കോട്ടയം: വനിതാ കമ്മീഷന് മെഗാ അദാലത്തില്‍ നീതി തേടി അഞ്ചു വയസ്സുകാരനും. മരണഭയമില്ലാതെ ജീവിക്കാന്‍ അവസരം വേണമെന്ന അപേക്ഷയാണ് പിഞ്ചുപൈതലിന്റേത്. വീട്ടുടമയുടെ സഹോദരന് അച്ഛന്റെ ഒത്താശയോടെ അമ്മയെ പീഡിപ്പിച്ചതായും തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നുമാണ് പരാതി. ചൈല്‍ഡ് ലൈന്‍ മുഖാന്തരമാണ് പരാതി വനിതാ കമ്മീഷന് ലഭിച്ചത്. പരാതിയുടെ സങ്കീര്‍ണ സ്വഭാവം പരിഗണിച്ച് അടിയന്തിരമായി അമ്മയെയും കുട്ടിയെയും മാറ്റി താമസിപ്പിക്കാന്‍ വനിതാ കമ്മീഷന് നിര്‍ദ്ദേശിച്ചു. കേസ് വിശദമായ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവിക്ക് കൈമാറും.
തലചായ്ക്കാന്‍ ഇടം നിഷേധിച്ച അമ്മൂമ്മയില്‍ നിന്ന് നീതി തേടി വിവാഹപ്രായമായ കൊച്ചുമകള്‍ അദാലത്തിലെത്തിയതും ശ്രദ്ധേയമായി. അച്ഛന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ വീട്ടില്‍ പ്രവേശനം നിഷേധിച്ചിരുന്ന മകള്‍ക്കും അമ്മയ്ക്കും അയാളുടെ മരണത്തോടെ നേരിടേണ്ടി വന്ന കഷ്ടപ്പാടുകള്‍ ഏറെ. വശങ്ങള് മറച്ച ഉറപ്പില്ലാത്ത ഷെഡ്ഡില്‍ ജീവിതം; പത്താം ക്ലാസ്സു വരെ പഠിച്ച മകള്‍ വീട്ടുജോലി ചെയ്ത് പുലര്‍ത്തുന്ന കുടുംബം. അച്ഛന്റെ സ്വത്തില്‍ അവകാശം ചോദിച്ച മകള്‍ക്ക് സൂചി കുത്താന്‍ ഇടം കൊടുക്കില്ലെന്ന വാശിയുമായി 85കാരിയയായ അമ്മൂമ്മ തര്‍ക്കിച്ചു നിന്ന രംഗങ്ങള്‍ക്കും അദാലത്ത് സാക്ഷ്യം വഹിച്ചു. മേല്പറഞ്ഞ രണ്ടു പരാതികളും കമ്മീഷന് നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് പരിശോധിക്കാന്‍ തീരുമാനിച്ചു. സ്വത്ത് തര്‍ക്കം ഉള്‍പ്പെടെയുള്ള കുടുംബ പ്രശ്നങ്ങളാണ് പരിഗണിച്ച പരാതികളില്‍ കൂടുതലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: