പള്ളിക്കത്തോട്: പെരുമ്പാറയില്‍ നിന്നും കക്കൂസ് മാലിന്യം താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തിത്തുടങ്ങി. പള്ളിക്കത്തോട് പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശമാണിത്. കനത്തമഴയെത്തുടര്‍ന്ന് തോടുകളിലൂടെയും നീര്‍ച്ചാലുകളിലൂടെയും കക്കൂസ് മാലിന്യം ഒഴുകി പള്ളിക്കത്തോട് പകര്‍ച്ചവ്യാധി ഭീഷണിയിലായി. വര്‍ഷം തോറും ഈ പ്രദേശത്ത് നിരവധി ആളുകളാണ് ഇതുമൂലം പകര്‍ച്ചവ്യാധിയാല്‍ മരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഡെങ്കിപ്പനി പിടിച്ച് രണ്ടുപേര്‍ ഇവിടെ മരണമടഞ്ഞിരുന്നു. പ്രദേശമാകെ ഇപ്പോള്‍ പകര്‍ച്ചപ്പനിയുടെ പിടിയിലാണ്.
പാറനിറഞ്ഞ പ്രദേശത്ത് താമസിക്കുന്ന നാല്പതോളം കുടുംബങ്ങള്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നത് തുറസ്സായ പാറപ്പുറത്താണ്. കൂലിപ്പണിക്കാരായ ഇവിടുത്തെ താമസക്കാര്‍ തലമുറകളായി പാറപ്പുറത്താണ് വീടുവച്ച് കഴിയുന്നത്. എട്ടേക്കറോളം വരുന്ന പാറപ്പുറത്ത് താമസിക്കുന്ന ഇവര്‍ക്ക് കക്കൂസ്, മുത്രപ്പുര, കുളിമുറി ഇവ നിര്‍മ്മിക്കുന്നതിന് നിര്‍വ്വാഹമില്ല. തുറന്ന സ്ഥലത്താണ് ഇവര്‍ വര്‍ഷങ്ങളായി പ്രാഥമിക ആവശ്യം നിര്‍വ്വഹിക്കുന്നത്. വേനലിലെ കടുത്ത ചൂടില്‍ ഉണങ്ങിപ്പൊടിയുന്ന കക്കൂസ് മാലിന്യം പക്ഷികള്‍ കൊത്തിവലിച്ച് സമീപത്തെ കുടിവെള്ള സ്രോതസ്സുകളിലും കൃഷിയിടങ്ങളിലും നിക്ഷേപിക്കും. മഴക്കാലമായാല്‍ വെള്ളപ്പാച്ചിലില്‍ കക്കൂസ് മാലിന്യം സമതലപ്രദേശങ്ങളിലേക്ക് ഒഴുകിയെത്തും. ഇതുമൂലം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ ബാധിച്ച് വര്‍ഷം തോറും ആളുകള്‍ മരിക്കുന്നത് പ്രദേശത്ത് പതിവാണ്.
മരണവാര്‍ത്തയറിഞ്ഞ് ആരോഗ്യവകുപ്പ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ തല്‍ക്കാലത്തേക്ക് എത്തുന്നത് ഒഴിച്ചാല്‍ കാര്യമായ നടപടിയും ഉണ്ടാകാറില്ല. ജനസമ്പര്‍ക്കം ഉള്‍പ്പെടെയുള്ള വേദികളില്‍ ഇവിടുത്തുകാര്‍ പരാതിപ്പെടാറുണ്ടെങ്കിലും പ്രയോജനമില്ല. പഞ്ചായത്ത് അധികൃതരും തിരിഞ്ഞുനോക്കുന്നില്ല. പഞ്ചായത്ത് പ്രസിഡന്റുകൂടിയായ വാര്‍ഡുമെമ്പര്‍ പ്രദേശത്തേക്ക് എത്തിനോക്കാറില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
തലമുറകളായ തങ്ങളുടെ പ്രശ്നത്തിന് പരിഹാരമായി അടിവാരത്തില്‍ പൊതു കക്കൂസ് നിര്‍മ്മിച്ച് നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പട്ടയമില്ലാത്ത സ്ഥലത്ത് പൊതു കക്കൂസ് നിര്‍മ്മിച്ച് നല്കാന് കഴിയില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട്. മനുഷ്യാവകാശ കമ്മീഷന് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്ക് നല്കിയ പരാതികളും ഫലം കാണാത്തതിനെത്തുടര്‍ന്ന് കടുത്ത നിരാശയിലാണ് ഇവിടുത്തുകാര്‍. അടിയന്തിര നടപടി ഉണ്ടായില്ലെങ്കില്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ പകര്‍ച്ചവ്യാധി ബാധിച്ച് കൂടുതല്‍ ആളുകള്‍ മരിച്ചേക്കുമെന്ന് ഇവര്‍ ആശങ്കപ്പെടുന്നു. കക്കൂസ് മാലിന്യം പാറയിടുക്കിലൂടെ ഒഴുകി കുടിവെള്ള സ്രോതസ്സുകളിലും പ്രദേശത്തെ നീരൊഴുക്കുകളിലും എത്തിപ്പെടുന്നതോടെ പള്ളിക്കത്തോട് പഞ്ചായത്ത് ആകെ പകര്‍ച്ചവ്യാധിയുടെ പിടിയില്‍ അകപ്പെടും. ജില്ലാ ശുചിത്വ മിഷന്റെ അവാര്‍ഡിന് അര്‍ഹമായ പള്ളിക്കത്തോട് പഞ്ചായത്തിലെ ജനങ്ങള്‍ക്കാണ് ഈ ദുര്‍വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: