ദ്വിദിന സെമിനാര്‍ സംഘടിപ്പിക്കുന്നത്. 12-ന് രാവിലെ 9-ന് കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
അസംസ്കൃത ഔഷധങ്ങള്‍ – ബദല്‍ ചേരുവകളും മായങ്ങളും എന്ന വിഷയവുമായി ബന്ധപ്പെട്ട എട്ട് പ്രബന്ധങ്ങള്‍ സെമിനാറില്‍ അവതരിപ്പിക്കും. സംസ്ഥാന ആയുഷ് സെക്രട്ടറി ഡോ. എം. ബീന ഐഎഎസ്, ഫാര്‍മകോപിയ കമ്മിറ്റി ഓഫ് ഇന്ത്യ ചെയര്മാന് ഡോ. പി. കെ. ജോഷി, സംസ്ഥാന ഔഷധ-സസ്യ ബോര്‍ഡ് സിഇഒ ശ്രീകുമാര്‍, ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. ടി. ശിവദാസ്, കെയര്‍ കേരളം ചെയര്മാന് പത്മശ്രീ പി. ആര്. കൃഷ്ണകുമാര്‍, മാനേജിംഗ് ഡയറക്ടര്‍ ഡോ. സജികുമാര്‍, ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ഹരി നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുക്കും.
വൈദ്യരത്നം, കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി, സോമതീരം ആയുര്‍വേദ ഗ്രൂപ്പ്, ധാത്രി, ശ്രീധരീയം, നാഗാര്‍ജുന, കണ്ടംകുളത്തി, സീതാറാം, കേരള ആയുര്‍വേദ ലിമിറ്റഡ്, ബൈഫ ഡ്രഗ് ലബോറട്ടറീസ്, ശ്രീശങ്കര കമ്മ്യൂണിറ്റി, റിലാക്സ് ഹെര്‍ബല്‍സ്, എ.വി.എ ചോളയില്‍ ഹെല്‍ത്ത് കെയര്‍ തുടങ്ങിയ പ്രമുഖ ആയുര്‍വേദ കമ്പനികള്‍ ഈ ദിവസങ്ങളില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ പങ്കെടുക്കും.
പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്. സെമിനാറിനോടനുബന്ധിച്ച് 13-ന് രാവിലെ 10 മുതല്‍ 3 മണി വരെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: