കോട്ടയം: മാത്യു ഉലകംതറ സാറിന് എണ്‍പത്തിനാല് വയസ് തികഞ്ഞു. കവി, അദ്ധ്യാപകന്, ചിന്തകന്‍, ആത്മീയ സുഭാഷകന്‍, നിരൂപകന് തുടങ്ങിയ നിലകളില്‍ പ്രശസ്തനായ മാത്യു ഉലകംതറ കേരളത്തിലെ സാംസ്കാരിക സദസുകളില്‍ അദ്വിതീയനാണ്. ഇന്ന് വൈകിട്ട് 3ന് കോട്ടയം ബേക്കര്‍ ഹില്‍ സീരി ഹാളില്‍ ശതാഭിഷേകം ആഘോഷിക്കും.
വൈക്കം കിഴക്കുംഭാഗത്ത് ഉലകംതറ വര്‍ക്കി അന്ന ദമ്പതികളുടെ പുത്രനായി 1931 ജൂണ്‍ 6ന് മാത്യു ഉലകംതറ ജനിച്ചു. അയഅയ്യരുകുളങ്ങര ഗവ. മിഡില്‍ സ്കൂള്‍, വൈക്കം ഗവ. ഹൈസ്കൂള്‍, പാലാ സെന്റ് തോമസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യഭ്യാസം. 1954ല്‍ കേരളാ സര്‍വ്വകലാശാലയില്‍ നിന്ന് മലയാളം ഐച്ഛികവിഷയമായെടുത്ത് ഡബിള്‍ ഫസ്റ്റ് ക്ലാസോടെ ബിഎ പാസായി. മഹാകവി ജി. ശങ്കരക്കുറുപ്പ്, പ്രൊഫ. സി.എല്‍. ആന്റണി മുതലായവരായിരുന്നു അദ്ധ്യാപകര്‍. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് 1959ല്‍ ഒന്നാം റാങ്കോടെ എംഎ പരീക്ഷ പാസായി.
1954 മുതല്‍ തേവര എസ്എച്ച് കോളേജില്‍ ഭാഷാദ്ധ്യാപകനായിരുന്നു. 1964ല്‍ വകുപ്പദ്ധ്യക്ഷനായി. 1986ല്‍ റിട്ടയര്‍ ചെയ്തു. അതിനുശേഷം മാനന്തവാടി ന്യൂമാന്‍സ്, ചോക്കാട് ഹോളിഫാമിലി പാരലല്‍ കോളേജുകളില്‍ പ്രിന്‍സിപ്പലായും ദീപിക ആഴ്ചപ്പതിപ്പിന്റെ പ്രധാന പത്രാധിപരായും കെസിബിസിയുടെ മതബോധന മാധ്യമമായ താലന്ത് മാസികയുടെ സഹപത്രാധിപരായും സെന്റ് പോള്‍ പ്രസിദ്ധീകരണശാലയുടെ ചെയര്‍മാനായും വിവിധ സെമിനാരികളില്‍ അദ്ധ്യാപകനായും കോട്ടയം കവിതാമണ്ഡലം പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ ഏറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ ഓണററി പ്രൊഫസറായി മൂന്നുകൊല്ലം സേവനമനുഷ്ഠിച്ചത്, ക്രിസ്തുഗാഥയുടെ പ്രസിദ്ധീകരണത്തിനുശേഷമാണ്. 2005ല്‍ ലബനോന്‍ സര്‍വ്വകലാശാലയില്‍ ഹിന്ദുമതത്തിലെ ദൈവസങ്കല്പങ്ങളെപ്പറ്റി പ്രഭാഷണം നടത്താന്‍ ക്ഷണിക്കപ്പെടുകയും ചെയ്തു. ആകാശവാണി തിരുവനന്തപുരം കേന്ദ്രത്തിലെ സുഭാഷിതകാരന് എന്ന നിലയില്‍ സേവനം തുടരുന്നു.
എംജി, കേരള സര്‍വ്വകലാശാലകളില്‍ ചീഫ് എക്സാമിനര്‍, എക്സാമിനേഷന് ബോര്‍ഡു ചെയര്മാന്, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്മാന്, ഓറിയന്റല്‍ സ്റ്റഡീസ് ഫാക്കല്‍ട്ടി അംഗം, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയുട്ട് ഉപദേശക സമിതിയംഗം, സമസ്ത കേരള സാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, മുഖ്യ പത്രാധിപര്‍, കേരള സാഹിത്യ അക്കാദമിയംഗം, കേരളാ റൈറ്റേഴ്സ് ഫെലോഷിപ്പ് പ്രസിഡന്റ് മുതലായ സ്ഥാനങ്ങള്‍ വഹിക്കുകയും വിവിധ രംഗങ്ങളില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കുകയും ചെയ്തു.
1952ല്‍ എകെസിസിയില് നിന്ന് മഹാകവി കട്ടക്കയം സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. 1990ല്‍ കെസിബിസി ബൈബിള്‍ കമ്മീഷനില്‍ നിന്ന് കവിതാചരനയ്ക്ക് പ്രഥമ സമ്മാനവും നേടി. കത്തോലിക്കാ കോണ്‍ഗ്രസ്, കെസിവൈഎം കുടുംബദീപം എന്നിവയുടെ സാഹിത്യ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മൂന്ന് പ്രബന്ധ സമാഹാരങ്ങള്‍ പലപ്പോഴായി കേരളത്തിലെ സര്‍വ്വകലാശാലകള്‍ പാഠ്യഗ്രന്ഥമായി അംഗീകരിച്ചിട്ടുണ്ട്. ഉണ്ണിയേശു എന്ന കാവ്യശില്പം ആകാശവാണി തിരുവനന്തപുരം, തൃശൂര്‍ നിലയങ്ങളില്‍ നിന്ന് പ്രക്ഷേപണം ചെയ്തിട്ടുള്ളതിനു പുറമെ നിരവധി റേഡിയോ പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. 1992 ജൂണ്‍ 5ന് വൈകിട്ട വിഒസിയില് കേരളത്തിലെ കത്തോലിക്കാ മെത്രാന്മാര് എല്ലാവരും ചേര്‍ന്ന് ഉലകംതറയുടെ സഭാ സാഹിത്യ സേവനങ്ങളെ അഭിനന്ദിക്കുകയും ഷഷ്ട്യബ്ദി പൂര്ത്തിയാശംസകള് നേരുകയും ചെയ്തു. 2001 ജൂണ്‍ 5, 6 തീയതികളില്‍ കോട്ടയത്ത് വിപുലമായ തോതില്‍ സപ്തതി ആഘോഷിച്ചു.
1960ല്‍ വിവാഹം. ഭാര്യ ത്രേസ്യാമ്മ (ബിഎബിഎഡ്). ജിയോ, ജിമ്മി, ജോയ്സ് എന്നീ മൂന്നു പുത്രന്മാരും ജാസ്മിന് എന്ന പുത്രിയുമുണ്ട്. ആലീസ് (മേനോമ്പറമ്പില്‍, പട്ടണക്കാട്), ബിന്ദു (പുളിക്കല്‍, അയ്യമ്പള്ളി) എന്നിവരാണ് സ്നുഷമാര്‍. തോമസ് കുട്ടി (കണിയാങ്കുന്നേല്‍) ജാമാതാവുമാണ്. ഇപ്പോള്‍ കോട്ടയം (ചുങ്കം) മള്ളൂശേരി പള്ളിക്കടുത്തു ഉലകംതറയില് താമസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: